Your Image Description Your Image Description

കരിപ്പൂര്‍ വിമാനത്താവളം വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പഴം പച്ചക്കറി കയറ്റുമതി നടത്തുന്നതിനായി കൂടുതല്‍ സൗകര്യം ഒരുക്കണമെന്ന് ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതിനായി കാര്‍ഗോ കോംപ്ലക്സില്‍ ആവശ്യമായ സൗകര്യം ഒരുക്കണമെന്നും പി അബ്ദുല്‍ ഹമീദ് അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കഞ്ഞിപ്പുര – മൂടാല്‍ ബൈപാസ് നിര്‍മാണം അവസാന ഘട്ടത്തിലാണെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്സി. എഞ്ചിനിയര്‍ യോഗത്തെ അറിയിച്ചു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. റീട്ടെയ്നിങ് വാള്‍, ഡ്രൈനേജ് എന്നിവ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും എക്സി. എഞ്ചിനിയര്‍ അറിയിച്ചു. ഭൂമി തരംമാറ്റുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും പി ഉബൈദുല്ല എംഎല്‍എ ആവശ്യപ്പെട്ടു. സംസ്ഥാന ബജറ്റില്‍ മലപ്പുറം മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച റോഡ് പുനരുദ്ധാരണ പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച് പി ഉബൈദുല്ല എംഎല്‍എ യോഗത്തില്‍ ആരാഞ്ഞു. 28 പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ 20 പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ടെന്നും എല്‍.എസ്.ജി.ഡി എക്സി. എഞ്ചിനിയര്‍ അറിയിച്ചു. 15 പ്രവര്‍ത്തികളുടെ ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മഞ്ചേരി ബൈപാസ് തേര്‍ഡ് റീച്ച് പ്രവൃത്തിക്കായുള്ള ടെന്‍ഡര്‍ രണ്ടുദിവസത്തിനകം തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകളുടെ വിഭാഗം എക്‌സി. എഞ്ചിനീയര്‍, അഡ്വ. യു.എ ലത്തീഫ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു. മഴക്കാലത്തിനു മുമ്പായി ബി.എം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ബജറ്റില്‍ തുക വകയിരുത്തിയ മഞ്ചേരി സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ ചെരണി വരെയുള്ള റോഡ് നവീകരണത്തിന്റെ എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പിന്റെ കൂട്ടിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നാല്‍ ഭരണാനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു. മുള്ളമ്പാറ – കോണികല്ല് റോഡിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മഞ്ചേരി – ഒലിപ്പുഴ റോഡില്‍ പാണ്ടിക്കാട് സെന്‍ട്രല്‍ ജങ്ഷന്‍ – മേലാറ്റൂര്‍ റോഡില്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ സൂചനാബോര്‍ഡുകള്‍, റിംപിള്‍ സ്ട്രിപ് എന്നിവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അഡ്വ. യുഎ ലത്തീഫ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *