Your Image Description Your Image Description

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് (Hero Motocorp) കൂടുതൽ പണംവാരുന്നതും കമ്മ്യൂട്ടർ ബൈക്കുകളിലൂടെയാണ്. അടുത്തിടെയായി തങ്ങളുടെ മോഡലുകളേയെല്ലാം പുതിയ OBD-2B നിലവാരത്തിലേക്ക് പുതുക്കിപണിയുന്ന തിരക്കിലായിരുന്നു ബ്രാൻഡ്. ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്കിനെയും പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പരിഷ്ക്കരിച്ചിരിക്കുകയാണ് കമ്പനി. ഏറ്റവും പുതിയ 2025 ഹീറോ HF 100 ബൈക്ക് 60,118 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. മുമ്പ് 59,018 രൂപയ്ക്കാണ് മോഡൽ വിപണിയിൽ എത്തിയിരുന്നതെങ്കിൽ ഇത്തവണ 1,100 രൂപയുടെ ചെറിയ വില വർധനവും എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് ലഭിച്ചിട്ടുണ്ട്. സ്റ്റൈലിംഗിൽ മാറ്റങ്ങളൊന്നും വരുത്താതെയാണ് മോഡലിനെ പണികഴിപ്പിച്ചിരിക്കുന്നത്. ഡിസൈനിലും കളർ ഓപ്ഷനിലും ഗ്രാഫിക്‌സിലും നവീകരണങ്ങൾ ഒന്നുമില്ലാത്തതിനാൽ 2025 ഹീറോ HF 100 മുമ്പത്തെപ്പോലെ തന്നെയാണ് കാണപ്പെടുന്നത്. പ്രായോഗികതയിലും വിശ്വാസ്യതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ലളിതവും പ്രവർത്തനപരവുമായ ഒരു രൂപമാണ് ഇതിന് ഉള്ളത്. മുമ്പത്തെപ്പോലെ തന്നെ റെഡ് ബ്ലാക്ക്, ബ്ലൂ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളും ബൈക്കിന് തുടർന്നും ലഭിക്കും. ആധുനിക മോട്ടോർസൈക്കിളുകളിൽ കാണുന്ന മോഡേൺ ഫീച്ചറുകളോ മറ്റ് ആഡംബരങ്ങളോ ഒന്നുമില്ലാത്ത പക്കാ എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളാണിത്. ഇന്ന് പൊതുവേ എല്ലാ ഇരുചക്ര വാഹനങ്ങളിലുമുള്ള ഇലക്ട്രിക് സ്റ്റാർട്ട് പോലും ഇതിൽ കിട്ടില്ലെന്നതും പ്രത്യേകം ഓർമിക്കേണ്ട കാര്യമാണ്. എന്നാൽ അൽപം കൂടി പണംമുടക്കിയാൽ സെൽഫ് സ്റ്റാർട്ടിംഗുള്ള വേരിയന്റ് ഇതിൽ കിട്ടും. ചെറിയ ബജറ്റിൽ അലങ്കോലമില്ലാത്ത സാധാരണയൊരു ബൈക്ക് നോക്കുന്നവർക്ക് കണ്ണുംപൂട്ട് ആശാനെ സ്വന്തമാക്കാം കേട്ടോ. എഞ്ചിൻ ഓഫ് ഓൺ ഫാൾ, സൈഡ്-സ്റ്റാൻഡ് ഡൗൺ എഞ്ചിൻ കട്ട്-ഓഫ് തുടങ്ങിയ ചില സവിശേഷതകൾ ഹീറോ HF 100 മോട്ടോർസൈക്കിളിന് ലഭിക്കുന്നുണ്ട്. ഹെഡ്‌ലാമ്പ്, ടെയിൽലാമ്പ്, ഇൻഡിക്കേറ്റർ തുടങ്ങിയ ലൈറ്റിംഗ് സംവിധാനങ്ങളെല്ലാം ഹാലൊജൻ യൂണിറ്റുകളാണ്. കൺസോളിൽ അനലോഗ് സ്പീഡോമീറ്ററും ഒരു ഫ്യുവൽ ഗേജും മറ്റ് ടെൽടെയിൽ ലൈറ്റുകളുമാണ് ഇടംപിടിച്ചിരിക്കുന്നത്. പരീക്ഷിച്ചു വിജയിച്ച 97.2 സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനുമായാണ് ഏറ്റവും പുതിയ 2025 മോഡൽ ഹീറോ HF 100 മോട്ടോർസൈക്കിൾ വിപണനത്തിന് എത്തുന്നത്. ഏറ്റവും പുതിയ OBD-2B എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് എഞ്ചിൻ നവീകരിച്ചിട്ടുണ്ടെങ്കിലും പെർഫോമൻസ് കണക്കുകളിലൊന്നും കുറവ് വന്നിട്ടില്ലെന്ന് വേണം പറയാൻ. നാല് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ 8,000 ആർപിഎമ്മിൽ 8.02 കരുത്തും 6,000 ആർപിഎമ്മിൽ 8.05 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്പ്ലെൻഡർ സീരീസ്, പാഷൻ പ്ലസ്, HF ഡീലക്സ് എന്നിവയിൽ ഉപയോഗിക്കുന്ന അതേ എഞ്ചിനാണ് ഇതിലും ഒരുക്കിയിരിക്കുന്നത്. മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ രണ്ട്-ഘട്ടമായി ക്രമീകരിക്കാവുന്ന ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുകളുമാണ് ഹീറോ കൊടുത്തിരിക്കുന്നത്. ഹീറോയുടെ കമ്പൈൻഡ് ബ്രേക്കിംഗ് സിസ്റ്റത്തിന്റെ (CBS) പതിപ്പായ IBS എന്ന ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം ഉപയോഗിച്ച് ഇരുവശത്തും ബ്രേക്കിംഗ് ഒരുക്കിയിരിക്കുന്നത്. മുന്നിലും പിന്നിലും 18 ഇഞ്ച് അലോയ് വീലുകളാണ് ഏറ്റവും പുതിയ 2025 ഹീറോ HF 100 മോട്ടോർസൈക്കിളിന് സമ്മാനിച്ചിരിക്കുന്നത്. 110 കിലോഗ്രാം ഭാരംമുള്ള ബൈക്കിന് 9.1 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയും 805 mm സീറ്റ് ഹൈറ്റും, 165 mm ഗ്രൗണ്ട് ക്ലിയറൻസുമാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *