കൊല്ലം ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടെ മരം വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. വിളക്കുപാറ ഇടക്കൊച്ചി സ്വദേശിനി സരിത (37) ആണ് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച രാവിലെ എസ്റ്റേറ്റിൽ കാടുവെട്ടിത്തെളിക്കുന്ന ജോലിക്കിടെ കനത്ത മഴ പെയ്തപ്പോൾ സമീപത്തെ മരച്ചുവട്ടിൽ അഭയം പ്രാപിച്ചതായിരുന്നു സരിതയും മറ്റ് തൊഴിലാളികളും.
ഈ സമയം കാറ്റിൽ ഒടിഞ്ഞുവീണ ആഞ്ഞിലിമരം സമീപത്തെ എണ്ണപ്പനയുടെ മുകളിലേക്ക് പതിക്കുകയും, പന ഒടിഞ്ഞ് സരിതയുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. ഉടൻതന്നെ നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
