ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട ഉത്പാദന കേന്ദ്രമായ നാമക്കലിൽ മുട്ടവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. വെള്ളിയാഴ്ച ഒരു മുട്ടയ്ക്ക് 6.45 രൂപയാണ് നാഷണൽ എഗ് കോർഡിനേഷൻ കമ്മിറ്റി നിശ്ചയിച്ച മൊത്തവില. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5.40 രൂപയായിരുന്നു വില. 2025 ഡിസംബറിൽ രേഖപ്പെടുത്തിയ 6.40 രൂപ എന്ന റെക്കോർഡ് തകർത്തുകൊണ്ടാണ് ഇപ്പോൾ പുതിയ ഉയരത്തിലെത്തിയത്.
ജൂൺ അഞ്ചിന് ശേഷമാണ് മുട്ടവിലയിൽ കുത്തനെ വർധനവുണ്ടായത്. ദിവസവും ശരാശരി അഞ്ച് പൈസ മുതൽ പത്ത് പൈസ വരെയാണ് വർധിക്കുന്നത്. മൊത്തവില 6.45 രൂപയാണെങ്കിലും, ചില്ലറ വിപണിയിൽ പലയിടത്തും എട്ടു രൂപ വരെയാണ് ഈടാക്കുന്നത്. രാജ്യത്തുടനീളം മുട്ടയ്ക്കുള്ള ഡിമാൻഡ് വർധിച്ചതാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് തമിഴ്‌നാട് പൗൾട്രി ഫാർമേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ മൊത്തവില ഏഴ് രൂപയിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നാമക്കൽ മേഖലയിൽ പ്രതിദിനം ശരാശരി ഏഴ് കോടി മുട്ടകളാണ് ഉത്പാദിപ്പിക്കുന്നത്. യുദ്ധ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഒരു കോടി മുട്ടകൾ കയറ്റി അയച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 25 ലക്ഷം മുട്ടകൾ മാത്രമാണ് പോകുന്നത്. എങ്കിലും, ബാക്കി വരുന്ന മുട്ടകൾ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഉൾപ്പെടെ വിതരണം ചെയ്യുന്നതിനാൽ കർഷകർക്ക് വലിയ നഷ്ടമുണ്ടായിട്ടില്ല. തമിഴ്‌നാടിന് പുറമെ കേരളം, കർണാടകം, പുതുച്ചേരി തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഉത്തരേന്ത്യൻ വിപണികളും മുട്ടയ്ക്കായി നാമക്കലിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
