Your Image Description Your Image Description

ന്യൂഡല്‍ഹി: അങ്ങനെ ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന പ്രഖ്യാപനം എത്തി. 2028-ലെ ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയതായി ഔദ്യോഗിക പ്രഖ്യാപനം വന്നു. ക്രിക്കറ്റ് ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തുന്നതിന് അംഗീകാരം നല്‍കിയത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എക്‌സിക്യുട്ടീവ് ബോര്‍ഡാണ്. ടി20 ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍.

പുരുഷന്മാര്‍ക്കും വനിതകള്‍ക്കും വെവ്വേറെ ടൂര്‍ണമെന്റുകള്‍ നടത്തും. ഇരുവിഭാഗങ്ങളിലും ആറുവീതം ടീമുകള്‍ക്ക് പങ്കെടുക്കാമെന്നും സംഘാടകര്‍ അറിയിച്ചു. ഓരോ വിഭാഗത്തിലും പരമാവധി 90 അത്‌ലറ്റുകള്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാമെന്നാണ് സംഘാടകര്‍ വ്യക്തമാക്കിയത്. അതിനാല്‍ ഓരോ ടീമും പതിനഞ്ചംഗ സ്‌ക്വാഡിനെയാണ് ഒളിമ്പിക്‌സിന് അണിനിരത്തുക. പുരുഷന്മാരില്‍ ഇന്ത്യയും വനിതകളില്‍ ന്യൂസീലന്‍ഡുമാണ് നിലവിലെ ടി20 ലോകകപ്പ് ചാമ്പ്യന്മാര്‍.

അതേസമയം, ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തേണ്ട വേദി സംബന്ധിച്ചോ സമയക്രമം സംബന്ധിച്ചോ തീരുമാനമായില്ല. ഒളിമ്പിക്‌സിനോട് അടുപ്പിച്ചായിരിക്കും ഷെഡ്യൂള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവരിക. ടീമുകളുടെ യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങളും പ്രഖ്യാപിച്ചിട്ടില്ല. ആതിഥേയരെന്ന നിലയ്ക്ക്, ഇരുവിഭാഗങ്ങളിലും യു.എസ്. നേരിട്ട് യോഗ്യത നേടിയേക്കും. അങ്ങനെവന്നാല്‍ ബാക്കി അഞ്ച് ടീമുകള്‍ക്ക് മാത്രമേ അവസരം ലഭിക്കൂ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ (ഐസിസി) 12 രാജ്യങ്ങളാണ് സ്ഥിരാംഗങ്ങളായുള്ളത്. 94 രാജ്യങ്ങള്‍ അസോസിയേറ്റ് മെമ്പര്‍മാരായുമുണ്ട്.

അതേസമയം, 128 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക് തിരിച്ചുവരുന്നത്. 1900-ല്‍ പാരീസില്‍ നടന്ന ഒളിമ്പിക്‌സിലാണ് അവസാനമായി ക്രിക്കറ്റ് മത്സരം നടന്നത്. അന്ന് ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ രണ്ടുദിവസം നീണ്ടുനിന്ന മത്സരമാണ് നടന്നത്. ക്രിക്കറ്റിന് പുറമേ ബേസ്‌ബോള്‍, സോഫ്റ്റ്‌ബോള്‍, ഫ്‌ളാഗ് ഫുട്‌ബോള്‍, ലാക്രസ്, സ്‌ക്വാഷ് എന്നീ നാല് മത്സരങ്ങൾക്കൂടി ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *