Your Image Description Your Image Description

വാഷിങ്ടണ്‍: അമേരിക്കൻ ഭരണകൂടവും ഗൂഗിളും തമ്മിലുള്ള ആന്റി ട്രസ്റ്റ് കേസിന്റെ ഫലമായി ഗൂഗിള്‍ ക്രോം ബ്രൗസര്‍ വില്‍ക്കാന്‍ ആല്‍ഫബെറ്റ് നിര്‍ബന്ധിതരായാല്‍ ക്രോം ബ്രൗസര്‍ ഏറ്റെടുക്കാമെന്ന് അറിയിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഓപ്പണ്‍ എഐ. കേസിലെ വിചാരണയ്ക്കിടെയാണ് ചാറ്റ് ജിപിടിയുടെ പ്രൊഡക്ട് മേധാവി നിക്ക് ടര്‍ലി ക്രോം ബ്രൗസര്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌തു.

എന്നാൽ കേസിൽ വിചാരണ നടന്നുവരികയാണ്. നിലവില്‍ ക്രോം ബ്രൗസര്‍ വില്‍ക്കാന്‍ ഗൂഗിള്‍ തയ്യാറാവുകയോ കമ്പനിയോട് കോടതി അതിന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഗൂഗിളിന്റെ വിപണിയിലെ കുത്തക അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം കമ്പനിയെ വിഭജിക്കുകയാണെന്നാണ് അമേരിക്കൻ നീതിന്യായ വകുപ്പ് കോടതിയെ അറിയിച്ചത്. വെബ് സെര്‍ച്ച് രംഗത്ത് ഗൂഗിളിന്റെ കുത്തക അവസാനിപ്പിച്ച് ശരിയായ മത്സരം പുനഃസ്ഥാപിക്കണമെങ്കില്‍ ഗൂഗിളിന്റെ ക്രോം ബ്രൗസര്‍ വില്‍ക്കാന്‍ കമ്പനിയെ നിര്‍ബന്ധിക്കണമെന്നും എതിരാളികളായ മറ്റ് കമ്പനികള്‍ക്ക് വിപണിയില്‍ അവസരം നല്‍കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ സെര്‍ച്ച് വിപണിയും സെര്‍ച്ച് ടെക്സ്റ്റ് പരസ്യങ്ങളും ഗൂഗിള്‍ നിയമവിരുദ്ധമായി കുത്തകവത്കരിച്ചുവെന്ന് കൊളംബിയ ജില്ലാ കോടതി വിധിച്ചിരുന്നു. ഒരു വര്‍ഷത്തെ വാദപ്രതിവാദത്തിന് ശേഷമാണ് ജഡ്ജി അമിത് മേത്ത കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് വിധി പ്രസ്താവിച്ചത്.

ഈ കേസില്‍ മികച്ച പരിഹാരം തീരുമാനിക്കുന്നതിന് സര്‍ക്കാരിന്റെയും കമ്പനിയുടെയും വാദം കേള്‍ക്കുകയാണ് കോടതി.

Leave a Reply

Your email address will not be published. Required fields are marked *