Your Image Description Your Image Description

വെറുമൊരു ബൈക്കല്ല ബജാജിന്റെ പൾസർ. അതൊരു വികാരമാണ്. ഇന്ത്യൻ മോട്ടോർ സൈക്കിളുകളിലുണ്ടായ വിപ്ലവം എന്നുതന്നെ ഈ മോഡലിനെ വിശേഷിപ്പിക്കാം.പൾസറിന്റെ വരവോടെയാണ് പെർഫോമൻസ് ബൈക്കുകൾ സാധാരണക്കാരിലേക്കെത്തുന്നത്. 2001-ൽ പിറവിയെടുത്ത് 2025-ൽ എത്തി നിൽക്കുമ്പോൾ മറ്റൊരു ചരിത്രം തീർത്തിരിക്കുകയാണ് പൾസർ. വാഹനത്തിന്റെ മൊത്തം വിൽപ്പന രണ്ട് കോടി പിന്നിട്ടിരിക്കുന്നു. 50-ലധികം രാജ്യങ്ങളിലുള്ള വിൽപനയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ലാറ്റിൻ അമേരിക്കയിലെ തിരക്കേറിയ തെരുവുകൾ മുതൽ തെക്കുകിഴക്കൻ ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും ഹൈവേകളിൽ വരെ ബജാജിന്റെ ഈ ഓൾടൈം ഹിറ്റ് മോഡൽ കാണാം.

ആദ്യത്തെ ഒരു കോടി പൾസർ യൂണിറ്റുകൾ വിൽക്കാൻ ബജാജിന് വേണ്ടിവന്നത് 17 വർഷമായിരുന്നു (2001-2018). എന്നാൽ അടുത്ത ഒരു കോടി യൂണിറ്റുകൾ വെറും ആറ് വർഷത്തിനുള്ളിൽ വിറ്റഴിക്കപ്പെട്ടു (2019-2025). പൾസർ എന്ന മോഡലിനെ വാഹനപ്രേമികൾ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് ഈ കണക്കുകൾ. രാജ്യത്ത് പെർഫോമൻസ് ബൈക്കിങ്ങ് കേട്ടുകേൾവി പോലുമില്ലാതിരുന്ന ഒരു കാലത്താണ് 2001-ൽ പൾസറിനെ ബജാജ് അവതരിപ്പിച്ചത്. മസ്കുലാർ ഡിസൈൻ, ശക്തമായ പ്രകടനം, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയാൽ സ്പോർട്സ് ബൈക്കിങ് വിഭാഗത്തിനാണ് പൾസറിലൂടെ ബജാജ് അന്ന് തുടക്കമിട്ടത്.

ആദ്യമായി വിപണിയിലെത്തിയ പൾസർ 150, 180 മോഡലുകൾ ഏറെ ജനപ്രിയമായി മാറിയിരുന്നു. കരുത്തുറ്റ എൻജിനും ആകർഷകമായ രൂപവും പെട്ടെന്നു തന്നെ പൾസറിനെ ഹിറ്റാക്കി. പിന്നീടങ്ങോട്ട് ഈ മോഡലിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പുതിയ മോഡലുകൾ വന്നുകൊണ്ടിരുന്നപ്പോഴും കൂടെ മത്സരിക്കാനുണ്ടായിരുന്നവർ തോറ്റ് പിന്മാറിയപ്പോഴും പൾസർ അജയ്യനായി തുടർന്നു. നിലവിൽ 125 സിസി മുതൽ 400 സിസി വരെയുള്ള 12 പൾസർ മോഡലുകളാണുള്ളത്. N, NS, RS, F, സ്റ്റാൻഡേർഡ് പൾസർ എന്നിങ്ങനെയുള്ള പോർട്ട്ഫോളിയോയിലാണ് വിവിധ മോഡലുകൾ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *