പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുണ്ടായതിനെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞ സാഹചര്യത്തിൽ, പാകിസ്ഥാനിൽ ഇന്ധനവിലയിൽ വൻ കുറവ് വരുത്തി. പെട്രോൾ ലിറ്ററിന് 74 പാകിസ്ഥാൻ രൂപയും ഡീസലിന് 67 രൂപയുമാണ് കുറച്ചതെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രഖ്യാപിച്ചു. ഇതോടെ പെട്രോൾ വില 299.78 രൂപയായും (ഏകദേശം 101 ഇന്ത്യൻ രൂപ) ഡീസൽ വില 311.78 രൂപയായും (ഏകദേശം 105 ഇന്ത്യൻ രൂപ) കുറഞ്ഞു.
നേരത്തെ യുദ്ധത്തെത്തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 110-120 ഡോളർ വരെ ഉയർന്നപ്പോൾ പാകിസ്ഥാനിൽ ഇന്ധനവില കുത്തനെ വർദ്ധിപ്പിച്ചിരുന്നു. അന്ന് പെട്രോൾ വില 458.4 രൂപയിലേക്കും ഡീസൽ 520.35 രൂപയിലേക്കും എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ആഗോള വിപണിയിൽ എണ്ണവില 80 ഡോളറിന് താഴേക്ക് എത്തിയതിന്റെ ആനുകൂല്യം ജനങ്ങൾക്ക് ലഭ്യമാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
സാമ്പത്തിക സാഹചര്യത്തിലെ പുരോഗതി ജനങ്ങളിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലും ജനങ്ങൾ പ്രകടിപ്പിച്ച ക്ഷമയും ധൈര്യവും എടുത്തുപറഞ്ഞ അദ്ദേഹം, ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സർക്കാർ പൂർണ്ണമായി മനസ്സിലാക്കുന്നുണ്ടെന്നും വ്യക്തമാക്കി.
