Your Image Description Your Image Description

ഹൈദരാബാദ്: കശ്മീരിലെ വിനോദ സഞ്ചാര മേഖലയെ പൂർണമായും തകർത്തെറിഞ്ഞ് പഹൽഗാമിലെ ഭീകരാക്രമണം. കശ്മീർ താഴ്‌വരയിൽ അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്ന നിരവധി വിനോദ സഞ്ചാരികൾ ഇതോടെ യാത്രകൾ റദ്ദാക്കി. പലരും തിരികെ നാട്ടിലേക്ക് മടങ്ങി. ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തിൽ 29 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പഹൽഗാം ഭീകരാക്രമണത്തിന്റെ വാർത്ത പരന്നതോടെ ജമ്മു കശ്മീരിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിട്ടിരുന്ന ആളുകൾ ഹോട്ടൽ, വിമാന ബുക്കിംഗുകൾ റദ്ദാക്കാൻ നിരന്തരമായി വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു.

ഹൈദരാബാദിൽ നിന്ന് നിരവധി ആളുകൾ എല്ലാ വർഷവും കശ്മീർ സന്ദർശിക്കാറുണ്ട്. ഇവരെല്ലാം തിരികെ മടങ്ങി. അടുത്ത 10 ദിവസത്തേക്ക് ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ കശ്മീർ യാത്രകളും റദ്ദാക്കിയതായി സ്കൈലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം റിപ്പോർട്ട് ചെയ്തു. കശ്മീർ താഴ്‌വരയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതി അടുത്തിടെ പൂർത്തീകരിച്ചിരുന്നു.

ഇതോടെ കശ്മീരിലേയ്ക്കുള്ള ട്രെയിൻ യാത്രകൾ കൂടുതൽ സൗകര്യപ്രദമായി മാറി. ഇത് കശ്മീരിലെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണര്‍വ് നൽകിയതിന് പിന്നാലെയാണ് ഭീകരാക്രമണം. ഇതോടെ ടൂറിസം മേഖലയെ ചുറ്റിയുള്ള കാശ്മീരിലെ വ്യാപാരികൾ അടക്കമുള്ളവർ പ്രതിസന്ധിയിലാവുകയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *