Your Image Description Your Image Description

ലണ്ടനില്‍ 2012-ല്‍ നടന്ന ഒളിമ്പിക്‌സിലാണ് ബോക്‌സിങ്ങില്‍ മേരി കോം വെങ്കലമെഡല്‍ നേടി ചരിത്രം കുറിച്ചത്. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിക്കൊണ്ട് മേരി കോം റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ മണിപ്പൂർകാരിയായ മേരി കോമിന് പത്മവിഭൂഷണ്‍ നല്‍കിയാണ് രാജ്യം ആദരിച്ചത്. എന്നാൽ ജീവിതത്തിൽ ഇത്രയെല്ലാം നേട്ടങ്ങള്‍ കൊയ്‌തെടുത്ത മേരികോം ഇപ്പോള്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണ്. ഭര്‍ത്താവ് ഓന്‍ലെറുമൊത്തുള്ള വിവാഹബന്ധം അവസാനിപ്പിക്കാനൊരുങ്ങുകയാണെന്ന വാര്‍ത്തയും മറ്റൊരാളുമായി പ്രണയത്തിലാണെന്ന അഭ്യൂഹവുമാണ് സൈബര്‍ ആക്രമണത്തിന് പിന്നിൽ.

കുറച്ച് കാലമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന മേരി കോമും ഓന്‍ലെറും വിവാഹമോചിതരാകാന്‍ ഒരുങ്ങുകയാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ, തന്റെ ബിസിനസ് പങ്കാളിയും മേരി കോം ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണുമായ ഹിതേഷ് ചൗധരിയുമായി ഇവർ പ്രണയത്തിലാണെന്ന അഭ്യൂഹം പരക്കുകയായിരുന്നു. എക്‌സ് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ രോഷത്തോടെയാണ് ആരാധകര്‍ പ്രതികരിക്കുന്നത്. പണത്തിനും പ്രശസ്തിക്കും വേണ്ടി ഓന്‍ലെറിനെ ‘ഉപേക്ഷിച്ചു’ എന്നാരോപിച്ച് പലരും മേരിയെ കുറ്റപ്പെടുത്തി. മേരിയും ഹിതേഷുമൊന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഒരാള്‍ കുറിച്ചത് ‘ഇതാ മേരി കോമിന്റെ പുതിയ ഭര്‍ത്താവ്’ എന്നാണ്. ‘പുതിയതല്ല, രണ്ടാം ഭര്‍ത്താവാണ് ഇത്’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

ഓന്‍ലെറുമായി പിരിഞ്ഞതിന് ഗോള്‍ഡ് ഡിഗ്ഗര്‍, ഹോം റെക്കര്‍ തുടങ്ങി ഒട്ടേറെ അധിക്ഷേപ വാക്കുകളാണ് മേരി കോമിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മേരി കോമിന്റെ ബോക്സിങ് കരിയറിന് വേണ്ടി തന്റെ ഫുട്ബോൾ കരിയർ പോലും ഓൻലെർ ഉപേക്ഷിച്ചുവെന്നും 20 വർഷമായി നാല് കുട്ടികളെ നോക്കി വളർത്തുകയും മേരിയെ പിന്തുണയ്ക്കുകയും ചെയ്ത ഭര്‍ത്താവിനെ പണവും പ്രതാവും ലഭിച്ചപ്പോള്‍ മേരി ഉപേക്ഷിച്ചുവെന്നും ചിലർ എക്സിൽ കുറിച്ചു. വിവാഹമോചനമാണ് വിഷയമെന്നതിനാല്‍ തന്നെ ജീവനാംശവും ചര്‍ച്ചകളില്‍ സജീവമാണ്. ഉയര്‍ന്ന വരുമാനമുള്ള ആളായതിനാല്‍ മേരി കോം ഓന്‍ലെറിന് ജീവനാംശം നല്‍കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. ഇത് കൂടാതെ മേരി കോമിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *