Home » Blog » Kerala » ​പ്രശസ്ത ഇൻസ്റ്റാഗ്രാം താരം നാഗലക്ഷ്മി കൊല്ലപ്പെട്ടു; പിന്നാലെ ഭർത്താവും ആത്മഹത്യ ചെയ്തു
fsdge-680x450

പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും വസ്ത്രവ്യാപാര രംഗത്തെ സംരംഭകയുമായ നാഗലക്ഷ്മി(42)യെ വീടിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൃത്യത്തിന് ശേഷം ഭർത്താവ് സുബ്രഹ്‌മണ്യൻ(52) വീട്ടിലെ മറ്റൊരു മുറിയിൽ തൂങ്ങിമരിച്ചു. ചെന്നൈ നങ്കനല്ലൂരിലെ വസതിയിലാണ് നാടിനെ നടുക്കിയ ദാമ്പത്യകലഹം കൊലപാതകത്തിൽ കലാശിച്ചത്.

‘ശ്രീ സായ് സിൽക്ക്‌സ്’ എന്ന സ്ഥാപനത്തിലൂടെയും ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരുള്ള വ്യക്തിയാണ് നാഗലക്ഷ്മി. ദാമ്പത്യപ്രശ്‌നങ്ങളെത്തുടർന്ന് ദീർഘകാലമായി സുബ്രഹ്‌മണ്യനുമായി അകന്നു കഴിയുകയായിരുന്നു ഇവർ. മധുരയിൽ ബന്ധുവിനൊപ്പം താമസിച്ചിരുന്ന സുബ്രഹ്‌മണ്യൻ അടുത്തിടെയാണ് നങ്കനല്ലൂരിലെ വീട്ടിലെത്തിയത്. നാഗലക്ഷ്മിയുമായി വീണ്ടും ഒത്തുപോകാൻ ഇയാൾ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് കരുതുന്നു.

വീട്ടിൽ അതിക്രമിച്ചു കയറിയ സുബ്രഹ്‌മണ്യൻ നാഗലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ചെന്നൈയിൽ ദന്തൽ വിദ്യാർഥിയായ തന്റെ രണ്ടാമത്തെ മകന് ഫോണിൽ സന്ദേശം അയച്ച ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്. സന്ദേശം കണ്ട് മകൻ ഉടൻ തന്നെ വീട്ടിലെത്തിയെങ്കിലും ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദമ്പതികളുടെ മൂത്ത മകൻ റഷ്യയിൽ എംബിബിഎസ് വിദ്യാർഥിയാണ്.

അകന്നു കഴിഞ്ഞിരുന്ന കാലയളവിലാണ് നാഗലക്ഷ്മി വസ്ത്രവ്യാപാര രംഗത്ത് ചുവടുറപ്പിച്ചത്. ഇൻസ്റ്റഗ്രാമിൽ മൂന്നരലക്ഷത്തോളം ഫോളോവേഴ്‌സുള്ള നാഗലക്ഷ്മി തന്റെ ബിസിനസ്സ് വലിയ വിജയമാക്കി മാറ്റിയിരുന്നു. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ ചെന്നൈ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.