Your Image Description Your Image Description

ഡല്‍ഹി: പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ഇന്ത്യയില്‍ സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്ങ് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. സംഘടനയുടെ ജനറല്‍ സെക്രട്ടറി അശോക് ദുബെ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാക് കലാകാരന്മാരുമായി സഹകരിക്കുന്നവര്‍ക്ക് രാജ്യദ്രോഹക്കുറ്റം നേരിടേണ്ടിവരുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

‘ഇതൊരു ദേശീയ താല്‍പ്പര്യ വിഷയമായതിനാല്‍, രാജ്യമാണ് ഒന്നാമത്. നമ്മുടെ വിനോദസഞ്ചാരികള്‍ക്ക് നേരെ പഹല്‍ഗാമില്‍ നടന്ന സമീപകാല ആക്രമണം ഉള്‍പ്പെടെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ ലജ്ജാകരമാണ്. ഞങ്ങളുടെ ഏതെങ്കിലും അംഗങ്ങള്‍ പാക് കലാകാരന്മാരുമായോ സാങ്കേതിക വിദഗ്ധരുമായോ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയാല്‍, അവര്‍ക്കെതിരെ നടപടിയെടുക്കുകയും അവരുമായുള്ള സഹകരണം അവസാനിപ്പിക്കുകയും ചെയ്യും. ബന്ധപ്പെട്ട എല്ലാ അസോസിയേഷനുകള്‍ക്കും ഔദ്യോഗികമായി കത്തുകള്‍ അയയ്ക്കുന്നുണ്ട്’, അശോക് ദുബെ പറഞ്ഞു.

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ആരെങ്കിലും വീണ്ടും ഏര്‍പ്പെടുന്നതായി കണ്ടെത്തിയാല്‍, അവരെ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. കേന്ദ്രമന്ത്രിക്കയച്ച കത്തില്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍നിന്നുള്ള അംഗങ്ങള്‍ പാക് കലാകാരന്മാരുമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും അവര്‍ ഭാവിയില്‍ ഇത്തരത്തില്‍ ചെയ്യുന്നതിന് മുന്‍പ് ആയിരം തവണ ചിന്തിക്കുമെന്നും ദുബെ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *