Your Image Description Your Image Description

മഴക്കാലം എത്തും മുമ്പേ ശുചീകരണ പ്രവർത്തനങ്ങളും വ്യാപിക്കാൻ ഇടയുള്ള രോഗങ്ങളും മുൻകൂട്ടി കണ്ട് പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ മുന്നൊരുക്കം മിനി സിവിൽസ്റ്റേഷൻ ഹാളിൽ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഴ നേരത്തെയാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് എല്ലാ നടപടികളും വേഗത്തിലാക്കണം. എം.സി റോഡിലെ വിവിധ ഭാഗങ്ങൾ, കൊട്ടാരക്കര ടൗൺ, കോടതി വളപ്പ്, നെടുവത്തൂർ പഞ്ചായത്തിലെ തേവലപ്പുറം, കുളക്കട ആറിൻ്റെ തീരം, നെല്ലിക്കുന്ന്, വെളിയം തുടങ്ങിയ വെള്ളക്കെട്ട് ഉണ്ടാകുന്ന റോഡുകളിൽ ജലം കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കെ.എ.പി കനാലിലെ ചോർച്ച ഉണ്ടാകുന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ ഊർജിതമാക്കണം. മലയോരമേഖലകളിൽ മഴപെയ്യുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ, വൈദ്യുത കമ്പി പൊട്ടിവീണു ഉണ്ടാകുന്ന അപകടങ്ങൾ എന്നിവ തടയുന്നതിന് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. വെള്ളം കയറുന്ന തോടിൻ്റെയും ആറിൻ്റെയും തീരങ്ങളിൽ ശരിയായ പരിശോധന നടത്തി വെള്ളപ്പൊക്കം തടയുന്നതിന് ജലസേചന വകുപ്പിനും , ഓടകളിലെ മാലിന്യം നീക്കുന്നതിനും അറ്റകുറ്റപ്പണി ഊർജിതമായി നടത്തുന്നതിനും ബന്ധപ്പെട്ട മരാമത്ത് ഉദ്യോഗസ്ഥർക്കും മന്ത്രി നിർദേശം നൽകി.

പോലീസ്, ഫയർഫോഴ്സ്, എൻ എച്ച്, കെഎസ്ഇബി, ആരോഗ്യം, ത്രിതല പഞ്ചായത്തുകൾ തുടങ്ങിയ വിവിധ വകുപ്പുകൾ സ്വീകരിച്ച മഴക്കാലപൂർവ്വ മുന്നൊരുക്കങ്ങൾ മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധിച്ചു. വിവിധ വകുപ്പുകൾ ഉന്നയിച്ച മഴക്കാലപൂർവ്വ മുന്നൊരുക്കങ്ങൾക്ക് തടസ്സം നിൽക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തരപരിഹാരം കാണുന്നതിനുള്ള നടപടികൾക്ക് നിർദ്ദേശവും നൽകി.

റൂറൽ എസ് പി സാബു മാത്യു , കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ ഉണ്ണികൃഷ്ണ മേനോൻ, കൊട്ടാരക്കര ബ്ലോക്ക് പ്രസിഡൻറ് അഭിലാഷ്, വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രശാന്ത്, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ജ്യോതി, കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുവിധ, മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജി നാഥ്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *