Your Image Description Your Image Description

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ കുറ്റക്കാരനായ അധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കും. വൈസ് ചാൻസിലർക്ക് അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് വിസിയാണ്.

ബൈക്കിൽ ഉത്തരക്കടലാസ് പാലക്കാടേക്ക് കൊണ്ടുപോയത് വീഴ്ചയെന്നാണ് അന്വേഷണ സമിതി റിപ്പോർട്ട്. പൂജപ്പുര ഐസിഎം കോളേജിലെ ഗസ്റ്റ് ലക്ചററാണ് അധ്യാപകൻ. പുനഃപരീക്ഷയ്ക്ക് വേണ്ടിവന്ന ചെലവ് ഈ കോളജിൽ നിന്ന് ഈടാക്കാനും തീരുമാനമുണ്ട്. അതേസമയം സർവകലാശാലയിലെ പരീക്ഷകളുടെ മൂല്യനിർണയം കേന്ദ്രീകൃത സംവിധാനമാക്കി മാറ്റാനും തീരുമാനമുണ്ട്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് അപ്‌ലോഡ‍് ചെയ്ത് മാർക്കിടനാകുന്ന രീതിയാണ് ആദ്യം അവലംബിക്കുക. ഉത്തരക്കടലാസുകൾ അധ്യാപകർക്ക് കൊടുത്തുവിടുന്ന രീതി അവസാനിപ്പിക്കും.

ഉത്തരക്കടലാസ് നഷ്ടമായ സാഹചര്യത്തിൽ നടത്തിയ പുനഃപരീക്ഷ ഇന്നലെ പൂർത്തിയായി. പരീക്ഷ എഴുതേണ്ടിയിരുന്ന 71 വിദ്യാർത്ഥികളിൽ 65 പേരും പരീക്ഷയ്ക്കെത്തി. പരീക്ഷ എഴുതാൻ സാധിക്കാതിരുന്നവർക്ക് 22ആം തീയതി വീണ്ടും പരീക്ഷ നടത്തും. ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *