Your Image Description Your Image Description

കൊച്ചി: സിനിമാ സെറ്റുകളിൽ ലഹരി എത്തിച്ച് നൽകാൻ പ്രത്യേക ഏജന്‍റുമാരുണ്ടെന്നും ഹോട്ടലിലെത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാനാണെന്നും പൊലീസിന് മൊഴി നല്‍കി ഷൈന്‍ ടോം ചാക്കോ. ലഹരി മരുന്നിന് ഗൂഗിൾ പേ വഴി പേയ്മെന്‍റ് നൽകിയിട്ടുണ്ട്. ആർക്കൊക്കെ എപ്പോഴെന്ന് ഓർമയില്ലെന്നും, മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്നും ഷൈൻ ടോം ചാക്കോ പൊലീസിനോട് സമ്മതിച്ചു. ക‌ഞ്ചാവ് ഇടയ്ക്ക് ഉപയോഗിക്കും. കഞ്ചാവ് ആരെങ്കിലും കൊണ്ട് തന്നാൽ സെറ്റിൽ വെച്ച് വലിക്കുമെന്നും ഷൈന്‍ പൊലീസിനോട് സമ്മതിച്ചു. ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടിയത് ഭയന്നിട്ട് തന്നെയാണെന്നും ഷൈന്‍ പറഞ്ഞു.

പിതാവ് ഒരു സിനിമ നിർമ്മിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് സാമ്പത്തിക തർക്കം ഉണ്ടായിരുന്നു. സിനിമയുടെ ലാഭവിഹിതത്തെച്ചൊല്ലിയായിരുന്നു തർക്കമായിരുന്നു. തന്റെ പിതാവുമായി സാമ്പത്തിക തർക്കമുള്ളവർ മർദിക്കാൻ വരുന്നുവെന്ന് കരുതിയാണ് ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതെന്നാണ് ഷൈന്‍ പൊലീസിന് നല്‍കിയ മൊഴി. ഹോട്ടൽ റിസപ്ഷനിൽ വിളിച്ച് ചോദിച്ചപ്പോഴും അവർ ഒളിച്ചുകളിച്ചു. ഇതോടെയാണ് സംശയം കൂടിയതെന്നും അത് കൊണ്ടാണ് ഓടി രക്ഷപെട്ടതെന്നുമാണ് ഷൈനിന്‍റെ മൊഴി. മെത്താംഫിറ്റമിനാണ് ഉപയോഗിക്കുന്നതെന്നാണ് ലഹരി ഉപയോഗത്തെപ്പറ്റി ഷൈൻ പറഞ്ഞത്. ഇത് മൂക്കിൽ വലിച്ച് കയറ്റുകയാണ് ചെയ്യാറുള്ളത്. നടി വിൻസിയോട് തമാശ രൂപത്തിൽ പലതും പറഞ്ഞതല്ലാതെ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു.

അതേസമയം, ഷൈൻ ടോം ചാക്കോയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. രണ്ടാം ഘട്ട ചോദ്യം ചെയ്യൽ കൂടിയാലോചനയ്ക്ക് ശേഷം എന്ന് വേണമെന്ന് തീരുമാനിക്കും. നിലവിലെ മൊഴി വിശദമായി പരിശോധിക്കും. തിങ്കളാഴ്ച കമ്മീഷണർ പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷമാകും തുടർനടപടികൾ എന്ത് വേണമെന്ന് തീരുമാനിക്കുക.

കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിന് ശേഷം ഈ മാസം 22ന് ഹാജരാകാൻ ഷൈനിന് നിർദേശം നൽകിയിരുന്നു. എന്നാൽ 22ന് തനിക്ക് അസൗകര്യം ഉണ്ടെന്നും 21ന് ഹാജരാകാമെന്നും ഷൈൻ അറിയിക്കുകയും പോലീസ് സമ്മതിക്കുകയും ചെയ്തു. പിന്നീടാണ് ഷൈൻ ഇപ്പോൾ ഹാജരാകേണ്ടെന്ന് പോലീസ് അറിയിച്ചത്. ഈ സംഭവങ്ങൾ നടന്ന സമയത്ത് കമ്മീഷണർ സ്ഥലത്തുണ്ടായിരുന്നില്ല. അദ്ദേഹം തിരിച്ചെത്തിയ ശേഷം നടക്കുന്ന കൂടിയാലോചനകൾക്കും മൊഴികളിലെ വിശദ പരിശോധനയ്ക്കും ശേഷമാകും ഷൈനിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനമാവുക.

കഴിഞ്ഞ ദിവസം നടത്തിയ പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ ലഹരി ഉപയോഗിച്ചതായി ഷൈൻ ടോം ചാക്കോ സമ്മതിച്ചിരുന്നു. പിന്നാലെ നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. വൈദ്യപരിശോധനയിൽ ലഹരി കണ്ടെത്താതിരിക്കാനുള്ള മറുമരുന്ന് അഥവാ ആന്റിഡോട്ടുകൾ ഇയാൾ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പോലീസിന്റെ സംശയം. അങ്ങനെയെങ്കിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്താൻ പ്രയാസമായിരിക്കും.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ ശനിയാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ ഹാജരായ ഷൈനിനെ അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ശേഷം ആൾ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഷൈനിനെതിരേ നർകോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിലെ (എൻഡിപിഎസ്) 27, 29 വകുപ്പുകൾ പ്രകാരവും ബിഎൻഎസ് 238 വകുപ്പ് പ്രകാരവുമാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts