Your Image Description Your Image Description

ലഹരി ഉപയോ​ഗിച്ച് ഒരു പ്രധാന നടൻ തന്നോട് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ്. തന്റെ അറിവിൽ ലഹരി ഉപയോ​ഗിക്കുന്നവരുമായി ഇനി സിനിമയിൽ സഹകരിക്കില്ലെന്ന പ്രസ്താവന സംബന്ധിച്ച് വ്യക്തത വരുത്തുകയായിരുന്നു താരം. സമൂഹ മാധ്യമത്തിലുടെയാണ് നടി തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയത്. സിനിമ സൈറ്റിൽവെച്ച് പ്രധാന നടൻ ലഹരി ഉപയോ​ഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്നാണ് വിൻസിയുടെ വെളിപ്പെടുത്തൽ.

അവരെപ്പോലുള്ളവർക്ക് ഇപ്പോഴും സിനിമകളുണ്ടെന്നും താരം പറയുന്നു. അവരെവെച്ച് സിനിമകൾ ചെയ്യാനും ആൾക്കാരുണ്ട്. സിനിമ തന്റെ ജീവിതത്തിന്റെ ഭാ​ഗം മാത്രമാണെന്നും നടി വ്യക്തമാക്കി. സിനിമയില്ലെങ്കിൽ സിനിമയില്ല എന്നുപറയാനുള്ള മനോധൈര്യവും മനക്കട്ടിയും ഉള്ള വ്യക്തിയാണ് താനെന്നും വിൻസി കൂട്ടിച്ചേർത്തു.

വിൻസിയുടെ വാക്കുകൾ ഇങ്ങനെ..

“കുറച്ചുദിവസങ്ങൾക്കുമുൻപ് ലഹരി വിരുദ്ധ ക്യാംപെയിൻ മുൻനിർത്തിക്കൊണ്ട് നടത്തിയ ഒരു പരിപാടിയിൽ പങ്കെടുക്കുകയും അവിടെ സംസാരിക്കുന്നതിനിടെ ഒരു പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. എന്റെ അറിവിൽ ലഹരി ഉപയോ​ഗിക്കുന്നവരുമായി ഞാനിനി സിനിമ ചെയ്യില്ലെന്നാണ് പറഞ്ഞത്. ഇക്കാര്യം മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു. എന്നാൽ അവയ്ക്കെല്ലാം വന്ന കമന്റുകൾ വായിച്ചപ്പോഴാണ് ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തീരുമാനിച്ചത്. എന്തുകൊണ്ട് ഞാനാ പ്രസ്താവന നടത്തിയെന്നും എന്റെ നിലപാടുകൾ വ്യക്തമാക്കണമെന്നുമുള്ള തോന്നലിൻമേലാണ് ഈ വീഡിയോ ചെയ്യുന്നത്.

പലതരം കാഴ്ചപ്പാടാണ് ആളുകൾക്കുള്ളതെന്ന് കമന്റുകൾ വായിച്ചപ്പോഴാണ് മനസിലായത്. വ്യക്തമായി അതിന്റെ കാരണം പറഞ്ഞാൽ ആളുകൾക്ക് പല കഥകൾ ഉണ്ടാക്കേണ്ടതില്ലല്ലോ. ഞാനൊരു സിനിമയുടെ ഭാ​ഗമായപ്പോൾ ആ സിനിമയിലെ പ്രധാന താരത്തിൽനിന്ന് നേരിടേണ്ടിവന്ന അനുഭവമാണ് ആ പ്രസ്താവനക്ക് കാരണം. അയാൾ ലഹരി ഉപയോ​ഗിച്ച് മോശമായ രീതിയിൽ പറഞ്ഞാലും മനസിലാവാത്ത രീതിയിൽ എന്നോടും സഹപ്രവർത്തകയോടും പെരുമാറി. മോശമെന്ന് പറയുമ്പോൾ; എന്റെ ഡ്രെസ്സിൽ ഒരു പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ, ഞാനും വരാം, ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടേയും മുന്നിൽവെച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു.

വേറൊരു സംഭവം പറയുകയാണെങ്കിൽ, ഒരു സീൻ പ്രാക്റ്റീസ് ചെയ്യുന്നതിനിടയിൽ ഈ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. സിനിമാ സെറ്റിൽ ഇതുപയോ​ഗിക്കുന്നുണ്ടെന്നത് വളരെ വ്യക്തമാണ്. അതിന്റെ ദൂഷ്യഫലങ്ങളൊക്കെ മറ്റുവശങ്ങളാണ്. സിനിമാ സെറ്റിൽ ലഹരി ഉപയോ​ഗിച്ച് അതൊരു ശല്യമായി മാറുമ്പോൾ അവർക്കൊപ്പം ജോലി ചെയ്യുന്നത് അത്ര സുഖമല്ല. എനിക്ക് അങ്ങനെ ജോലി ചെയ്യാൻ താത്പര്യമില്ല. അത്രയും ബോധം ഇല്ലാത്ത ഒരാൾക്കൊപ്പം ജോലി ചെയ്യണമെന്ന് താത്പര്യമില്ല. ഇത് എന്റെ വ്യക്തിപരമായ അനുഭവംകൊണ്ട് ഞാനെടുക്കുന്ന തീരുമാനമാണ്. ഞാൻ അൺകംഫർട്ടബിൾ ആയത് സെറ്റിൽ എല്ലാവരും അറിയുകയും സംവിധായകൻ അയാളോട് സംസാരിക്കുകയും ചെയ്തു.

പ്രധാനതാരമായി തിരഞ്ഞെടുത്ത ആളാണ്. അവർക്ക് എങ്ങനെയെങ്കിലും ഈ സിനിമ തീർക്കണമല്ലോ. ആ ഒരു നിസ്സഹായാവസ്ഥയും ഞാൻ കണ്ടിട്ടുണ്ടായിരുന്നു. പ്ലീസ് എന്ന് എല്ലാവരും പറഞ്ഞ് എന്നെ കംഫർട്ടാക്കിയാണ് ആ സിനിമ തീർത്തത്. സിനിമ പക്ഷേ നല്ലതായിരുന്നു. പക്ഷേ ആ വ്യക്തിയിൽനിന്നുണ്ടായ അനുഭവം അങ്ങനെയല്ലായിരുന്നു. അതിന്റെ പേരിലാണ് ഞാനാ തീരുമാനമെടുക്കുന്നത്. അതിന്റെ ഭാ​ഗമായി ഓരോരോ വ്യാഖ്യാനങ്ങളാണ് ആളുകളിൽനിന്നുണ്ടാവുന്നത്. എങ്കിലും അതിനെ നല്ല രീതിയിലെടുത്ത എല്ലാവരോടും നന്ദിയുണ്ട്. എന്തിനേയും കളിയാക്കുന്ന മറുവിഭാ​ഗമുണ്ടല്ലോ. നിനക്കെവിടെയാണ് സിനിമ? സിനിമ ഇല്ലാത്തതുകൊണ്ട് ഈ കാരണവും പറഞ്ഞ് സിനിമയിൽനിന്ന് പുറത്തായി എന്ന് വരുത്തിത്തീർക്കാനുള്ള ബുദ്ധിയല്ലേ ഇത് എന്നെല്ലാം പറയുന്നവർക്കുള്ള മറുപടിയാണിത്.

സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും ഞാനല്ലേ അനുഭവിക്കേണ്ടത്? സിനിമയില്ലെങ്കിൽ സിനിമയില്ല എന്നുപറയാനുള്ള മനോധൈര്യവും മനക്കട്ടിയും ഉള്ള വ്യക്തിയാണ് ഞാൻ. സിനിമയില്ലെങ്കിൽ ഞാനില്ല എന്ന് കരുതുന്ന മൈൻഡ്സെറ്റല്ല എനിക്ക്. സിനിമ എന്റെ ജീവിതത്തിന്റെ ഭാ​ഗം മാത്രമാണ്. എവിടെനിന്നാണ് വന്നതെന്നും എത്തിനിൽക്കുന്നതെന്നും ഇനി മുന്നോട്ടെങ്ങനെ പോകണമെന്നും വ്യക്തമായ ധാരണയുണ്ട്. അവസരങ്ങൾ കിട്ടുകയെന്നത് പ്രധാനമാണ്. അങ്ങനെയൊരു പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നതെങ്കിലും അങ്ങനെ സംഭവിക്കുന്നില്ല. സൂപ്പർസ്റ്റാറാണെങ്കിലും സാധാരണക്കാരനാണെങ്കിലും ഒരു നിലപാട് ഒരു വ്യക്തി എടുക്കുന്നുണ്ടെങ്കിൽ അത് നിലപാട് തന്നെയാണ്. അത് ചിന്തിക്കാനുള്ള ബോധം കമന്റിടുന്നവർക്കുണ്ടാവണം.

ലഹരി ഉപയോ​ഗിക്കുന്നവർ വ്യക്തിജീവിതത്തിൽ എന്തും ചെയ്തോട്ടേ. പക്ഷേ പൊതുവിടത്ത് ശല്യമാകുമ്പോഴാണ് എല്ലാത്തിന്റെയും പ്രശ്നം. അങ്ങനെയുള്ളവർക്ക് പരോക്ഷമായി കൊടുക്കുന്ന പിന്തുണയാണ് എനിക്ക് കമന്റ് ബോക്സുകളിൽ കാണാനായത്. അവരെപ്പോലുള്ളവർക്ക് സിനിമകളുണ്ട്. അവരെവെച്ച് സിനിമകൾ ചെയ്യാൻ ആൾക്കാരുണ്ട്. അങ്ങനെയൊക്കെ ചെയ്യുന്നത് അവർക്ക് വിനോദമാണ്. എന്റെ ജീവിതത്തിൽ ആൽക്കഹോൾ, സി​ഗരറ്റ്, മയക്കുമരുന്ന് തുടങ്ങി എന്റെ മനസിനേയോ ആരോ​ഗ്യത്തെയോ ബാധിക്കുന്ന ഒന്നും ജീവിതത്തിലുണ്ടാവില്ല എന്ന് അത്രയും ഉറപ്പിച്ചതാണ്.” വിൻസിയുടെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *