Your Image Description Your Image Description

ബെംഗളൂരു: എട്ട് വര്‍ഷം നീണ്ട പ്യൂമയുമായുള്ള 110 കോടി രൂപയുടെ കരാര്‍ അവസാനിച്ചതോടെ വിരാട് കോഹ്‌ലിക്ക് പുതിയ സ്പോണ്‍സര്‍മാരായതായി റിപ്പോര്‍ട്ട്. സ്പോര്‍ട്‌വെയര്‍ സ്റ്റാര്‍ട്ടപ്പായ അജിലിറ്റാസായിരിക്കും കോഹ്‌ലിയുടെ പുതിയ സ്പോണ്‍സര്‍മാര്‍ എന്നാണ് റിപ്പോർട്ട്. അജിലിറ്റാസില്‍ കോഹ്‌ലി നിക്ഷേപകനായി മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഐപിഎല്‍ 2025 സീസണിനിടെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് സൂചന.

നീണ്ട എട്ട് വര്‍ഷക്കാലം ജര്‍മ്മന്‍ സ്പോര്‍ട്‌സ്‌വെയര്‍ ബ്രാന്‍ഡായ പ്യൂമയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലിയുടെ സ്പോണ്‍സര്‍മാര്‍. 2017ലാണ് കോലിയും പ്യൂമയുമായുള്ള കരാര്‍ ആരംഭിച്ചത്. പ്യൂമയുടെ ഇന്ത്യയിലെ അംബാസഡറുമായിരുന്നു കിംഗ് കോഹ്‌ലി. എട്ട് വര്‍ഷക്കാലത്തേക്ക് 110 കോടി രൂപയുടെ പരസ്യ കരാറായിരുന്നു കോഹ്‌ലിയും പ്യൂമയും തമ്മിലുണ്ടായിരുന്നത്. കോഹ്‌ലി അംബാസിഡറായതോടെ രാജ്യത്തെ ഏറ്റവും വലിയ കായിക വസ്ത്ര നിര്‍മാതാക്കളായി പ്യൂമ ഇന്ത്യ മാറിയിരുന്നു. എന്നാലിപ്പോള്‍ കരാര്‍ പുതുക്കാതെ കോഹ്‌ലിയുമായുള്ള പങ്കാളിത്തം അവസാനിച്ചതായി പ്യൂമ ഇന്ത്യ അറിയിച്ചു.

ഐപിഎല്‍ പതിനെട്ടാം സീസണില്‍ നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി കളിച്ചുകൊണ്ടിരിക്കുകയാണ് വിരാട് കോഹ്‌ലി. ഈ ഐപിഎല്‍ സീസണിനിടെ കോഹ്‌ലിയും അജിലിറ്റാസും തമ്മിലുള്ള കരാര്‍ പ്രഖ്യാപനമുണ്ടായേക്കും. പ്യൂമ ഇന്ത്യയുടെയും സൗത്ത്-ഈസ്റ്റ് ഏഷ്യ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഭിഷേക് ഗാംഗുലി 2023ല്‍ സ്ഥാപിച്ച കായിക വസ്ത്ര നിര്‍മ്മാണ കമ്പനിയാണ് അജിലിറ്റാസ്. ബെംഗളൂരുവാണ് അജിലിറ്റാസിന്‍റെ ആസ്ഥാനം. ബ്രാന്‍ഡിനെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അജിലിറ്റാസില്‍ കോഹ്‌ലി നിക്ഷേപകനാകും എന്ന സൂചന 2024 ഫെബ്രുവരി മുതൽ തന്നെ ഉണ്ടായിരുന്നു. നെക്‌സസ് വെന്‍ച്വറില്‍ നിന്ന് 100 കോടി രൂപയുടെ നിക്ഷേപം അജിലിറ്റാസിന് 2023ല്‍ ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *