Your Image Description Your Image Description

സിഡ്നി: ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം ആഷ്‍ലി ഗാർഡ്നർ വിവാഹിതയായി. സ്വർ​ഗാനുരാ​ഗിയായ താരം തന്റെ കൂട്ടുകാരിയായ മോണിക്കയെയാണ് വിവാഹം കഴിച്ചത്. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. മോണിക്കയ്ക്കൊപ്പമുള്ള വിവാഹ ചിത്രങ്ങൾ ആഷ്‍ലി ഗാർ‌ഡ്നർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളായ അലിസ ഹീലി, എലിസ് പെറി, കിം ഗാർത്ത് എന്നിവരും വിവാ​​ഹ ചടങ്ങുകൾക്ക് സാക്ഷികളാകാൻ എത്തിയിരുന്നു.

വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സ് ടീമിന്റെ ക്യാപ്റ്റനാണ് ആഷ്‍ലി ഗാർഡ്നർ. ആഷ്‍ലിയുടെ നേതൃത്വത്തിൽ വനിതാ ലീഗിന്റെ എലിമിനേറ്റർ ഘട്ടം വരെ ഗുജറാത്ത് എത്തിയിരുന്നു. ഹർമൻപ്രീത് കൗർ നയിച്ച മുംബൈ ഇന്ത്യൻസിനോടു തോറ്റാണ് ഗുജറാത്ത് നോക്കൗട്ടിൽ പുറത്താകുന്നത്.

27 വയസ്സുകാരിയായ ആഷ്‍ലി ഓസ്ട്രേലിയൻ വനിതാ ടീമിൽ ഓൾറൗണ്ടറായാണു കളിക്കുന്നത്. ഏകദിനത്തിൽ 77 മത്സരങ്ങളും ട്വന്റി20യിൽ 96 മത്സരങ്ങളും ഓസ്ട്രേലിയയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ ഏഴു കളികളിലും താരത്തിന് അവസരം ലഭിച്ചു.

കഴിഞ്ഞ കുറേ വർഷങ്ങളായി മോണിക്കയുമായി പ്രണയത്തിലായിരുന്നു താരം. എന്നാൽ, വിവാഹത്തെ കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാൽ, ഒരുവർഷം മുമ്പാണ് താരം തന്റെ കാമുകിയെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *