Your Image Description Your Image Description

കൊച്ചി: കഴിഞ്ഞ ദിവസം ആറുമണിക്കൂറോളം ചോദ്യം ചെയ്തതിന് പിന്നാലെ ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി ​ഗോകുലം ​ഗോപാലന് നോട്ടിസ് നൽകി. എമ്പുരാൻ സിനിമ വിവാദം കത്തിയതിന് പിന്നാലെയാണ് സിനിമയുടെ നിർമ്മാതാവായ ​ഗോകുലം ​ഗോപാലന്റെ ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തിയത്. എന്നാൽ, ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾക്ക് എമ്പുരാൻ സിനിമ വിവാദവുമായി ബന്ധമില്ലെന്നാണ് ഉദ്യോ​ഗസ്ഥരുടെ പ്രതികരണം.

ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചെന്നും ചട്ടങ്ങൾ ലംഘിച്ചെന്നാണ് ഇ.ഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഫെമ നിയമം ലംഘിച്ച് പ്രവാസികളിൽ നിന്നടക്കം പണം സ്വീകരിച്ചെന്നാണ് ഇഡി ആരോപിക്കുന്നത്. ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫിസുകളിൽ നടന്ന റെയ്ഡിനു പിന്നാലെ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തിരുന്നു. ആറു മണിക്കൂറോളമാണ് ​ഗോകുലം ​ഗോപാലനെ ഇന്നലെ ചോദ്യം ചെയ്തത്. ഇതിനു പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടിസ് നൽകിയത്. നേരത്തെ രണ്ടു തവണ ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഗോപാലൻ ഹാജരാക്കിയ രേഖകളിൽ ഇ.ഡി പരിശോധന തുടരുകയാണെന്നാണ് വിവരം.

സംശയം തോന്നിയ കാര്യങ്ങളാണ് ഇ.ഡി ചോദിച്ചതെന്ന് ഗോകുലം ഗോപാലൻ ഇന്നലെ പറഞ്ഞിരുന്നു. അതിനുള്ള ഉത്തരം കൃത്യമായി നൽകിയിട്ടുണ്ട്. മറ്റു കാര്യങ്ങളെ കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. കൊച്ചിയിൽ സോണൽ ഓഫിസിൽ വിളിച്ചു വരുത്തിയാണ് ഉച്ചയ്ക്ക് ഒരു മണിയോടെ ചോദ്യം ചെയ്യൽ ആരംഭിച്ചത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും ഇ.ഡി ഓഫിസിലേക്ക് കയറുന്നതിനു മുൻപ് ഗോകുലം ഗോപാലൻ പറഞ്ഞിരുന്നു.

‘എമ്പുരാൻ’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നടന്ന റെയ്ഡിന് രാജ്യവ്യാപകമായ ശ്രദ്ധയും ലഭിച്ചിരുന്നു. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ആന്റ് ഫിനാൻസിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോർപറേറ്റ് ഓഫിസിലും ഗോകുലം മാളിലുമാണ് വെള്ളിയാഴ്ച ഇ.ഡി പരിശോധന നടത്തിയത്. ചെന്നൈയിലെ പരിശോധന ശനിയാഴ്ചയും തുടർന്നിരുന്നു.

റെയ്ഡിൽ ഒന്നര കോടി രൂപയും ഫെമ നിയമം ലംഘിച്ചതിന്റെ രേഖകളും പിടിച്ചെടുത്തിരുന്നു. മാത്രമല്ല, ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് പ്രവാസികളിൽനിന്നും 371.80 കോടി രൂപയും 220.74 കോടി രൂപയുടെ ചെക്കും സ്വീകരിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഇത് റിസർവ് ബാങ്ക് ചട്ടങ്ങളുടെയും വിദേശ നാണയ വിനിമയ ചട്ടങ്ങളുടെയും (ഫെമ) ലംഘനമാണെന്ന് ഇ.ഡി പറയുന്നു. 592.54 കോടി രൂപ പ്രവാസികളിൽനിന്ന് സ്വീകരിച്ചതിനു പുറമെ രാജ്യത്തിനു പുറത്ത് താമസിക്കുന്നവർക്ക് വലിയ അളവിൽ പണം നൽകിയിട്ടുണ്ടെന്നും ഇതും ഫെമ ചട്ടങ്ങൾ ലംഘിച്ചു കൊണ്ടാണെന്നും ഇ.ഡി കണ്ടെത്തി. റെയ്ഡിന്റെ ഭാഗമായി ഗോകുലം ഗോപാലനെ ചെന്നൈയിൽ വിളിച്ചു വരുത്തുകയും ഏഴു മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ ബാക്കി നടപടി ആയിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യൽ.

Leave a Reply

Your email address will not be published. Required fields are marked *