Your Image Description Your Image Description

മലപ്പുറം: എടപ്പാൾ സ്വദേശിനിയെ ഫോണിലൂടെ ഡിജിറ്റൽ അറസ്റ്റുചെയ്തു ഭീഷണിപ്പെടുത്തി 93 ലക്ഷം രൂപ തട്ടിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തട്ടിപ്പിനു ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തിയ കൊണ്ടോട്ടി മേലങ്ങാടി സ്വദേശി അജുമൽ കുമ്മാളിൽ (41), തൃപ്പനച്ചി സ്വദേശി മനോജ് കണ്ടമങ്ങലത്ത് (42), അരീക്കോട് സ്വദേശി എൻ.പി. ഷിബിലി (44) എന്നിവരെയാണ് പിടിയിലായത്.

എടപ്പാൾ സ്വദേശിനിയുടെ മൊബൈൽ നമ്പറിലേക്ക് വിളിച്ച് മുംബൈ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണെന്നും നമ്പർ വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞാണ് സംഘം പണം തട്ടിയെടുത്തത്.

തുടർന്ന് മുംബൈ പോലീസ് ഓഫീസറുടെ വേഷത്തിൽ വാട്‌സാപ്പിലൂടെ വീഡിയോ കോൾചെയ്ത് പരാതിക്കാരിയോട് ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു. അതു കാണിച്ചപ്പോൾ കേസിൽ ഉൾപ്പെട്ടതിന് അവരുടെ കൈയിൽ തെളിവുകളുണ്ടെന്നും അറസ്റ്റുചെയ്ത് കൊണ്ടുപോകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.

തുടർന്ന് പ്രതികൾ നൽകിയ വിവിധ അക്കൗണ്ടുകളിലേക്ക് 93 ലക്ഷം അയച്ചുകൊടുത്തു.ഈ കേസിൽ തട്ടിപ്പിനു പ്രധാന പ്രതികൾക്ക് ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തിയവരാണ് മൂന്നുപേരും. കേസിൽ കോട്ടയം തലപ്പലം സ്വദേശി അഞ്ഞൂറ്റിമംഗലം കുന്നുംപുറത്ത് ആൽബിൻ ജോണിനെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *