ന്യൂഡൽഹി: പിതംപുരയിൽ ഒരു വൃദ്ധയുടെ നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികളുടെ പുതിയ വെളിപ്പെടുത്തൽ. വിവാഹബന്ധം വേർപെടുത്തിയായ മുഖ്യപ്രതിയുടെ ഭാര്യയ്ക്ക് ജീവനാംശം നൽകാനുള്ള പണം കണ്ടെത്താനാണ് കുറ്റകൃത്യം നടത്തിയതെന്ന് 3 പ്രതികളും സമ്മതിച്ചതായി പോലീസ് വിശദമാക്കി. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും വസ്തുക്കളും കണ്ടെടുത്തതായും ഡൽഹി പോലീസ് അറിയിച്ചു.
മാർച്ച് 31 ന് ആണ് കേസിന് ആസ്പദമായ സംഭവം. 72 വയസുകാരിയായ കംലേഷ് ആറോറ എന്ന സ്ത്രീക്ക് നേരെയാണ് പ്രതികൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഉച്ച കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന വൃദ്ധയോട് കൊറിയർ ഉണ്ടെന്ന് പറഞ്ഞ് ബെൽ അടിക്കുകയായിരുന്നു. വാതിൽ തുറന്നപ്പോഴേക്കും പ്രതികൾ അകത്ത് കയറുകയായിരുന്നു. ഇതിനു ശേഷം വൃദ്ധയെ കഴുത്തു ഞെരിച്ചു. എന്നാൽ ഇത് കണ്ട് മകൾ ഓടിയെത്തി വാതിൽ അടച്ചതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നുണ്ട്. ഇതിനു ശേഷം പ്രതികൾ ബൈക്കിൽ ഓടി രക്ഷപ്പെടപകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ആ വീട്ടിൽ ഒരു വൃദ്ധ മാത്രമാണ് താമസിക്കുന്നതെന്നാണ് കരുതിയിരുന്നതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.
ഭാരതീയ ന്യായ സംഹിത സെക്ഷൻ 309(5)/3(5), ആയുധ നിയമത്തിലെ സെക്ഷൻ 25/27 എന്നിവ പ്രകാരം പ്രതികൾക്കെതിരെ കേസ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും സംഭവസ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ടെന്നും ദില്ലി പൊലീസ് വ്യക്തമാക്കി.
ബുദ്ധ് വിഹാർ ഫേസ്-1 നിവാസിയായ പങ്കജ് (25), മംഗോൾപുരി നിവാസിയായ രാമ സ്വാമി (28), ബുദ്ധ് വിഹാർ ഫേസ്-1 നിവാസിയായ അഭിഷേക് എന്ന ഹർഷ് (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ, വിവാഹമോചനത്തിനുശേഷം ജീവനാംശം നൽകുന്നതിനായാണ് കുറ്റകൃത്യത്തിന് മുതിർന്നതെന്ന് പങ്കജ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഒരു മോട്ടോർ സൈക്കിൾ, നാടൻ തോക്ക്, ബാഗ്, കുറ്റകൃത്യ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തു.