Your Image Description Your Image Description

റിലീസിന് പിന്നാലെ ഗംഭീര അഭിപ്രായമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ തുടരും സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏത് സിനിമയിലും നായകനൊപ്പം നിൽക്കുന്ന വില്ലൻ ഉണ്ടെങ്കിൽ തന്നെയേ വിജയം ഉണ്ടാകുകയുള്ളൂ. തുടരുമിലും മോഹൻലാലിൻറെ പ്രകടനത്തോട് കട്ടയ്ക്ക് നിന്ന വില്ലനായിരുന്നു പ്രകാശ് വർമ. ആരാണ് സിനിമയിലെ ജോർജ് സാർ എന്ന് പലരും തിരക്കുന്ന കൂട്ടത്തിൽ കണ്ടാൽ ഒന്ന് കൊടുക്കാൻ തോന്നുന്ന വില്ലൻ, പെർഫെക്റ്റ് കാസ്റ്റിംഗ്, മികച്ച പ്രകടനം തുടങ്ങി പ്രകാശ് വർമയുടെ കഥാപാത്രത്തിന് മികച്ച അഭിപ്രായവും ലഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയിലേക്ക് പ്രകാശ് വർമ എത്തിയതിനെക്കുറിച്ച് പറയുകയാണ് നടനും സിനിമയുടെ കോ ഡയറക്ടറുമായ ബിനു പപ്പു.

തരുൺ തന്നെയാണ് പ്രകാശ് വർമയെ കാസ്റ്റ് ചെയ്‌തതെന്നും അഭിനയിച്ചിട്ടില്ലെങ്കിലും ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിലെ തുടക്കത്തിലേ നരേഷൻ നൽകിയ ശബ്ദം അദ്ദേഹത്തിന്റേതാണെന്നും ബിനു പപ്പു പറഞ്ഞു. സിനിമയുടെ റിലീസിന് മുൻപ് പ്രകാശ് വർമയുടെ ഒരു പോസ്റ്ററും പങ്കുവെക്കാതിരുന്നതിന് കാരണവും ഈ ഓളം ഉണ്ടാകാനാണെന്നും തനിക് വരുന്ന മെസ്സേജുകളിൽ ഭൂരിഭാഗവും ആരാണ് ജോർജ് സാർ എന്നറിയാൻ ആണെന്നും ബിനു പപ്പു പറഞ്ഞു. കൗമുദി മൂവിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘മെയിൻ വില്ലനായ ജോർജ് സാറിനെ അവതരിപ്പിക്കാൻ പുതിയ ഒരാൾ വേണമെന്ന് ആദ്യമേ നിർബന്ധമുണ്ടയിരുന്നു. തരുണിന്റെ സ്വഭാവം എങ്ങനെയാണെന്ന് വെച്ചാൽ ആരെയെങ്കിലും കണ്ടാൽ അയാളെ പുതിയ സിനിമയിൽ കഥാപാത്രമായി സങ്കൽപ്പിക്കും. പിന്നീട് എന്ത് ചെയ്തിട്ടാണെങ്കിലും അയാളെക്കൊണ്ട് അഭിനയിപ്പിക്കും. തരുൺ തന്നെയാണ് പ്രകാശ് വർമയിലേക്ക് എത്തുന്നത്. സിനിമയുടെ കഥ പറയാൻ ചെന്നപ്പോൾ കൊണ്ട് പോകുന്നത് പോലെ തിരിച്ച് കൊണ്ട് തരണമെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞതിന് കാരണം അടി ഇടി എന്നൊക്കെ കേട്ടത് കൊണ്ടാണ്. സിനിമയിൽ അഭിനയിച്ചിട്ടില്ല എന്നേയുള്ളൂ ഇതിന് മുൻപ് ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിൽ ശബ്ദം കൊടുത്തിട്ടുണ്ട്. ആ സിനിമയുടെ തുടക്കത്തിലേ നരേഷൻ പ്രകാശ് വർമയുടെതാണ്.

പ്രകാശ് വർമ നല്ലൊരു ആഡ് ഫിലിം ഡയറക്ടർ ആണ്. ഇഷ്ടം പോലെ പരസ്യങ്ങൾ പുള്ളി ചെയ്തിട്ടുണ്ട്. ഹച്ച്, വോഡഫോൺ സൂ സൂ, മഹീന്ദ്ര പരസ്യങ്ങൾ അദ്ദേഹം ചെയ്തതാണ്. എനിക്ക് വരുന്ന മെസ്സേജുകളിൽ ഞാൻ നന്നായിട്ടുണ്ട് എന്ന് പറഞ്ഞിട്ട് ആരാണ് ചേട്ടാ ആ ജോർജ് സാർ എന്നാണ് ചോദിക്കുന്നത്. അദ്ദേഹത്തിന്റെ ഒരു പോസ്റ്ററും റിലീസിന് മുൻപ് പങ്കുവെക്കാതിരുന്നത് ഈ ഓളം ഉണ്ടാക്കാനാണ് ,’ ബിനു പപ്പു പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *