Your Image Description Your Image Description

കൊച്ചി: ഷൈൻ ടോം ചാക്കോ ഉൾപ്പടെ രണ്ട് നടൻമാർക്കെതിരെ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുൽത്താന മൊഴി നൽകിയിട്ടും എക്സൈസ് നടപടി സ്വീകരിക്കാൻ തയ്യാറാകാതിരുന്നത് വിവാദമാകുന്നു. നടന്മാരായ ഷൈൻ ടോം ചാക്കോയുമായും ശ്രീനാഥ് ഭാസിയുമായും ഇടപാടുകളുണ്ടെന്നായിരുന്നു തസ്ലീമ എക്സൈസിന് മൊഴി നൽകിയത്. ഇതിനെ സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകളും എക്സൈസ് സംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ, തസ്ലീമ അറസ്റ്റിലായി മൂന്നാഴ്ച്ച ആയിട്ടും ഈ രണ്ട് നടന്മാരെയും ചോ​​ദ്യം ചെയ്യാൻ പോലും എക്സൈസ് സംഘം തയ്യാറായിട്ടില്ല.

ഈ മാസം ഒന്നാം തീയതിയാണ് ആലപ്പുഴയിലേക്ക് കൊണ്ടുവന്ന രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് എക്സൈസ് പിടികൂടിയത്. കേസിൽ കണ്ണൂർ സ്വദേശി ക്രിസ്റ്റീന എന്ന് വിളിപ്പേരുള്ള തസ്ലിമ സുൽത്താന ഇവരുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഷൈൻ ടോം ചാക്കോ ഉൾപ്പടെ രണ്ട് നടന്മാരുമായി ബന്ധമുണ്ടെന്നും ഇവർക്കൊപ്പം ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് തസ്ലിമ എക്സൈസിന് മൊഴി നൽകിയത്.

തസ്ലിമയുടെ ഫോണിൽ നിന്ന് ഷൈൻ ടോം ചാക്കോയ്ക്ക് യുവതികളുടെ ഫോട്ടോ അയച്ചു നൽകിയതും ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. തസ്ലിമയ്ക്ക് പെൺവാണിഭ സംഘങ്ങളുമായി ബന്ധമുള്ളതിനാൽ യുവതികളുടെ ഫോട്ടോ അത്തരത്തിൽ അയച്ചു നൽകിയതാണോ എന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ഷൈനെ ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം പറയുന്നുണ്ടെങ്കിലും ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷം മാത്രം നടന്മാരെ വിളിച്ചു വരുത്തിയാൽ മതിയെന്ന നിലപാടിലാണ് എക്സൈസ്. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. കൊച്ചിയിൽ അറസ്റ്റിൽ ആയ ഷൈൻ തസ്ലിമയെ അറിയാമെന്ന് മൊഴി നൽകിയതിനാൽ നടപടികൾ വേഗത്തിലാക്കുമെന്നാണ് സൂചന. നേരത്തെ തസ്ലിമയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി പിൻവലിച്ചിരുന്നു. കേസിൽ പ്രതിചേർത്തിട്ടില്ലാത്തതിനാലായിരുന്നു ഹർജി പിൻവലിച്ചത്.

ഇന്നലെ ഷൈൻ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്തപ്പോഴും തസ്ലിമയുമായി നടനുള്ള ബന്ധം സംബന്ധിച്ച സൂചനകൾ ലഭിച്ചു എന്നാണ് റിപ്പോർട്ട്. തസ്ലീമയുമായി ലഹരി ഇടപാടുകളുണ്ടെന്ന് ഷൈൻ ടോം ചാക്കോ വെളിപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. തസ്ലിമയെ നിരന്തരം വിളിക്കാറുണ്ടെന്നും ഷൈൻ ടോം ചാക്കോ മൊഴിനൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തനിക്ക് ഉപയോഗിക്കാനുള്ള ലഹരിമരുന്ന് തസ്ലിമയിൽനിന്ന് വാങ്ങിയതായി ഷൈൻ ടോം ചാക്കോ പറഞ്ഞതായാണ് വിവരം. ലഹരി ഉപയോഗം കൂടിയപ്പോഴാണ് അച്ഛൻ ഇടപെട്ട് കൂത്താട്ടുകളത്തെ ഡീ-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ഏതാനും ദിവസങ്ങൾ മാത്രമേ ഇവിടെ ചികിത്സയിൽ കഴിഞ്ഞിട്ടുള്ളൂ. ഡീ-അഡിക്ഷൻ സെന്ററിൽനിന്ന് താൻ ചാടിപ്പോരുകയായിരുന്നുവെന്നും ഷൈൻ പോലീസിന് മൊഴി നൽകിയതായാണ് വിവരം. അതിനിടെ, ലഹരി ഉപയോഗം കണ്ടെത്താനുള്ള ആന്റി ഡോപ്പിങ് ടെസ്റ്റിനുള്ള സാമ്പിളുകൾ ഷൈനിൽനിന്ന് പോലീസ് ശേഖരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചാണ് രക്തം, തലമുടി, നഖം തുടങ്ങിയവയിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചത്.

ആലപ്പുഴയിലെ റിസോർട്ടിൽനിന്ന് രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിലെ പ്രതികളിലൊരാളാണ് തസ്ലിമ സുൽത്താന. ഈ കേസിൽ തസ്ലിമയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി, സുഹൃത്തായ ഫിറോസ് എന്നിവരും എക്‌സൈസിന്റെ പിടിയിലായിരുന്നു. റിസോർട്ടിൽ ലഹരി ഇടപാടിന് എത്തിയപ്പോൾ തസ്ലിമയും ഫിറോസുമാണ് ആദ്യം എക്‌സൈസിന്റെ പിടിയിലായത്. ചോദ്യംചെയ്യലിൽ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയവർക്ക് ലഹരി എത്തിച്ചുനൽകാറുണ്ടെന്ന് തസ്ലിമ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, കേസിൽ നടന്മാരെ വിളിച്ച് ചോദ്യംചെയ്യാനുള്ള തെളിവുകൾ എക്‌സൈസിന് ലഭിച്ചിരുന്നില്ല. തസ്ലിമയുടെ വെളിപ്പെടുത്തലിന് പിന്നാലെ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് ഹർജി പിൻവലിച്ചിരുന്നു.

തസ്ലീമ സുൽത്താനയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലിയെ എക്സൈസ് സംഘം പിടികൂടിയത് അതിസാ​​ഹസികമായിട്ടായിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. കൊടുംക്രിമനലുകൾ കഴിയുന്ന ​തമിഴ് ​ഗ്രാമത്തിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. തസ്ലീമ സുൽത്താനയെ എക്സൈസ് പിടികൂടിയതിന് പിന്നാലെ അക്ബർ അലി ആന്ധ്ര – തമിഴ് നാട് അതിർത്തി ​ഗ്രാമമായ എണ്ണൂരിലേക്കാണ് പോയത്. ക്രിമിനൽ സംഘങ്ങൾ വാഴുന്ന ഇവിടേക്ക് അന്വേഷണ സംഘത്തിന് എത്താനാകില്ല എന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ.

എന്നാൽ, ഇയാൾ എണ്ണൂരിലുണ്ടെന്ന് അന്വേഷണ സംഘത്തിന് ര​ഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ആലപ്പുഴയിൽ നിന്നും ചെന്നൈയിലെത്തിയ എക്സൈസ് സംഘം ​ഗ്രാമത്തിൽ കടന്ന് സുൽത്താൻ അക്ബർ അലിയെ പിടികൂടാൻ പദ്ധതി തയ്യാറാക്കി. ഊരു മൂപ്പന്റെ സഹായത്തോടെയാണ് ഇയാളെ എക്സൈസ് കണ്ടെത്തിയത്. രാജ്യാന്തര ലഹരി മാഫിയയുമായി ബന്ധമുള്ളയാളാണ് അറസ്റ്റിലായ സുൽത്താൻ അക്ബർ അലി എന്നാണ് എക്സൈസ് സംഘം പറയുന്നത്.

സിനിമാ മേഖലയുമായി ബന്ധമുള്ളത് നേരത്തേ പിടിയിലായ സുൽത്താൻറെ ഭാര്യ തസ്ലീമക്ക് മാത്രമാണ്.തായ്‍ലാൻഡ്, മലേഷ്യ, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിലേക്ക് പതിവായി യാത്ര ചെയ്യുന്ന സുൽത്താൻ ആണ് ലഹരിക്കടത്തിലെ മുഖ്യ ഇടപാടുകാരൻ എന്ന് എക്സൈസ് പറയുന്നു. കഞ്ചാവ്, സ്വർണം, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ, എന്നിവ കടത്തുന്ന ആളാണ് സുൽത്താനെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് വിനോദ് കുമാർ പറഞ്ഞു.

സിനിമാതാരങ്ങളുമായുള്ള ബന്ധം തസ്ലീമയ്ക്ക് മാത്രമാണെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം മാത്രമേ താരങ്ങൾ ക്ക് നോട്ടീസ് അയക്കൂ എന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് വിനോദ് കുമാർ വ്യക്തമാക്കി. കേസിലെ മൂന്നാം പ്രതിയാണ് സുൽത്താൻ അക്ബർ അലി.

രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്‌ലീമ സുൽത്താനയ്‌ക്കെതിരെ ഉയരുന്നത് ​ഗുരുതര ആരോപണങ്ങളാണ്. സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ച് കൊടുക്കുന്ന ഇടനിലക്കാരിയായും യുവതി പ്രവർത്തിച്ചിരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പെൺവാണിഭത്തിന് താരത്തിന് ഇടനിലക്കാരിയായി തസ്ലീമ പ്രവർത്തിച്ചിരുന്നു എന്ന് നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ താരങ്ങൾക്ക് ഇവർ പെൺകുട്ടികളെ എത്തിച്ചുകൊടുത്തിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നത്.

ലഹരിക്ക് പുറമെ തസ്ലീമ പെൺകുട്ടികളെ ഇടപാടുകാർക്ക് എത്തിച്ചു നൽകിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. മോഡലായ യുവതിയുടെ ചിത്രം ഇവർ പ്രമുഖ താരത്തിന് അയച്ച് കൊടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഡലിനെ എത്തിക്കാൻ 25,000 രൂപയാണത്രെ തസ്ലീമ ഇട്ടിരുന്ന വില. 25,000 രൂപ നൽകണമെന്ന് പ്രമുഖ താരത്തോട് ആവശ്യപ്പെടുന്ന ചാറ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്. പെൺവാണിഭത്തിന് താരത്തിന് ഇടനിലക്കാരിയായി ഇതിന് മുൻപും തസ്‌ലിമ പ്രവർത്തിച്ചിട്ടുണ്ട്.

ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് തായ്‌ലൻഡിൽ നിന്നാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ എക്‌സൈസിന്റെ ഇന്റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധനകൾ മറികടന്ന് എങ്ങനെയാണ് കേരളത്തിലേക്ക് എത്തിച്ചു എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. ലഹരി മാഫിയ വിദേശത്തേക്ക് നടത്തിയ സാമ്പത്തിക ഇടപാടുകളും എക്സൈസിന്റെ ഇന്റലിജൻസ് വിഭാഗം അന്വേഷിക്കും. തസ്ലീമ സുൽത്താനയുടെ പക്കൽ നിന്നും പിടികൂടിയ കഞ്ചാവ് തായ്‌ലൻഡിൽ നിന്നും എത്തിച്ചതാണെന്ന് എക്സൈസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിരുന്നു.

തായ്‌ലൻഡ്,മലേഷ്യ എന്നിവിടങ്ങളിൽ വളർത്തുന്ന ഹൈബ്രിഡ് കഞ്ചാവ് വിതരണം ചെയ്യുന്ന അന്താരാഷ്ട്ര ലഹരി മാഫിയ സംഘങ്ങളിലേക്കാണ് അന്വേഷണം നീളുന്നത്. കഴിഞ്ഞ മാസം 15 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ബാങ്കോക്കിൽ നിന്നെത്തിയ രണ്ടു യുവതികളെ കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് പിടികൂടിയിരുന്നു. ജയ്പുർ സ്വദേശി മൻവി ചൗധരി, ഡൽഹി സ്വദേശി ചിബെറ്റ് സ്വാന്തി എന്നിവരാണു അന്നു പിടിയിലായത്. രാജ്യമെങ്ങും വ്യാപിപ്പിച്ചു കിടക്കുന്ന വിപുലമായ വിതരണ ശൃംഖല ഹൈബ്രിഡ് കഞ്ചാവ് സംഘത്തിനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് താ‌യ്‌ലൻഡിൽ നിന്ന് ബെംഗളൂരു വഴിയെത്തിച്ചതാണെന്നു പ്രതികളുടെ മൊഴിയിലുണ്ട്.

