Your Image Description Your Image Description

കോഴിക്കോട്: കേരളത്തിൽ ഹെറോയിൻ വൻതോതിൽ വിതരണം ചെയ്യുന്ന പശ്ചിമ ബം​ഗാൾ സ്വ​ദേശി പിടിയിലായത് മെഡിക്കൽ ഷോപ്പ് ജീവനക്കാരുടെ ജാ​ഗ്രതയിൽ. പശ്ചിമബംഗാൾ സ്വദേശി കൽസർ അലി(29)യെയാണ് എക്സൈസ് പിടികൂടിയത്. മെഡിക്കൽ സ്റ്റോറിൽ നിന്നും ഇയാൾ വൻതോതിൽ സിറിഞ്ചുകൾ വാങ്ങിയതോടെ കടയിലെ ജീവനക്കാരന് തോന്നിയ സംശയമാണ് അലിയെ കുടുക്കിയത്.

ബംഗ്ലാദേശിൽ നിന്ന് കേരളത്തിലേക്ക് ഹെറോയിൻ എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ കൽസർ അലി. കോഴിക്കോട് പുല്ലാളൂരിൽ നിന്നാണ് എക്‌സൈസ് സംഘം ഇയാളെ പിടികൂടിയത്. അസാധാരണമായ വിധം ഇയാൾ സിറിഞ്ചുകൾ വാങ്ങാനെത്തിയിരുന്നത് മെഡിക്കൽ ഷോപ്പ് ജീവനക്കാരിൽ സംശയമുണ്ടാക്കിയിരുന്നു. തുടർന്ന് എക്‌സൈസ് സംഘത്തിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ബംഗ്ലാദേശിൽ നിന്നാണ് ഇയാൾ കേരളത്തിലേക്ക് ഹെറോയിൻ എത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയിൽ ലഹരി വിൽപന നടത്തുന്നവരിൽ പ്രധാനിയാണിയാൾ. ഗ്രാമിന് 1000 രൂപ നിരക്കിൽ വാങ്ങിയിരുന്ന ഹെറോയിൻ 2000 രൂപയ്ക്കാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കിടയിൽ വിൽപന നടത്തിയിരുന്നത്. ബംഗ്ലാദേശിൽ നിന്നും ഹെറോയിൻ എത്തിക്കുന്ന മുഖ്യസൂത്രധാരനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. കോഴിക്കോട് എക്‌സൈസ് സിഐ ടി രാജീവ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി ഉണ്ണിക്കൃഷ്ണൻ, പ്രവന്റീവ് ഓഫീസർ കെ പ്രവീൺ കുമാർ, കെ ജുബീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെകെ രസൂൺ കുമാർ, എഎം അഖിൽ, കെ ദീപക്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ഒടി മനോജ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *