Your Image Description Your Image Description

ഇഎംഎസിനെയും ഇ കെ നായനാരെയും കേരള നിയമസഭയിലേക്കെത്തിച്ച തൃക്കരിപ്പൂരിന്റെ മണ്ണില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. പ്രതിസന്ധികള്‍ക്കിടയില്‍ തളരാതെ സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വികസന നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.ദേശീയപാത നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. യുഡിഎഫ് ഉപേക്ഷിച്ച പദ്ധതിക്ക് ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരാണ് ജീവന്‍ പകര്‍ന്നത്. 2016 ല്‍ യുഡിഎഫ് തന്നെ അധികാരത്തില്‍ വന്നിരുന്നതെങ്കില്‍ ദേശീയപാത യഥാര്‍ത്ഥ്യമാകില്ലായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടക്കില്ലെന്ന് കരുതിയിരുന്ന പല പദ്ധതികളും ഇപ്പോള്‍ യാഥാര്‍ത്ഥ്യമാവുകയാണ്. യുഡിഎഫ് ഉപേക്ഷിച്ച ഗെയില്‍ പൈപ്പ് ലൈനില്‍ പൂര്‍ത്തീകരിച്ച് അടുക്കളയില്‍ ഗ്യാസ് എത്തിച്ചു. എടമണ്‍ – കൊച്ചി പവര്‍ ഹൈവേ പൂര്‍ത്തിയായതോടെ വൈദ്യുതി പ്രതിസന്ധികള്‍ക്ക് വലിയ ആശ്വാസമായി. കോവളം – ബേക്കല്‍ ജലപാത യാഥാര്‍ത്ഥ്യത്തോട് അടുക്കുകയാണ്. ലൈഫ് മിഷനിലൂടെ വീട് ലഭിച്ചവരുടെ എണ്ണം 5 ലക്ഷത്തോട് അടുക്കുകയാണെന്നും നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ കേരളത്തിനെതിരെ നിഷേധാത്മകമായ നിലപാടുകള്‍ സ്വീകരിച്ചപ്പോഴും സഹായങ്ങള്‍ തടഞ്ഞുവെച്ചപ്പോഴും കേരളം മുന്നോട്ടുപോയി. കേരളം കൂടുതല്‍ തകരട്ടെയെന്ന നശീകരണ വികാരമാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് സ്വീകരിച്ചത്. സംസ്ഥാനത്ത് കടക്കെണി എന്ന പ്രചരണം വികസന വിരുദ്ധ അജണ്ടയുടെ ഭാഗമാണ്. എന്നാല്‍ ജനങ്ങള്‍ സര്‍ക്കാരുമായി സഹകരിച്ചു. അതിന്റെ ഭാഗമാണ് ഇന്ന് നടക്കുന്ന വികസന പദ്ധതികളെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് നിരവധി ശാപവചനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനെയെല്ലാം അതിശക്തമായി നേരിടുകയും നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കുകയുെ ചെയ്തു. അങ്ങനെയാണ് പശ്ചാത്തല വികസന രംഗത്ത് കേരളം അത്ഭുതകരമായ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *