Your Image Description Your Image Description

ബീജിങ്: വടക്കന്‍ ചൈനയില്‍ ശക്തമായ കാറ്റ് വീശുമെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തലസ്ഥാനമായ ബീജിങ്, തിയാന്‍ജിന്‍, ഹീബൈ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 150 കിമീ വരെ വേഗതയില്‍ കാറ്റുവീശിയേക്കും. 50 കിലോയിലധികം ഭാരമില്ലാത്തവര്‍ പുറത്തിറങ്ങുന്നത് അപകടമാണെന്നും ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജനങ്ങള്‍ പുറത്തിറങ്ങരുത് എന്നാണ് നിര്‍ദേശം. ഏപ്രില്‍ 11 മുതല്‍ 13 വരെയാണ് മുന്നറിയിപ്പ് നല്‍കിയത്. മുന്നറിയിപ്പിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുകയും പൊതുപരിപാടികള്‍ റദ്ദാക്കുകയും ചെയ്തു.

ബീജിങ്ങില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. നിരവധി ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഏറെക്കാലത്തിന് ശേഷം ആദ്യമായാണ് ബീജിങ്ങില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിക്കുന്നത്. ഏപ്രില്‍ 29ന് ആരംഭിക്കാനിരിക്കുന്ന ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ട് ഹാഫ് മാരത്തോണും പാര്‍ക്കുകളും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. വിനോദ യാത്രകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. ലെവല്‍ 10-11 തീവ്രതയുള്ള കാറ്റിന് സാധ്യതയെന്നാണ് ചൈനീസ് കാലാവസ്ഥാ വകുപ്പായ നാഷണല്‍ മെട്രോളജിക്കല്‍ സെന്റര്‍ (NMC) പറയുന്നത്.

കാറ്റിനെ തുടര്‍ന്ന് മണല്‍ക്കാറ്റ് മുന്നറിയിപ്പും പുറപ്പെടുവിച്ചു. മംഗോളിയായാണ് കാറ്റിന്റെ പ്രഭവകേന്ദ്രം. മംഗോളിയയില്‍ ശൈത്യതരംഗമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ശക്തിയേറിയ കാറ്റിന് കാരണമെന്നും പറയുന്നു. നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ ചൈന മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഊഹാപോഹം പ്രചരിപ്പിക്കരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച രാത്രി 8 ന് ശേഷം കാറ്റിന്റെ ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍. തലസ്ഥാനത്ത് ശനിയാഴ്ച താപനില 12 ഡിഗ്രി സെല്‍ഷ്യസ് കുറയും.

Leave a Reply

Your email address will not be published. Required fields are marked *