Your Image Description Your Image Description

കൊച്ചി: സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസ​ഡറാകാൻ ഗായകൻ എം.ജി ശ്രീകുമാർ എത്തും. തദ്ദേശ ഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന മാലിന്യമുക്ത നവകേരളം പദ്ധതിയിൽ അംബാസഡറാകാൻ സന്നദ്ധത അറിയിച്ച് എം.ജി ശ്രീകുമാർ മുന്നോട്ടെത്തുകയായിരുന്നു. ഏപ്രിൽ ഒമ്പതിന്‌ ആരംഭിച്ച് 13ന് അവസാനിക്കുന്ന വൃത്തി 2025 ദേശിയ കോൺക്ലേവിൽ പങ്കെടുക്കാൻ എം ജി ശ്രീകുമാറിനെയും ക്ഷണിച്ചെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഏപ്രിൽ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ​ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും.

ഒരാഴ്ച മുമ്പാണ് എം ജി ശ്രീകുമാറിൻ്റെ വീട്ടില്‍ നിന്ന് കായലിലേയ്ക്ക് മാലിന്യം വലിച്ചെറിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവം വലിയ ചർച്ചയായതോടെ ശ്രീകുമാർ 25000രൂപ പിഴയും അടച്ചു. അണ്ണാന്‍ കടിച്ച മാങ്ങ നിലത്ത് ചിതറിക്കിടന്നപ്പോള്‍ തന്റെ ജോലിക്കാരി പേപ്പറില്‍ പൊതിഞ്ഞ് കായലിലേയ്ക്ക് വലിച്ചെറിഞ്ഞതാണെന്നായിരുന്നു എം ജി ശ്രീകുമാറിൻ്റെ വിശദീകരണം. ചെയ്തത് തെറ്റാണെന്നും കുറ്റം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. മുളവുകാട് പഞ്ചായത്തില്‍ ബോള്‍ഗാട്ടിക്ക് സമീപം ഗായകന്റെ കായലോരത്തെ വീട്ടില്‍ നിന്നായിരുന്നു മാലിന്യം കായലിലേയ്ക്ക് വലിച്ചെറിഞ്ഞത്.

കാലയിലൂടെ യാത്ര ചെയ്ത വിനോദസഞ്ചാരി വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു. മന്ത്രി എം.ബി രാജേഷിനേയും ടാഗ് ചെയ്തിരുന്നു. വീഡിയോയില്‍ ആരാണ് മാലിന്യം വലിച്ചെറിഞ്ഞതെന്ന് വ്യക്തമായിരുന്നില്ല. തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശ പ്രകാരം മുളവുകാട് പഞ്ചായത്ത് അധികൃതര്‍ നടക്കിയ പരിശോധനയില്‍ സംഭവം നടന്നതാണെന്ന് വ്യക്തമായി. തുടര്‍ന്ന് വീട്ടുടമയായ എം ജി ശ്രീകുമാറിന് പിഴ ചുമത്തി നോട്ടീസ് നൽകുകയായിരുന്നു. എം.ജി ശ്രീകുമാർ ചെയ്തത് മാതൃകാപരമായ പ്രവർത്തിയാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *