സ്‌കോട്ട്‌ലൻഡിനെതിരായ 3-0 വിജയത്തിന് ശേഷം മിയാമി സ്റ്റേഡിയത്തിൽ നടന്ന ബ്രസീലിന്റെ ആഘോഷങ്ങൾക്കിടെ അപ്രതീക്ഷിതവും വൈകാരികവുമായ നിമിഷങ്ങൾ അരങ്ങേറി. നീണ്ട 20 മാസത്തെ ഇടവേളയ്ക്ക് ശേഷം ബ്രസീൽ ടീമിലേക്ക് മടങ്ങിയെത്തിയ നെയ്മർ തന്റെ വിജയത്തിളക്കം പങ്കുവെക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അബദ്ധം നെയ്മറുടെയും മകന്റെയും കൂടിക്കാഴ്ചയെ അല്പനേരം തടസ്സപ്പെടുത്തി.
വിജയാഘോഷത്തിനിടയിൽ ഗാലറിയിൽ തനിക്കായി ആർപ്പുവിളിക്കുകയായിരുന്ന 14 വയസ്സുകാരൻ മകൻ ഡേവി ലൂക്കയെ കാണാനായി നെയ്മർ സ്റ്റേഡിയത്തിലെ എൻക്ലോസറിന് സമീപത്തേക്ക് നടന്നു. പിതാവിനെ കണ്ട സന്തോഷത്തിൽ ലൂക്ക അദ്ദേഹത്തെ കെട്ടിപ്പിടിക്കാനായി മൈതാനത്തിറങ്ങാൻ ശ്രമിച്ചു. എന്നാൽ, മകനെ ഒരു ആരാധകനായി തെറ്റിദ്ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ ലൂക്കയുടെ വഴി തടഞ്ഞു. ഉദ്യോഗസ്ഥർ ലൂക്കയെ തടയുന്നത് കണ്ട നെയ്മർ ഉടൻ തന്നെ ഇടപെടുകയും, അവൻ തന്റെ മകനാണെന്ന് ഉദ്യോഗസ്ഥർക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.
തുടർന്ന് നെയ്മർ തന്റെ മകനെ ചേർത്തുപിടിച്ചു. കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയായ ലിഗമെന്റ് പരുക്കിന് ശേഷം താൻ നടത്തിയ ഈ തിരിച്ചുവരവ് മകനോടൊപ്പം പങ്കുവെക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിൽ നെയ്മർ വികാരഭരിതനായി പൊട്ടിക്കരഞ്ഞു. അച്ഛനും മകനും തമ്മിലുള്ള ഈ വൈകാരിക നിമിഷം സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകരുടെ കണ്ണുകളെ ഈറനണിയിച്ചു.
മത്സരത്തിലേക്ക് വന്നാൽ, ബ്രസീൽ സമ്പൂർണ്ണ ആധിപത്യമാണ് പുലർത്തിയത്. ഏഴാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ ലീഡ് നേടിയ ബ്രസീലിനായി, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വിനീഷ്യസ് തന്നെ രണ്ടാമതൊരു ഗോളും കൂടി കണ്ടെത്തി. 60-ാം മിനിറ്റിൽ മാത്യൂസ് കുഞ്ഞ മൂന്നാം ഗോൾ കൂടി നേടിയതോടെ സ്‌കോട്ട്‌ലൻഡിന്റെ പ്രതീക്ഷകൾ അവസാനിച്ചു. മത്സരത്തിന്റെ 75-ാം മിനിറ്റിൽ മാത്യൂസ് കുഞ്ഞയ്ക്ക് പകരക്കാരനായാണ് നെയ്മർ കളത്തിലിറങ്ങിയത്. പരുക്കിന് ശേഷം തന്റെ ഫിറ്റ്‌നസ് തെളിയിക്കുന്ന 15 മിനിറ്റ് പ്രകടനം നെയ്മർ പുറത്തെടുത്തു. ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്ന ബ്രസീൽ ഇനി ഹ്യൂസ്റ്റണിൽ നടക്കുന്ന അടുത്ത മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ്.