മൂന്നു കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന), സഹായി കെ.ഫിറോസ് ( 26) എന്നിവരെ എക്സൈസ് പിടികൂടിയത്. ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ തസ്‌ലിമ സുൽത്താന വാടകയ്ക്ക് എടുത്തത് വ്യാജ മേൽവിലാസത്തിലാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു. കർണാടകയിലെ ഉഡുപ്പി സ്വദേശിനിയുടെ പേരിലുള്ള ആധാർ കാർഡും ഡ്രൈവിങ് ലൈസൻസും നൽകിയാണ് എറണാകുളത്തെ സ്ഥാപനത്തിൽ നിന്നു കാർ വാടകയ്ക്ക് എടുത്തത്. തിരിച്ചറിയൽ കാർഡിന്റെ ഉടമയായ യുവതിയെ എക്സൈസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കു കേസുമായി ബന്ധമുണ്ടോ എന്നു പരിശോധിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഹൈ​ബ്രി​ഡ് ​ക​ഞ്ചാ​വു​മാ​യി​ ​പിടിയിലായ കണ്ണൂർ സ്വ​ദേശിനി തസ്ലിമ സുൽത്താന വമ്പൻ ലഹരിസംഘത്തിലെ കണ്ണിയെന്ന സൂചന ആദ്യമേ തന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തമിഴ്, മലയാളം സിനിമകളിൽ എക്സ്ട്രാ നടിയായി മുഖം കാണിച്ചിരുന്ന തസ്ലിമ സുൽത്താന സിനിമാ മേഖലയിലുള്ളവർക്കും വിനോദ സഞ്ചാര മേഖലയിലുള്ളവർക്കുമാണ് ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്നത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിക്ക് സിനിമാ മേഖലയിൽ ഉൾപ്പെടെ വൻതോക്കുകളുമായാണ് ബന്ധം.

​ത​മി​ഴ് ​സി​നി​മ​യി​ൽ​ ​എ​ക്സ്ട്രാ​ ​ന​ടി​യാ​യി സജീവമായ തസ്ലീമ മലയാളം സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. ഇംഗ്ലിഷ്, മലയാളം, തമിഴ് ഉൾപ്പെടെ എട്ടോളം ഭാഷകൾ വശമുള്ള യുവതി ​സ്ക്രി​പ്റ്റ് ​പ​രി​ഭാ​ഷ​ക​യു​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.​ ​മ​ല​യാ​ള​ ​സി​നി​മാ​ക്കാ​രു​മാ​യി​ ​അ​ടു​ത്ത​തോ​ടെ​ ​കൊ​ച്ചി​യി​ലേ​ക്ക് ​ചു​വ​ടു​മാ​റ്റി.​ ​മൂ​ന്ന് ​മ​ല​യാ​ളം​ ​സി​നി​മ​ക​ളി​ലും​ ​മു​ഖം​ ​കാ​ണി​ച്ച തസ്ലീമ തൃ​ക്കാ​ക്ക​ര​ ​കേ​ന്ദ്രീ​ക​രി​ച്ച് ​മ​സാ​ജ് ​പാ​ർ​ല​ർ​ ​ന​ട​ത്തിയിരുന്നു. മയക്കു മരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ​ ​പ്ര​തി​യാ​യ​തോ​ടെ​ ​വീ​ണ്ടും​ ​ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ​ക​ളം​മാ​റ്റി.​ ​എ​ന്നാ​ൽ​ ​മം​ഗ​ലാ​പു​രം,​ ​കോ​ഴി​ക്കോ​ട്,​ ​കൊ​ച്ചി​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​ല​ഹ​രി​ ​ഇ​ട​പാ​ട് ​തു​ട​ർ​ന്നു.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​പി​ടി​കൂ​ടി​യ​ ​ക​ഞ്ചാ​വ് ​മു​പ്പ​ത് ​ല​ക്ഷം​ ​രൂ​പ​യ്ക്ക് ​കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​യാ​ണ് ​കൈ​മാ​റി​യ​ത്.​ ​

ര​ഹ​സ്യ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​ആ​ല​പ്പു​ഴ​ ​എ​ക്സൈ​സ് ​ഡെ​പ്യൂ​ട്ടി​ ​ക​മ്മി​ഷ​ണ​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഓ​മ​ന​പ്പു​ഴ​യി​ലെ​ ​റി​സോ​ർ​ട്ടി​ന് ​സ​മീ​പം​ ​ഇ​രു​വ​രും​ ​കാ​റി​ൽ​ ​വ​ന്നി​റ​ങ്ങി​യ​പ്പോ​ൾ​ ​തൊ​ണ്ടി​സ​ഹി​തം​ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ ​ഭ​ർ​ത്താ​വും​ ​ര​ണ്ട് ​കൊ​ച്ചു​കു​ട്ടി​ക​ളു​മാ​യി​ ​എ​റ​ണാ​കു​ള​ത്തെ​ത്തി​യ​ ​ത​സ്ലി​മ​ ​വാ​ട​ക​യ്ക്കെ​ടു​ത്ത​ ​കാ​റി​ൽ​ ​കു​ടും​ബ​സ​മേ​തം​ ​മ​ണ്ണ​ഞ്ചേ​രി​യി​ലെ​ത്തി.​ ​ഭ​ർ​ത്താ​വി​നെ​യും​ ​മ​ക്ക​ളെയും​ ​വ​ഴി​യി​ൽ​ ​ഇ​റ​ക്കി​യ​ശേ​ഷം​ ​ഫി​റോ​സി​നെ​ ​കൂ​ട്ടി​ ​രാ​ത്രി​ ​പ​ത്ത​ര​യോ​ടെ​യാ​ണ് ​റി​സോ​ർ​ട്ടി​ലെ​ത്തി​യ​ത്. ബാ​ഗി​ൽ​ ​മൂ​ന്ന് ​പൊ​തി​ക​ളി​ലാ​യി​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​ ​ക​ഞ്ചാ​വ്.

ഹൈബ്രിഡ് കഞ്ചാവിന്റെ നാലു പൊതികളായിരുന്നു ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. മ​ണി​ക്കൂ​റു​ക​ളോ​ളം​ ​ഉ​ൻ​മാ​ദം​ ​കി​ട്ടു​ന്ന​ ​ക​നാ​ബി​ ​സി​ൻ​സി​ക്ക,​ ​ക​നാ​ബി​ ​സ​റ്റീ​വ​ ​ഇ​ന​ങ്ങ​ളാ​ണി​വ.​ ​മെഡിക്കൽ ആവശ്യത്തിനായി തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലാണ് ഇതു നിർമിക്കുന്നത്. ബെംഗളൂരു വഴിയാണ് ഇവർ ഇതുകൊണ്ടുവന്നത്. സാധാരണ കഞ്ചാവ് ഒരു ഗ്രാമിന് 500-1000 രൂപയാണെങ്കിൽ ഇത് ഒരു ഗ്രാമിന്റെ വില 10,000 രൂപ വരും.

ശ്രീ​നാ​ഥ് ​ഭാ​സി,​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ​ ​ഉ​ൾ​പ്പെ​ടെ​ ​പ​ല​ർ​ക്കും​ ​ല​ഹ​രി​വ​സ്തു​ക്ക​ൾ​ ​കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് ​ത​സ്ളീ​മ​ ​വെ​ളി​പ്പെ​ടു​ത്തിയിരുന്നു.​ ​ഇ​വ​രു​മാ​യു​ള്ള​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടി​ന്റെ​ ​തെ​ളി​വു​ക​ളും​ ​ത​സ്ളീ​മ​യു​ടെ​ ​ഫോ​ണി​ൽ​ ​നി​ന്ന് ​ല​ഭി​ച്ചു. ചോദ്യം ചെയ്യലിൽ ഇവർ സിനിമാ മേഖലയിൽ പ്രധാനപ്പെട്ട ചിലരുമായി ലഹരിവിൽപന ഉള്ളതായി പറഞ്ഞിട്ടുണ്ട്. ഓൺലൈൻ വഴിയാണ് ഇടപാട്. ആലപ്പുഴയിൽ ടൂറിസം രംഗത്തെ ചിലർക്കു കൈമാറാനും ഉദ്ദേശിച്ചിരുന്നു. ഓൺലൈൻ വഴി ഇടപാടും പണം കൈമാറ്റവും നടത്തിയശേഷം പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കുന്നതാണു രീതി. നേരത്തേ, പറഞ്ഞുറപ്പിക്കുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കാൻ സഹായിക്കുന്ന ചുമതലയാണ് ഫിറോസിന്റേത്. ഫിറോസ് ഇതിനു മുൻപും ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നു ചോദ്യംചെയ്യലിൽ പറഞ്ഞു. വൻ ഇടപാടുകളേ ഏൽക്കുകയുള്ളൂ. ഇയാൾക്കെതിരെ നിലവിൽ മറ്റ് കേസുകളില്ല

പിടിച്ച തോതനുസരിച്ച് 10 വർഷം വരെ ശിക്ഷ കിട്ടുന്നതാണെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ എസ്.വിനോദ് കുമാർ പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ അശോക് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. മധു, പ്രിവന്റീവ് ഓഫിസർമാരായ സി.പി.സാബു, എം.റെനി, ബി.അഭിലാഷ്, അരുൺ അശോക്, സനൽ സിബി രാജ്, അസിസ്റ്റന്റ് ഇൻസ്പെക്സടർ കെ.ആർ.രാജീവ്, ജീന വില്യം എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.

ഷൈൻ ടോം ചാക്കോയെ ക്രൂശിക്കരുതെന്ന് നടി അൻസിബ ​ഹസൻ

അതിനിടെ, നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് നടി അൻസിബ ​​ഹസൻ ഇന്നലെ രം​ഗത്തെത്തിയിരുന്നു. ഷൈനിനെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും തന്നോട് മോശമായി ഒന്നും പെരുമാറിയിട്ടില്ലെന്നും താരം പറഞ്ഞു. പക്ഷേ പരാതി പറഞ്ഞ കുട്ടിക്ക് മോശം പെരുമാറ്റം ഉണ്ടായി എന്ന് അവർ പറയുന്നു എന്നും താരം ചൂണ്ടിക്കാട്ടി. ലഹരിക്കേസിൽ അറസ്റ്റിലായതിന്റെ പേരിൽ ഷൈൻ ടോം ചാക്കോയെ ക്രൂശിക്കരുതെന്നും നടി ആവശ്യപ്പെടുന്നുണ്ട്. താൻ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് പിന്തുണ നൽകുന്നു എന്ന് വ്യാഖ്യാനിക്കരുതെന്നും അൻസിബ കൂട്ടിച്ചേർത്തു. ലഹരിക്ക് അടിമകളാകുന്നവർക്ക് പുനരധിവാസം നൽകുകയാണ് വേണ്ടതെന്നും അമ്മ എക്സിക്യൂട്ടീവ് അംഗം കൂടിയായ താരം കൂട്ടിച്ചേർത്തു.

അൻസിബ പറഞ്ഞതിങ്ങനെ…

‘ഞാനിപ്പോൾ ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ്. അതുകാരണം വാർത്തകൾ ഒന്നും വിശദമായി കാണാൻ കഴിഞ്ഞിട്ടില്ല. അറസ്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയില്ല. ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ലഭിച്ച ഒരു പരാതി ‘അമ്മ’ അച്ചടക്ക സമിതി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പരാതിയിൽ പറയുന്ന കാര്യങ്ങൾ സംഭവിച്ച സിനിമയുടെ അണിയറപ്രവർത്തകരെ ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിച്ച് വരികയാണ്. ഷൈനിനോട് സമിതിക്ക് മുന്നിൽ ഹാജരാകാനും പറയാനുള്ളത് പറയാനും അറിയിച്ചിട്ടുണ്ട്. ഷൈൻ ടോം ചാക്കോക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് മാത്രമേ ആ പരാതിയിൽ ഒരു അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയൂ. ഷൈൻ അറസ്റ്റിൽ ആയെങ്കിൽ ഇനി അന്വേഷണം എങ്ങനെ മുന്നോട്ട് എങ്ങനെ പോകും എന്ന് അറിയില്ല. എല്ലാവരും കൂടി കൂട്ടായി ചർച്ച ചെയ്തതിനു ശേഷം മാത്രമേ അതിൽ ഒരു തീരുമാനം അറിയിക്കാൻ കഴിയൂ.’ അൻസിബ പറയുന്നു.

‘മയക്കുമരുന്നിന് അടിമയായ ഒരാൾ മാനസികമായി നല്ല ഒരു അവസ്ഥയിൽ ആയിരിക്കില്ല. അയാളെ ഇതുപോലെ സമൂഹ വിചാരണ നടത്താതെ തിരിച്ച് ജീവിതത്തിലേക്ക് വരാൻ ഒരു അവസരം കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം. ഒരു പ്രാവശ്യമെങ്കിലും അബദ്ധത്തിൽ ലഹരി ഉപയോഗിക്കുന്നവർ പിന്നെ ലഹരിയുടെ പിടിയിൽ ആവുകയാണ്. ഇത് സിനിമയിൽ മാത്രമല്ല സമൂഹത്തിൽ കുട്ടികളും മുതിർന്നവരും ഉൾപ്പടെ ലഹരിക്ക് അടിമപ്പെടുന്നുണ്ട്. ഇത്തരത്തിൽ ലഹരിക്ക് അടിമയാകുന്നവരെ നാശത്തിലേക്ക് പോകാതെ ഒരു മനുഷ്യനായി മാറാൻ അവസരം കൊടുക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഇങ്ങനെയുള്ള ആളുകളെ നമ്മൾ ക്രൂശിക്കുകയാണോ അതോ പുനരധിവാസത്തിനു സഹായിക്കുകയാണോ വേണ്ടത് എന്ന് ആലോചിക്കുക. നമ്മൾ സമൂഹത്തിന് കൊടുക്കേണ്ട വലിയൊരു മെസ്സേജ് ആണ് അത്.’

‘തമിഴിൽ ലോകേഷ് കനകരാജിന്റെ മാനഗരം എന്ന സിനിമയിൽ നായകനായ ശ്രീ എന്ന നടാനുണ്ട്. അദ്ദേഹം വളരെ നല്ലൊരു നടനാണ്. അദ്ദേഹം അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവച്ചു. അസ്വാഭാവികമായി എന്തൊക്കെയോ പറയുകയും അർദ്ധനഗ്നനായി പ്രത്യക്ഷപ്പെടുകയും ചെയ്‌തു. അദ്ദേഹത്തിന് എന്തോ കുഴപ്പമുണ്ടെന്ന് എല്ലാവര്ക്കും മനസ്സിലായി. അയാളെ വേണമെങ്കിൽ ഒരു വൃത്തികെട്ടവനായി ചിത്രീകരിച്ച് തള്ളിക്കളയാമായിരുന്നു. പക്ഷേ തമിഴ് ജനത ഒന്നടങ്കം അയാളോടൊപ്പം നിന്ന് എന്നാണ് എനിക്ക് മനസിലായത്. എല്ലാവരും ശ്രീക്ക് എന്ത് പറ്റി, അയാൾക്ക് എന്തോ മാനസികമായി തകരാറു സംഭവിച്ചിട്ടുണ്ട്, അയാളെ സഹായിക്കണം എന്ന തരത്തിൽ കമന്റ്റ് ഇടുകയും ലോകേഷിനെ അവിടെ ടാഗ് ചെയ്യുകയുമൊക്കെയാണ് ചെയ്തത്. ശ്രീയോടൊപ്പം അഭിനയിച്ച നായികമാർ വരെ അദ്ദേഹത്തെ കോൺടാക്റ്റ് ചെയ്യാൻ ശ്രമിച്ചു. ശ്രീയെ ആരും മോശക്കാരനായി ചിത്രീകരിച്ച് ഉപദ്രവിച്ചില്ല. ഇപ്പോൾ ലോകേഷ് കനകരാജ് തന്നെ മുന്നോട്ട് വന്ന് ശ്രീ ചികിത്സ തേടുന്നുണ്ട് എന്നും അയാളുടെ സ്വകാര്യതയെ മാനിക്കണം എന്നും പോസ്റ്റ് ഇട്ടിട്ടുണ്ട്. ലോകേഷ് സ്വന്തം സഹോദരനെപ്പോലെ അയാളെ ചേർത്തുപിടിച്ചു. ഇതൊരു മാതൃകയാണ്. തമിഴ് ജനത ശ്രീയെ തങ്ങളിൽ ഒരാളായി ചേർത്ത് പിടിക്കുകയും അയാൾക്ക് സഹായം എത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതേരീതി നമുക്കും പിന്തുടരാവുന്നത്.’

‘ഷൈൻ താൻ ലഹരിക്ക് അടിമയാണ് എന്ന് സമ്മതിക്കുകയാണെങ്കിൽ, അങ്ങനെ തെളിയുകയാണെങ്കിൽ അയാൾക്ക് ഒരു റീഹാബിലിറ്റേഷൻ നൽകുക എന്നാണ് എനിക്ക് പറയാനുളളത്. ഷൈനിനു വൈദ്യ സഹായം വേണമെങ്കിൽ അത് നൽകണം. അത് നമ്മൾ സമൂഹത്തിന് കൊടുക്കുന്ന ഒരു മാതൃകയാണ്. നമ്മുടെ യുവാക്കൾക്കും അതൊരു മാതൃകയായിരിക്കും. ഷൈനിനെ എനിക്ക് വ്യക്തിപരമായി അറിയാം, എന്നോട് മോശമായി ഒന്നും പെരുമാറിയിട്ടില്ല. പക്ഷേ പരാതി പറഞ്ഞ കുട്ടിക്ക് മോശം പെരുമാറ്റം ഉണ്ടായി എന്ന് അവർ പറയുന്നു. അത് ശരിയായിരിക്കാം. പക്ഷെ ആ കുട്ടിയും അയാളെ നശിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടാകില്ല. നന്നാവുമെങ്കിൽ നന്നാകട്ടെ എന്ന് കരുതി ആയിരിക്കും പരാതി നൽകിയിരിക്കുക. ഞാൻ ഇത് പറയുമ്പോൾ ഞാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് പിന്തുണ നൽകുന്നു എന്ന് വ്യാഖ്യാനിക്കരുത്. മയക്കുമരുന്ന് ഉപയോഗിക്കുന്നയാൾക്ക് എത്രമാത്രം മെന്റൽ ഹെൽത്ത് ഉണ്ടാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ. അങ്ങനെയുള്ള ഒരാളെ തിരിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായിക്കുകയും പുനരധിവാസം ചെയ്യുകയും ചെയ്യണം. അയാൾക്ക് ഒരു കുടുംബമുണ്ട്, അയാളെ ശിഷിക്കുമ്പോൾ ഒരു കുടുംബത്തെക്കൂടി ആണ് തളർത്തുന്നത്. ഷൈൻ എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിന് മാതൃകാപരമായ ശിക്ഷ നൽകാൻ ഇവിടെ പോലീസും കോടതിയും ഉണ്ട്. അത് അതിന്റെ മുറപോലെ നടക്കും. പക്ഷെ അയാൾക്ക് തിരിച്ച് ജീവിതത്തിലേക്ക് വരാൻ ആഗ്രഹമുണ്ടെങ്കിൽ അയാളെ അതിനു സഹായിക്കുകയാണ് വേണ്ടത് അല്ലാതെ അയാളെ സാമൂഹിക വിചാരണ ചെയ്തു ക്രൂശിക്കുകയല്ല. അത്തരത്തിൽ നമ്മൾ യുവാക്കൾക്കും സമൂഹത്തിനും ഒരു മാതൃകയാവുകയാണ് വേണ്ടത്. അയാൾക്ക് നന്നാവാൻ ഒരു അവസരം നൽകുക വീണ്ടും അയാൾ തെറ്റിന്റെ വഴിയേ പോകുന്നെങ്കിൽ അപ്പോൾ അയാളെ ശിക്ഷിക്കുക അതാണ് വേണ്ടത്.’

‘ പോലീസ് പിന്തുടർന്നപ്പോൾ മയക്കുമരുന്ന് വിഴുങ്ങി ഒരു ചെറുപ്പക്കാരൻ മരിച്ച വാർത്ത നാം അടുത്തിടെ കണ്ടു. ഒരാളെ മരണത്തിലേക്ക് തള്ളിവിട്ടിട്ട് നമുക്ക് എന്ത് ഗുണമാണ് കിട്ടുക. മറിച്ച് അവരെ പുനരധിവസിപ്പിക്കാൻ സർക്കാർ ഒരു പദ്ധതി തയ്യാറാക്കി അവർക്ക് വേണ്ട മാനസിക പിന്തുണ കൊടുക്കുകയല്ലേ വേണ്ടത്. ഇത് ഉപയോഗിക്കുന്നവരെ പിടിച്ചതുകൊണ്ടു ഇതിന്റെ ഉപയോഗം നിൽക്കില്ല. ഇത് സപ്ലൈ ചെയ്യുന്നവരെയാണ് കണ്ടെത്തേണ്ടത്. കേരളത്തിൽ ഡ്രഗ്സ് എങ്ങനെ എത്തുന്നു എന്ന് കണ്ടെത്താൻ മാധ്യമങ്ങളും ശ്രമിക്കണം. ഇത് കേരളത്തിൽ എത്തിച്ച് സ്കൂൾ കുട്ടികൾക്ക് ഉൾപ്പടെ വിതരണം ചെയ്തു നമ്മുടെ നാടിനെ തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഋഷിരാജ് സിങ് സാർ പറഞ്ഞത് കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ മയക്ക് മരുന്ന് ഉപയോഗം റിപ്പോർട്ട് ചെയ്യുന്നത്. അതിനു കാരണം ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് ഇവിടുത്തെ യുവാക്കളാണ്. ഈ പണം മാതാപിതാക്കൾ അന്യനാട്ടിൽ പോയി കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണ്. ഇത്തരത്തിൽ നമ്മുടെ യുവാക്കൾ നശിച്ചുപോകാതെ മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തി അത് കേരളത്തിൽ നിന്ന് തുടച്ചു നീക്കാനുള്ള നടപടി ഉണ്ടാകണം.’

Leave a Reply

Your email address will not be published. Required fields are marked *