Your Image Description Your Image Description

പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബിഎ ആളൂർ നിര്യാതനായി. വൃക്ക തകരാറിനെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാൻ എത്തിയതോടെയാണ് ബിഎ ആളൂർ എന്ന അഭിഭാഷകനെ ശ്രദ്ധിച്ചു തുടങ്ങുന്നത്. ബിജു ആന്റണി ആളൂർ എന്നാണ് മുഴുവൻ പേര്. തൃശൂർ സ്വദേശിയാണ്. തൃശൂർ സെന്റ് തോമസ് കോളേജിലായിരുന്നു പഠനം.

ഗേവിന്ദച്ചാമിയുടെ കേസിൽ ഹാജരായതോടെ ആളൂരിന് വലിയ മാദ്ധ്യമശ്രദ്ധയാണ് ലഭിച്ചത്. പിന്നീട് കേരളം കണ്ട ക്രൂര ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് വേണ്ടി ഹാജരാകാൻ ആളൂർ പല കോടതികളിലും എത്തി.

ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്ലാമിന് വേണ്ടിയും ആളൂരാണ് ഹാജരായത്. 1999 ൽ ആണ് ആളൂർ അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. ക്രിമിനൽ കേസുകൾക്ക് തന്നെയായിരുന്നു തുടക്കം മുതൽ പ്രാധാന്യം കൊടുത്തത്. ഇലന്തൂർ നരബലിക്കേസിൽ പ്രതിഭാഗം അഭിഭാഷകനാണ്.

2011 ഫെബ്രുവരി ഒന്നിന് ട്രെയിൻ യാത്രയ്ക്കിടെ സൗമ്യയെന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ബിഎ ആളൂർ എന്ന അഭിഭാഷകനെ മലയാളികൾ ശ്രദ്ധിക്കുന്നത്.

മാദ്ധ്യമങ്ങളിൽ അടക്കം ആളൂരിന്റെ പേര് വലിയ രീതിയിൽ ചർച്ച ചെയ്തു. ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ആളൂർ എങ്ങനെ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായി എന്നതിൽ ഇപ്പോഴും ദുരൂഹതയുണ്ട്.
സൗമ്യ കേസിൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചപ്പോഴും കേരള ഹൈക്കോടതി ആ വിധി ശരിവച്ചപ്പോഴും ആളുകൾ ആളൂരിനെ കൂക്കിവിളിച്ചു .

എന്നാൽ കേസ് സുപ്രീം കോടതിയിലെത്തിയപ്പോൾ കളി മാറി. ഗോവിന്ദച്ചാമിയെ തൂക്കുകയറിൽ നിന്നും രക്ഷപ്പെടുത്താൻ ആളൂർ എന്ന വക്കീലിന് സാധിച്ചു. ഇതോടെ ആളൂർ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന അഭിഭാഷകനായി മാറി. മാദ്ധ്യമശ്രദ്ധ ലഭിക്കുന്ന എല്ലാ കേസുകളിലും പ്രതികളെ അങ്ങോട്ട് സമീപിച്ച് അഭിഭാഷകനാകാൻ ആളൂർ തയ്യാറായി.

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനിയുടെ കേസിലും ആളൂർ പ്രതിക്ക് വേണ്ടി ഹാജരായി. പിന്നീട് നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് വേണ്ടിയും ഇൻഫോസിസ് വധക്കേസ് പ്രതി ബബൻ സൈക്കയ്ക്കും വേണ്ടി ഹാജരായി.

ഇലന്തൂർ നരബലിക്കേസിലും പ്രതികളുടെ അഭിഭാഷകൻ ആളൂരാണ്. ഇത്രയും പ്രമാദമായ കേസുകൾ കൈകാര്യം ചെയ്യുമ്പോളും ആളൂർ വിവാഹം കഴിച്ചിരുന്നില്ല. തന്റെ പ്രൊഫഷനെയാണ് വിവാഹം കഴിച്ചതെന്നാണ് ആളൂർ പറയുന്നത്.

വിവാഹം തന്റെ ഉയർച്ചയ്ക്ക് തടസമാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. തനിക്ക് രസകരമായി ജീവിക്കാൻ ഭാര്യയും കുട്ടികളും വേണമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പലപ്പോഴും വിവാദ കേസുകളിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകുന്നത് കൊണ്ട് സോഷ്യൽ മീഡിയയിലൂടെ വിമർശനം നേരിടുന്ന വ്യക്തി കൂടിയാണ് ആളൂർ.

Leave a Reply

Your email address will not be published. Required fields are marked *