Your Image Description Your Image Description

മലപ്പുറം: വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കേസിൽ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നരഹത്യ കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണം കൂടുതൽപേരിലേക്ക് വ്യാപിപ്പിക്കുകയാണ് പൊലീസ്. സിറാജുദ്ദീനെ സഹായിച്ചവരെ കുറിച്ചും അന്വേഷിക്കുമെന്ന് മലപ്പുറം എസ്പി ആർ.വിശ്വനാഥ്‌ പറഞ്ഞു.

മരിച്ച അസ്മയുടെ ആദ്യ രണ്ട് പ്രസവം മാത്രമാണ് ആശുപത്രിയിൽ നടന്നത്, മൂന്ന് പ്രസവങ്ങൾ വീട്ടിലുമായിരുന്നു. കുറച്ച് കാലം ഇവർ വളാഞ്ചേരിയിലും താമസിച്ചു. ഇവിടെ വച്ചും പ്രസവം നടന്നിരുന്നെന്ന് എസ്‍പി മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടിലാണ് അസ്മ മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് 6 മണിയോടെയാണ് അസ്മ പ്രസവിച്ചത്. രാത്രി 9 മണിക്ക് മരിച്ചു. പ്രസവശേഷം രക്തസ്രാവം നിർത്താനാവാതെ പോയതാണ് മരണകാരണമായത്. അഞ്ചാമത്തെ പ്രസവമായിരുന്നു അസ്മയുടേത്. മുൻപുള്ള നാലു പ്രസവങ്ങളിൽ രണ്ടെണ്ണവും വീട്ടിലായിരുന്നു. ‌‌

സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ മലപ്പുറം പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾക്കെതിരെ മനഃപൂർവമുള്ള നരഹത്യക്കുറ്റം, തെളിവുനശിപ്പിക്കൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രസവത്തിന് പിന്നാലെ രക്തം വാർന്നാണ് അസ്മ മരിച്ചത് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് യുവതി കരഞ്ഞപേക്ഷിച്ചിട്ടും ഇയാൾ ചെവിക്കൊണ്ടില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകൾ ചുമത്തിയത്. മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചികിത്സ ലഭിച്ചിരുന്നെങ്കിൽ മരണം സംഭവിക്കില്ലായിരുന്നെന്നും ഡോക്ടർമാർ പറയുന്നു. സിറാജുദ്ദീനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളുടെ യുട്യൂബ് ചാനലിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അസ്മ മരിച്ച വിവരം ഭർത്താവും മതപ്രഭാഷകനുമായ സിറാജുദ്ദീൻ യുവതിയുടെ വീട്ടുകാരെ അറിയിച്ചിരുന്നില്ല. ആലപ്പുഴയിലുള്ള ഒരു ബന്ധുവാണ് അസ്മ മരിച്ച വിവരം അറയ്ക്കപ്പടിയിലെ വീട്ടുകാരെ അറിയിച്ചത്. ബാപ്പയുടെ അടുത്തുതന്നെ മറവുചെയ്യണമെന്ന് അസ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് സിറാജുദ്ദീൻ മൃതദേഹം യുവതിയുടെ വീട്ടിലെത്തിച്ചത്. പായയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേ​​ഹം. ഒപ്പം ചോരക്കറ പോലും കഴുകികളയാത്ത നിലയിൽ നവജാത ശിശുവും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *