Your Image Description Your Image Description

കൊച്ചി: വിഷരഹിതമായ ഭക്ഷണം മെച്ചപ്പെട്ട വിലയ്ക്ക് വിപണനം നടത്താൻ ബ്രാൻഡഡ് ഔട്ട്ലെറ്റുകളായ അ​ഗ്രി ഹൈപ്പർമാർക്കറ്റുകൾ കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടം ഘട്ടമായി ആരംഭിക്കുമെന്ന് മന്ത്രി പി പ്രസാദ്. വി.എഫ്.പി.സി.കെ യുടെ ആഭിമുഖ്യത്തില്‍ അ​ഗ്രി ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുക. കേരള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ ( വി.എഫ്.പി സി) നേതൃത്വത്തില്‍ കാക്കനാട് നിര്‍മ്മാണം പൂര്‍ത്തിയായ തളിര്‍ അഗ്രി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

നിയോജകമണ്ഡലം, ബ്ലോക്ക് അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റു ജനപ്രതികളുടെയും സഹകരണത്തോടെ ഇത്തരം പദ്ധതികള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം പ്രതിവര്‍ഷം 10 ലക്ഷം ടിഷ്യൂകള്‍ച്ചര്‍ വാഴതൈകള്‍ ഉത്പാദിപ്പിക്കുവാന്‍ കഴിയുന്ന ടിഷ്യൂകള്‍ച്ചര്‍ ലാബിന്റെയും, കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നതിനായി നിര്‍മ്മിച്ച മൈത്രി ട്രെയിനിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നുവെങ്കില്‍ വിഷരഹിതമായ ഭക്ഷണം ഉത്പാദിപ്പിക്കുകയാണ് ഏറ്റവും പ്രധാനം. വിഷരഹിതമായി ഉത്പാദിപ്പിക്കുന്ന ഇനങ്ങള്‍ മെച്ചപ്പെട്ട വിലയ്ക്ക് ലഭ്യമാക്കുന്നതിനും വിപണനം നടത്താന്‍ പറ്റുന്ന തരത്തില്‍ ഒരു ബ്രാന്‍ഡഡ് ഔട്ട്‌ലെറ്റ് ഉണ്ടാവണം. ഈ ആശയത്തില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും ആര്‍.കെ.ഐയുടെയും നേതൃത്വത്തില്‍ പഴം പച്ചക്കറി ബ്രാന്‍ഡഡ് ഔട്ട്‌ലെറ്റിന് തുടക്കം കുറിച്ചിരിക്കുന്നത്.

പൊക്കാളിക്കൃഷിക്ക് വളരെയേറെ പ്രാധാന്യമുള്ള പ്രദേശമാണ് എറണാകുളം. പൊക്കാളിക്കൃഷി സംരക്ഷിക്കുവാന്‍ ആവശ്യമായ എല്ലാ ഇടപെടലും സര്‍ക്കാര്‍ നടത്തും. 10 കോടി രൂപയുടെ ഒരു വലിയ പദ്ധതി പൊക്കാളിക്കൃഷിക്കായി തയ്യാര്‍ ചെയ്തിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിക്കുമെന്നും മന്ത്രി പറഞ്ഞു.

ആര്‍സിസി യിലെ ഡോക്ടര്‍മാരടങ്ങുന്ന ഒരു സംഘത്തെ അടുത്തമാസം ഹിമാചല്‍ പ്രദേശിലെ സോളിലേക്ക് കൂണ്‍ കൃഷിയില്‍ പരിശീലനം നേടുന്നതിനും, ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ കൂണിനുള്ള കഴിവിനെക്കുറിച്ച് പഠിക്കുന്നതിനുമായി അയക്കുന്നുണ്ട്. വൈവിധ്യമാര്‍ന്ന കൂണ്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് നമ്മുടെ പ്രദേശത്ത് തന്നെ വിപണനം നടത്താന്‍ സാധിക്കണം. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവ് ഉല്പാദിപ്പിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് കൃഷിരീതിയാണ് ഇന്നത്തെ കാലത്തിനാവശ്യം ഇത്തരത്തിലുള്ള കൃഷിരീതിയില്‍ വിളകള്‍ വിഷരഹിതമായി ഉല്പാദിപ്പിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.പി മുഖ്യാതിഥിയായി.കര്‍ഷകരായ ആര്‍. ശിവദാസന്‍, എസ്. അനില്‍കുമാര്‍, ആര്‍. പത്മനാഭന്‍ എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *