Your Image Description Your Image Description

സിപിഎമ്മിലും സർക്കാരിലും ഏകാധിപതിയായി മാറിയിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയിൽ വെട്ടിനിരത്തൽ തുടരുകയാണ്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയാണ് ഏറ്റവും പുതിയ ഇര. കേന്ദ്രകമ്മിറ്റിയംഗമെന്ന നിലയ്‌ക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കാനെത്തിയ ശ്രീമതിയെ പിണറായി വിലക്കിയെന്നാണ് പുറത്തുവന്ന വാർത്തകൾ. എഴുപത് വയസ് കഴിഞ്ഞ ശ്രീമതിക്ക് ഇളവു നൽകി കേന്ദ്രകമ്മിറ്റിയിലെടുത്തിരിക്കുന്നത് കേരളത്തിൽ പ്രവർത്തിക്കാനല്ലെന്നാണ് പിണറായിയുടെ നിലപാട്. സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായിരിക്കുന്ന എം.എ. ബേബിയുടെ നിർദ്ദേശപ്രകാരമാണ് ശ്രീമതി സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയത്. എന്നിട്ടും പിണറായിയുടെ വിലക്കിനെതിരെ ബേബിക്ക് ഒന്നും പറയാൻ കഴിയാത്തതിൽ നേതാക്കൾക്കിടയിലും അണികൾക്കിടയിലും അമർഷമുണ്ട്. ശ്രീമതിക്ക് സെക്രട്ടറിയേറ്റിൽ പങ്കെടുക്കാമെന്ന് ആദ്യം പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പിന്നീട് നിശ്ശബ്ദത പാലിച്ചത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കും അറിയാം. ഗോവിന്ദന്റെ സെക്രട്ടറിസ്ഥാനവും പിണറായിയുടെ ഭിക്ഷയാണല്ലോ. വിലക്കില്ലെന്ന് ഗോവിന്ദവും ബേബിയുമൊക്കെ പറയുമ്പോഴും ശ്രീമതിയുടെ ചീട്ട് പിണറായി കീറിയിരിക്കുന്നു. തനിക്ക് വെല്ലുവിളി ഉയർത്താനിടയുള്ളവരെയും വിധേയരാവാത്തവരെയും ഇത് ആദ്യമായല്ല പിണറായി ഒതുക്കുന്നത്. തന്റെ നേതൃത്വത്തിലുള്ള ഒന്നാം മന്ത്രിസഭയിൽ അംഗമായിരുന്ന ജി. സുധാകരനും തോമസ് ഐസക്കിനുമൊക്കെ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുപോലും നൽകാതിരുന്നത് പിണറായിയുടെ തീരുമാനമായിരുന്നുവത്രേ. കെ.കെ. ശൈലജയെപ്പോലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചുവന്നവർക്ക് മന്ത്രിസഭയിൽ ഇടം നൽകിയതുമില്ല. തന്നെ അനുസരിക്കാത്തതിനുള്ള ശിക്ഷയാണിതെന്ന് ഒന്നിലധികം തവണ പിണറായി പറയാതെ പറഞ്ഞിട്ടുമുണ്ട്. സർക്കാരിൽ മാത്രമല്ല, പാർട്ടിയിലും തന്നിഷ്ടം നടപ്പാക്കാനാണ് പിണറായി ശ്രമിക്കുന്നത്. തന്നോടു മാത്രമല്ല, തന്റെ കുടുംബത്തോടും വിധേയത്വം കാട്ടുന്ന നേതാക്കൾ മാത്രം സിപിഎമ്മിൽ മതിയെന്ന മനോഭാവമാണ് പിണറായി പുലർത്തുന്നത്. ശ്രീമതിക്ക് വിനയായതും ഇതാണെന്നു കരുതപ്പെടുന്നു. മാസപ്പടിക്കേസിൽ പ്രതിയായ മകൾ വീണയെ അനുകൂലിക്കാൻ ശ്രീമതി തയ്യാറാവാതിരുന്നതാണ് പിണറായിയുടെ കോപം ക്ഷണിച്ചുവരുത്തിയതെന്നാണ് വിവരം. പാർട്ടിയിലെ പല പ്രമുഖരും അഴിമതിക്കേസിൽ വീണയെ ‘കുറ്റവിമുക്തയാക്കി’ പ്രതികരിക്കുകയുണ്ടായി. ശ്രീമതി ഇങ്ങനെ ചെയ്യാതിരുന്നതിന്റെ പകയാണ് പിണറായിയുടെ വിലക്ക്. സർക്കാരിൽ മാത്രമല്ല, സിപിഎമ്മിലും നടമാടുന്നത് പിണറായി വിജയന്റെ ഏകാധിപത്യമാണെന്ന് ഒരിക്കൽക്കൂടി വ്യക്തമായിരിക്കുകയാണ്. മധുര കോൺഗ്രസിൽ പാർട്ടി ജനറൽ സെക്രട്ടറിയായി എം.എ. ബേബി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടാവും. എന്നാൽ പാർട്ടിയിലെ ആരും തനിക്ക് മേലെയല്ല എന്ന സന്ദേശമാണ് പിണറായി നൽകുന്നത്. പാർട്ടിയിൽ പിണറായിയുടെ വിരുദ്ധ പക്ഷത്ത് നിൽക്കുന്നയാളാണ് എം.എ. ബേബി. ചിലതൊക്കെ ബേബിക്ക് സ്വന്തം നിലയ്‌ക്ക് ചെയ്യാനാവുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നത്. എന്നാൽ ആരായാലും തന്റെ അനുമതിയില്ലാതെ പാർട്ടിയിൽ ഒന്നും നടക്കില്ലെന്ന സന്ദേശമാണ് പിണറായി നൽകിയിരിക്കുന്നത്. കേരളത്തിൽ മാത്രമായി ചുരുങ്ങിയിരിക്കുന്ന സിപിഎം എന്ന പാർട്ടിയുടെ മുതലാളിയാണ് പിണറായി വിജയൻ. പിണറായിയുടെ ഇഷ്ടക്കേട് പിടിച്ചുപറ്റിയാൽ ആർക്കും രക്ഷയില്ല. പാർട്ടിയുടെ ദൽഹിയിലെ കേന്ദ്രകമ്മിറ്റി ഓഫീസുപോലും നടന്നുപോകുന്നത് പിണറായിയുടെ ചെലവിലാണത്രേ. ഇതൊക്കെ അറിയാവുന്നതുകൊണ്ട് തിരുവായ്‌ക്ക് എതിർവായില്ലെന്ന നയം ബേബിക്കു പിന്തുടരേണ്ടിവരും. കേന്ദ്രകമ്മിറ്റിയംഗവും പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ ഭരണാധികാരിയുമായ തനിക്കുമേലെ ഒരു പാർട്ടിയുമില്ലെന്ന് പിണറായി വിജയൻ ആവർത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പാർട്ടിയിൽ വിഭാഗീയത അവസാനിച്ചു എന്ന അവകാശവാദവും തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *