Home » Blog » kerala Max » തെരുവ് യുദ്ധം വേണ്ട; മുഖ്യമന്ത്രി കസേരയ്ക്കായി വിഷയത്തിൽ അണികളെ നിയന്ത്രിക്കാൻ നേതാക്കളോട് അടൂർ പ്രകാശ്
adoor-prakash

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിനുള്ളിൽ നടക്കുന്ന ഗ്രൂപ്പ് പോര് തെരുവിലേക്ക് വ്യാപിച്ചതോടെ മുന്നറിയിപ്പുമായി മുതിർന്ന നേതാക്കൾ. മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള പ്രതിഷേധങ്ങൾ പ്രവർത്തകർ ഉടൻ അവസാനിപ്പിക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ആവശ്യപ്പെട്ടു. ഈ വിജയം ഒരു വ്യക്തിയുടെ മാത്രം നേട്ടമല്ലെന്നും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തെറ്റും ശരിയും തീരുമാനിക്കേണ്ടത് നേതാക്കളാണെന്നും തെരുവ് യുദ്ധത്തിൽ ആരും പങ്കാളികളാകരുതെന്നും അടൂർ പ്രകാശ് പറഞ്ഞു. വിഷയത്തിൽ ഘടകകക്ഷികൾക്കും അഭിപ്രായം പറയാമെന്നും അവരിൽ നിന്ന് അഭിപ്രായങ്ങൾ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇന്ന ആൾ വരണമെന്ന കടുത്ത നിലപാട് ഘടകകക്ഷികളിൽ നിന്ന് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് കടുത്ത വിഭാഗീയ പ്രവർത്തനമാണെന്നും സംഘടനാ മര്യാദകൾ ലംഘിക്കപ്പെടുകയാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി തുറന്നടിച്ചു. തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്ന് അദ്ദേഹം നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി. ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് കീറിയവർ ഒരിക്കലും കോൺഗ്രസുകാരല്ല. എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാലിനെ തള്ളിക്കളയാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയയിലെ ആക്രമണങ്ങളെ ഭയന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മിണ്ടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കൾക്ക് പോരാടാം, എന്നാൽ അത് തെരുവിലേക്ക് നീളരുത്. ഹൈക്കമാൻഡ് തീരുമാനം വന്നാൽ പിന്നെ എതിർശബ്ദങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.