Your Image Description Your Image Description

ഹൈദരാബാദ്: ഹൈദരാബാദിലെ ദിൽസുഖ് നഗർ സ്‌ഫോടന കേസിലെ പ്രതികളുടെ വധശിക്ഷ തെലങ്കാന ഹൈക്കോടതി ശരിവച്ചു. 2013-ൽ ആണ് ദിൽസുഖ് നഗർ സ്‌ഫോടനമുണ്ടായത്. ഈ കേസിൽ എൻഐഎ കോടതിയുടെ വിധി ശരിവച്ചുകൊണ്ട് പ്രതികളുടെ അപ്പീലുകൾ തള്ളുകയായിരുന്നു. യാസീൻ ഭട്കൽ, സിയാവുർ റഹ്‌മാൻ, അസദുള്ള അക്തർ, തെഹ്‌സീൻ അക്തർ, ഐജാസ് ഷെയ്ഖ് എന്നിവരുടെ വധശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്. തീവ്രവാദ സംഘടനയായ ഇന്ത്യൻ മുജാഹിദ്ദീൻ അംഗങ്ങളാണ് ഇവർ.

2013 ഫെബ്രുവരി 21-ന് സന്ധ്യക്കാണ് ദില്‍സുഖ് നഗറിലെ തിരക്കേറിയ ചായക്കടയിലും തൊട്ടടുത്ത സിനിമാ തിയേറ്ററിനടുത്തും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ സ്ഫോടനങ്ങളുണ്ടായത്. 19 പേര്‍ സംഭവസ്ഥലത്ത് മരിച്ചു. 130 പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

ഇന്ത്യന്‍ മുജാഹിദ്ദീനാണ് സ്ഫോടനം നടത്തിയതെന്ന് തിരിച്ചറിഞ്ഞ എന്‍ഐഎ ആറുമാസത്തിനകംതന്നെ സൂത്രധാരന്മാരായ യാസീൻ ഭട്കല്‍, അസദുള്ള അക്തര്‍ എന്നിവരെ ബിഹാര്‍-നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് പിടികൂടിയിരുന്നു. തുടര്‍ന്ന്, തഹസീന്‍ അക്തര്‍, പാകിസ്താനിയായ സിയാവുർ റഹ്‌മാൻ, അജാസ് ഷെയ്ഖ് എന്നിവരെയും പിടികൂടി. മുഖ്യപ്രതിയായ റിയാസ് ഭട്കല്‍ എന്ന ഷാ റിയാസ് അഹമ്മദ് മുഹമ്മദ് ഇസ്മായില്‍ ഷഹ്ബന്ധരി ഇപ്പോഴും ഒളിവിലാണ്.

അറസ്റ്റിലായ അഞ്ചുപേരുടെയും കേസ് 2015 മുതൽ ചെര്‍ളപ്പള്ളി സെന്‍ട്രല്‍ ജയിലിലെ പ്രത്യേക കോടതിയില്‍ നടന്നുവരികയായിരുന്നു. കേസിനായി എന്‍ഐഎ 158 സാക്ഷികളെ വിസ്തരിച്ചു. 201 സ്ഫോടനവസ്തുക്കളുടെ ഭാഗങ്ങളും 500 രേഖകളും ഹാജരാക്കി. 2016-ലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *