Your Image Description Your Image Description

ഇടിമിന്നലുണ്ടാകുന്ന സമയം വലിയ മരങ്ങളുടെ അടിയിൽ നിൽക്കരുത് എന്ന മുന്നറിയിപ്പിനെ കുറിച്ച് നമുക്കെല്ലാം അറിയാം. വലിയ മരങ്ങൾക്ക് ഇടിമിന്നലേൽക്കാനുള്ള സാധ്യത കൂടുതലാണെന്ന തിരിച്ചറിവാണത്. എന്നാൽ, ഇടിമിന്നലിനെ പിടിച്ചെടുത്ത് ശത്രുക്കളെ നശിപ്പിക്കുന്ന ഒരു മരത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? മരങ്ങളെയും കാടുകളെയും കരിച്ചുകളയുന്ന ഇടിമിന്നലിനെ സ്വീകരിച്ച് തന്റെ തടിയിലൂടെ കടത്തിക്കൊണ്ടു പോകാൻ പ്രാപ്തിയുള്ളവനാണ് ഈ മരം. പേര് ഡിപ്റ്റീരിക്സ് ഒളിഫേറ. ഈ പേര് നമുക്ക് സുപരിചിതമല്ലെങ്കിലും ടോങ്ക ബീൻ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകുമല്ലോ? അതെ, പെർഫ്യൂം നിർമ്മാണത്തിന് ഉപയോ​ഗിക്കുന്ന ടോങ്ക ബീൻ കുരു ഉത്പാദിപ്പിക്കുന്ന മരമാണ് ഇടിമിന്നലിനെ സുരക്ഷിതമായി സ്വീകരിക്കുന്നത്. ഇതിന്റെ ഇലക്ട്രിക് വയറിലൂടെ വൈദ്യുതി എങ്ങനെയാണോ കടന്നു പോകുന്നത് അതുപോലെ ഈ വൃക്ഷം അതിന്റെ തടിയിലൂടെ ഇടിമിന്നലിനെ കടത്തിക്കൊണ്ട് പോകും.

ഇടിമിന്നലിനെ ഫലപ്രദമായി തന്റെ എതിരാളികളെ നശിപ്പിക്കാൻ ഡിപ്റ്റീരിക്സ് ഒളിഫേറ എന്നു ശാസ്ത്രീയ നാമമുള്ള ഈ മരം ഉപയോഗിക്കുന്നെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പഠനം. ടോങ്ക ബീൻ മരത്തിന് ഇടിമിന്നലേറ്റാലും കുഴപ്പമുണ്ടാകില്ല. പതിറ്റാണ്ടുകൾ നീണ്ട ഗവേഷണത്തിനു ശേഷമാണ് ശാസ്ത്രജ്ഞർ ഈ സത്യം തിരിച്ചറിഞ്ഞത്. ഒരു ഇലക്ട്രിക് വയർ പോലെ ഇടിമിന്നലിലെ വൈദ്യുതി വഹിച്ചുകൊണ്ടുപോകാനുള്ള ശേഷി ടോങ്ക ബീൻ മരങ്ങളുടെ തടിക്കുണ്ട്. ഈ സവിശേഷതയാണ് ഇടിമിന്നൽ ചെറുക്കാൻ ഇവയ്ക്കു കരുത്താകുന്നത്.

ഇവ വഹിക്കുന്ന വൈദ്യുതി മൂലം ചുറ്റുവട്ടത്ത് ഈ മരത്തിന്റെ വളർച്ചയ്ക്ക് തടസ്സമായി നിൽക്കുന്ന എതിരാളി വൃക്ഷങ്ങളും ടോങ്ക ബീൻ മരത്തിലേക്കു കടന്നുകയറിയിരിക്കുന്ന വള്ളിച്ചെടികളുമൊക്കെ നശിക്കും. ഇതെല്ലാം ടോങ്ക ബീൻ മരത്തിന്റെ വളർച്ചയ്ക്കു മുതൽക്കൂട്ടാണ്. ടോങ്ക ബീൻ മരങ്ങൾ 40 മീറ്റർ വരെ പൊക്കത്തിൽ വളരുന്നതിനാൽ ഇവയ്ക്കു മിന്നലേൽക്കാൻ സാധ്യത കൂടുതലാണ്. ഓരോ മിന്നൽ പ്രഹരത്തിനു ശേഷവും ഇവയുടെ വിത്തുൽപാദനത്തിലും വലിയതോതിൽ കൂടുമെന്ന് ഗവേഷകർ കണ്ടെത്തി.

ആമസോൺ നദികളുടെ തീരത്താണ് ഈ മരങ്ങൾ വളരുന്നത്. ഇതിന് 20 മുതൽ 400 മീറ്റർ വരെ ഉയരമുണ്ട്, തേക്ക് പോലുള്ള ചുവന്ന തടിയും, 50 മുതൽ 70 സെന്റീമീറ്റർ വരെ വ്യാസവും, വാൽനട്ടിനെ അനുസ്മരിപ്പിക്കുന്ന വലിയ ഇലകളും, പഴം പാകമാകുമ്പോൾ സുഗന്ധമുള്ള പൂക്കളുമുണ്ട്. ഇതിന്റെ പഴങ്ങൾ ബദാം ആകൃതിയിലുള്ളതും, ഓരോന്നിലും കറുത്ത, ഓവൽ, ദീർഘചതുരാകൃതിയിലുള്ള, തിളങ്ങുന്ന ഒരു വിത്ത് അടങ്ങിയിരിക്കുന്നു, അത് ഉണങ്ങുമ്പോൾ ചുളിവുകൾ വീഴുന്നു. പിന്നീട് അത് മണക്കാൻ തുടങ്ങുകയും അതിന്റെ സുഗന്ധം വ്യക്തമാവുകയും ചെയ്യുന്നു. ഈ മരത്തിൽ നിന്നു കിട്ടുന്ന കായകൾ ടോങ്ക ബീൻ സീഡുകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവ പാചകത്തിലും പെർഫ്യൂം നിർമാണത്തിലുമൊക്കെ ഉപയോഗിക്കപ്പെടാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *