Your Image Description Your Image Description

മലപ്പുറം: ഡി-അഡിക്ഷൻ സെ​ന്ററിൽ ചികിത്സയ്ക്കെത്തിച്ച യുവാവ് മോതിരം വിഴുങ്ങി. വിഴുങ്ങിയ മോതിരം പുറത്തെടുക്കാനായി ആശുപത്രിയിലെത്തിച്ചപ്പോൾ ലഹരിക്കടിമയായ യുവാവ് അവിടെ നിന്നും ഇറങ്ങിയോടി പുഴയിൽച്ചാടി. തിരൂരിൽ പുഴയില്‍ ചാടിയ യുവാവിനെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോർത്ത് പറവൂർ സ്വദേശിയായ 26 കാരനെയാണ് വെട്ടം വിആർസി ഡി അഡിക്‌ഷൻ സെന്‍ററിൽ ചികിത്സയ്ക്കായി കൊണ്ടുവന്നത്.

ബന്ധുക്കൾ ചികിത്സയ്ക്കായി സെന്‍ററിലെത്തിച്ചതോടെ താൻ വഴിയിൽവെച്ച് മോതിരം വിഴുങ്ങിയിട്ടുണ്ടെന്ന് യുവാവ് ആശുപത്രി അധികൃതരോട് പറഞ്ഞു. തുടർന്ന് യുവാവിനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ മോതിരം പുറത്തെടുക്കാൻ എത്തിക്കുകയും ചെയ്തു. എക്സ്റേയിൽ വയറ്റിൽ മോതിരം കണ്ടു. മലവിസർജ്ജനത്തിനൊപ്പം മോതിരം പുറത്തുവരുമെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ ചികിത്സ നൽകി. തിരിച്ച് വിആർസി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് ഏറ്റിരിക്കടവ് പാലത്തിനുമുകളിൽനിന്ന് തിരൂർ-പൊന്നാനി പുഴയിലേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ രണ്ട് സുഹൃത്തുക്കളും നാട്ടുകാരും അടുത്തുള്ള തോണി ഉപയോഗിച്ച് പുഴയിലിറങ്ങി യുവാവിനെ രക്ഷിച്ചു. സാരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് പുഴയിൽച്ചാടിയ സംഭവം അറിഞ്ഞ് തിരൂരിൽ നിന്നും അഗ്നിരക്ഷാ സേനയും എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *