Your Image Description Your Image Description

ചെന്നൈ: ഐപിഎല്‍ കമന്‍ററിക്കിടെ മുന്‍ ഇന്ത്യൻ താരം നവജ്യോത് സിംഗ് സിദ്ദുവുമായുള്ള വാക് പോരിന് പിന്നാലെ താന്‍ എക്കാലത്തും ധോണിയുടെ ആരാധകനാണെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അമ്പാട്ടി റായിഡു വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്.

ഞാനൊരു തല ആരാധകനായിരുന്നു, ഞാനൊരു തല ആരാധകനാണ്, ഞാന്‍ എക്കാലവും തല ആരാധകനായിരിക്കും, മറ്റുള്ളവര്‍ എന്തുപറയുന്നു എന്നത് എനിക്ക് വിഷയമല്ല. അതെന്‍റെ നിലപാടില്‍ ഒരു ശതമാനം പോലും മാറ്റം വരുത്തില്ല. അതുകൊണ്ട് തന്നെ അനാവശ്യ വിവാദങ്ങൾക്ക് പിന്നാലെ പോയി വിലപ്പെട്ട സമയവും പണവും ചെലവഴിക്കാതെ അത് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കു. അര്‍ഹരായ ഒട്ടേറെപ്പേര്‍ക്ക് അത് ഗുണകരമാകുമെന്നായിരുന്നു അമ്പാട്ടി റായിഡുവിന്‍റെ എക്സ് പോസ്റ്റ്.

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ക്രീസിലെത്തിയ ധോണിയെ കമന്‍ററിക്കിടെ വാളുമായി പടക്കളത്തിലേക്കിറങ്ങുന്ന യുദ്ധവീരനോട് അമ്പാട്ടി റായിഡു ഉപമിച്ചിരുന്നു. എന്നാല്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരം ഫിനിഷ് ചെയ്യാന്‍ കഴിയാതിരുന്നതോടെ അമ്പാട്ടി റായിഡുവിനെതിരെ വിമ‍ർശനങ്ങളും ട്രോളുകളുമായി ആരാധകര്‍ രംഗത്തെത്തി. കമന്‍ററിക്കിടെ ധോണിയെ യുദ്ധവീരനോട് ഉപമിച്ച റായിഡുവിനെ സഹ കമന്‍റേറ്ററായ നവജ്യോത് സിംഗ് സിദ്ദുവും പരിഹസിച്ചിരുന്നു.

ഇതിന് പിന്നാലെ ടീമിനോടുള്ള കൂറ് മാറുന്ന കാര്യത്തില്‍ സിദ്ദു ഓന്തിനെപ്പോലെയാണെന്ന് റായിഡു മറുപടി നല്‍കുകയും ഓന്ത് ആരുടെയെങ്കിലും കുലദൈവമാണെങ്കില്‍ അത് റായിഡുവിന്‍റേതാണെന്ന് സിദ്ദു തിരിച്ച് മറുപടി നല്‍കുകയും ചെയ്തു. ഐപിഎല്ലില്‍ മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം കൂടിയായ റായിഡു 2023ൽ ചെന്നൈയുടെ കിരീടനേട്ടത്തോടെയാണ് വിരമിച്ചത്. ഗുജറാത്തിനെ തോല്‍പ്പിച്ച് ചെന്നൈ കിരീടം നേടിയപ്പോള്‍ കിരീടം ഏറ്റുവാങ്ങാന്‍ ധോണി റായിഡുവിനെയായിരുന്നു വേദിയിലേക്ക് ക്ഷണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *