Your Image Description Your Image Description

ആലപ്പുഴ ബീച്ചിലെ ലഹരിമരുന്ന് വില്‍പ്പന, സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍ എന്നിവ തടയാനും ജില്ലയിലെ എല്ലാ   ബീച്ചുകളും   സുരക്ഷിതമാക്കാനും  വേണ്ട നടപടി  സ്വീകരിക്കാൻ ജില്ല വികസന സമിതി   യോഗം

നിർദ്ദേശം നൽകി. ജില്ല കളക്ടർ അലക്സ് വർഗ്ഗീസിൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

ആലപ്പുഴ ബീച്ചിലെ
അനധികൃത കച്ചവടം നിയന്ത്രിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും    അമ്പലപ്പുഴ, ആലപ്പുഴ എംഎൽഎമാരുടെ സാന്നിധ്യത്തിൽ  ബന്ധപ്പെട്ട  വകുപ്പുകളുടെ യോഗം വിളിച്ചു ചേർക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനമായി.

ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് സുഗമമായ സഞ്ചാരം ഉറപ്പു വരുത്തണമെന്നും പൊതുപരിപാടികൾ  നടത്താൻ കഴിയുന്ന തരത്തിൽ  ക്രമീകരണം ഉണ്ടാവണമെന്നും പി.പി.ചിത്തരഞ്ജൻ  എം എൽ എ യോഗത്തിൽ പറഞ്ഞു.

ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനായി പൊലീസും എക്സൈസും  ആലപ്പുഴ ബീച്ചിൽ സംയുക്ത പരിശോധന ശക്തമാക്കുകയും അഞ്ച്  എൻഡിപിഎസ് കേസുകളിലായി 3.389 കിലോ ഗ്രാം കഞ്ചാവും 15 കോട്പ കേസുകളും കണ്ടെത്തിയിട്ടുണ്ട് എന്ന്  ആലപ്പുഴ  എക്സൈസ്‌  കമ്മീഷണർ  യോഗത്തെ അറിയിച്ചു . പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സുമായും ചേർന്ന് സംയുക്ത പരിശോധനയും ഹോം സ്റ്റേ, റിസോർട്ട് പരിശോധനയും നടത്തിയിട്ടുണ്ട്. തുടർന്നും പരിശോധന ശക്തമാക്കുമെന്നും  അറിയിച്ചു.

ആലപ്പുഴ  ബീച്ചിൽ   അനധികൃതമായി പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി അധികം സ്ഥലം ഉപയോഗിക്കുന്നതും  യഥാർത്ഥ ലൈസൻസികൾ അല്ലാത്തവർ  കച്ചവടം നടത്തുന്നതും പരിശോധിക്കുന്നുണ്ടെന്ന്    ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനയിൽ 14 ലൈസൻസികൾക്ക് എതിരെ നോട്ടീസ്  നൽകി  നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്  പോർട്ട് ഓഫീസർ അറിയിച്ചു .
അമ്പലപ്പുഴ ഭക്ഷ്യ സുരക്ഷ ഓഫീസറുടെ നേതൃത്വത്തിൽ  ബീച്ചിലെ കടകളിൽ വിൽപ്പന നടത്തുന്ന ഭക്ഷണപദാർത്ഥങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് നടത്തിയ പരിശോധനയിൽ വൃത്തികരമല്ലാത്തതും അനധികൃതമായി മായം ചേർക്കുന്നതും ശ്രദ്ധയിൽപ്പെടുകയും ഇത്തരത്തിലുള്ള 10ഓളം കച്ചവടകാർക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും  ചെയ്തതായി പോർട്ട് ഓഫീസർ അറിയിച്ചു.

മഴക്കാലത്തിനു മുന്നോടിയായി ആലപ്പുഴ നഗരത്തിലെ ഓടകളിലെ മണ്ണ് നീക്കം ചെയ്ത് വെള്ളകെട്ട് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്  നിർദ്ദേശം നൽകണമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ ആവശ്യപ്പെട്ടു.

അനധികൃത നിലംനികത്തൽ ,  പുറമ്പോക്കു കൈയേറ്റം  എന്നിവക്കെതിരെ  കര്‍ശന നടപടി സ്വീകരിക്കണമെന്ന്  ജില്ലാ വികസന സമിതി യോഗത്തില്‍ എച്ച് സലാം എം എൽ എ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട  നിയമ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും എം എൽ എ പറഞ്ഞു. അനധികൃത നിലം നികത്ത് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന് താലൂക്ക് തലത്തിൽ പ്രത്യേകം സ്ക്വാഡ് രൂപീകരിച്ച് തുടർനടപടികൾ സ്വീകരിച്ചു വരുന്നു എന്ന്  ഭൂപരിഷ്കരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജില്ലാ വികസന സമിതിയെ അറിയിച്ചു.കൈതവന പഴയനടക്കാവ് റോഡിൻ്റെ ശേഷിക്കുന്ന നിർമ്മാണം തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ ജില്ലാ വികസന സമിതി യോഗത്തിൽ എച്ച് സലാം എംഎൽഎയെ അറിയിച്ചു.

നിലവിലുള്ള പാലത്തിൻ്റെ കിഴക്ക് വശം പുന്നമട റോഡിലെ പൈലിങ് പ്രവർത്തികൾ പുരോഗമിക്കുന്നു. ആകെയുള്ള 168 പൈലുകളിൽ 30 എണ്ണം പൂർത്തീകരിച്ചു. പഴയ ബോട്ട് ജെട്ടി പൊളിച്ചു നീക്കുന്നത് അവസാന ഘട്ടത്തിലാണ്. വാടക്കനാലിനു കറുകെയുള്ള ഡീവിയേഷൻ റോഡിൻ്റെ പ്രവർത്തി പൂർത്തീകരിച്ചു. ജില്ലാ കോടതി പാലം നിർമ്മാണവുമായി ബന്ധപ്പെട്ട എച്ച് സലാം എം എൽ എ  യുടെ  ചോദ്യത്തിന്  ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മറുപടി നൽകി.

കാക്കത്തുരുത്ത് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഏറ്റെടുത്ത ഭൂമി കെ ആർ എഫ് ബിയ്ക്ക് കൈമാറി കിട്ടി. ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിനായി എംഎസ്ടിസി  മുഖേനയുള്ള ലേല നടപടികൾ പുരോഗമിക്കുന്നുവെന്ന് കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ
ദലീമ എംഎൽഎയെ അറിയിച്ചു.

അരൂക്കുറ്റി മുതൽ ചേർത്തല വരെയുള്ള റോഡുകളിൽ അപകടം പതിവാകുന്ന സാഹചര്യം ദലീമ എംഎൽഎ വികസന സമിതി യോഗത്തിൽ അറിയിച്ചു. ചേർത്തല – അരുക്കുറ്റി റോഡിലെ വളവുകളിലെ  അപകടസാധ്യത കുറയ്ക്കുന്നതിനായി നിലവിലുളള   പ്രവർത്തിയിൽ ഉൾപ്പെടുത്തി റംബിൾ സ്ട്രിപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തിയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്ന പ്രവർത്തിയും നിലവിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നതായി  എക്സിക്യൂട്ടീവ് എൻജിനീയർ പൊതുമരാമത്ത് വിഭാഗം എം എൽ എ യെ അറിയിച്ചു.

യോഗത്തിൽ ജില്ലയിലെ എംപിമാരും എം.എൽ.എമാരും ഉന്നയിച്ച പ്രശ്നങ്ങളിൽ  മുൻതീരുമാനങ്ങളിലുള്ള നടപടി റിപ്പോർട്ടുകളുടെ അവതരണം നടന്നു. ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന ജില്ലാ വികസന സമിതിയോഗത്തിൽ എംഎൽഎമാരായ പി പി ചിത്തരഞ്ജൻ,  എച്ച് സലാം, ദലീമ, കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രതിനിധി കെ ഗോപകുമാർ തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

സംസ്ഥാന സർക്കാരിൻറെ വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ മെയ് 6 മുതൽ 12 വരെ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണമേള വിജയമാക്കുന്നതിന് ജില്ലയിലെ മുഴുവൻ ഉദ്യോഗസ്ഥരും പ്രവർത്തിക്കണമെന്നും പരമാവധി പങ്കാളിത്തം ഉറപ്പാക്കണമെന്നും വികസന സമിതി യോഗത്തിൽ    ജില്ലാ കളക്ടർ അലക്സ് വർഗീസ്  പറഞ്ഞു. ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾ വികസന സമിതി യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *