Your Image Description Your Image Description

വിഷുവിന് കണിക്കൊന്നയ്ക്കും കൈനീട്ടത്തിനും പടക്കത്തിനും ഒപ്പം പഴമക്കാരുടെ മനസുകളില്‍ മായാതെ നിലനില്‍ക്കുന്ന ഓര്‍മ്മയാണ് വിഷുപ്പക്ഷിയുടെ മനോഹരമായ പാട്ടുകള്‍. ഇന്നും പലരും വിഷുപ്പക്ഷിയെ കുറിച്ച് വാചാലരാകുന്നത് കാണാം. ഒരുകാലത്ത് നാട്ടിന്‍ പുറങ്ങളില്‍ സുലഭമായി കണ്ടിരുന്ന വിഷുപ്പക്ഷികള്‍ ഇന്ന് അപൂര്‍വമായ കാഴ്ചയായി മാറി. വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണിവ.

വിഷുപ്പക്ഷി എന്നൊരു പക്ഷി ഉണ്ടോ എന്നു പോലും ഇന്നത്തെ തലമുറയ്ക്ക് ഒരു പക്ഷേ അറിവ് ഉണ്ടാവുകയില്ല. വിഷു പക്ഷി, ഉത്തരായണക്കിളി, കതിരു കാണാക്കിളി ,അച്ഛൻ കൊമ്പത്ത് തുടങ്ങി പല പേരുകളിലും ഈ കുയിൽ നാട്ടിൻപുറങ്ങളിൽ അറിയപ്പെടുന്നു. വിഷുക്കാലത്തിന്റെ വരവറിയിച്ചുകൊണ്ട് ഈ പക്ഷികളും നമ്മുടെ നാട്ടിലേക്ക് എത്തിച്ചേരുന്നു.

‘ചക്കയ്ക്കുപ്പുണ്ടോ, അച്ഛന്‍ കൊമ്പത്ത്, അമ്മ വരമ്പത്ത്, കള്ളന്‍ ചക്കേട്ടു, കണ്ടാമിണ്ടണ്ട…’, ഈ ജനപ്രിയ നാടോടിപ്പാട്ട് വിഷുപ്പക്ഷിയുടെ ഓര്‍മകള്‍ അയവിറക്കുന്നു. പ്രധാനമായും വിഷു ഉത്സവകാലത്തിനോട് അടുപ്പിച്ചാണ് ഈ കിളിയുടെ ഗംഭീരശബ്ദം കേട്ടു തുടങ്ങുന്നത് എന്നതിനാലാണ് ഇതിനെ വിഷുപ്പക്ഷി എന്നു വ്യപകമായി വിളിക്കുന്നത്. പ്ലാവുകളില്‍ ചക്ക വിളയുന്ന കാലമാണ് മാര്‍ച്ച് – മെയ് മാസങ്ങള്‍. വീട്ടമ്മമാര്‍ ചക്കപ്പുഴുക്കുണ്ടാക്കുന്ന കാലം. അപ്പോഴാണ് ‘ചക്കയ്ക്കുപ്പുണ്ടോ’ എന്ന മുഴങ്ങുന്ന ഓര്‍മ്മപ്പെടുത്തലുമായി ഈ പക്ഷി എത്തുന്നത്.

വിഷുപക്ഷി, അച്ഛന്‍കൊമ്പത്ത്, ഉത്തരായനക്കിളി, കതിരുകാണാക്കിളി തുടങ്ങി പ്രാദേശികമായ പല പേരുകളിലും ഈ കുയില്‍ അറിയപ്പെടുന്നുണ്ട്. ഇന്ത്യന്‍ കുക്കൂ (Indian Cuckoo) എന്നാണ് ഇംഗ്ലീഷില്‍ പേര്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ഇന്തോനേഷ്യ, ചൈനയുടെ വടക്കെ ഭാഗം, റഷ്യ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. ആണ്‍ പക്ഷിയും പെണ്‍പക്ഷിയും ഒരുപോലെയായിരിക്കും. പെണ്‍പക്ഷിയുടെ കഴുത്തില്‍ ആണ്‍പക്ഷിയെ അപേക്ഷിച്ച് ചെറുതായി മങ്ങിയ ചാര നിറമാണ്.

വളരെ ദൂരേ വരെ ഇവയുടെ ശബ്ദം കേൾക്കാം കണ്ട് മുട്ടാൻ പ്രയാസമാണ്. സാധാരണ ഉയരമുള്ള മരങ്ങളുടെ തുഞ്ച ത്ത് ഇരുന്ന് കൊണ്ടാണ് ഇവ പാടുക. നഗരങ്ങളിൽ നിന്നും നാട്ടിൻ പുറങ്ങളിലേക്ക് ഈ വിഷുക്കാലത്ത് സഞ്ചരിച്ചാൽ ഇത്തരം പക്ഷികളെ കൂടി കാണാം.

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് ഇന്ത്യയില്‍ ഇതിന്റെ മുട്ടയിടുന്ന കാലം. കാക്കയുടേയും മറ്റും കൂട്ടിലാണ് ഇത് മുട്ടയിടുന്നത്. ഇതിന്റെ മുട്ട വിരിയാന്‍ 12 ദിവസമാണ് വേണ്ടത്. വിത്തിറക്കാന്‍ പാകമാക്കിയ നെല്‍പ്പാടങ്ങളുടെ ഓരം ചേര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ക്കു മുകളിലിരുന്ന് ഇവ ഈണത്തില്‍ നീട്ടി കൂകുന്നതിന്നെയാണ് പാട്ടായി മുന്‍തല മുറക്കാര്‍ വിശേഷിപ്പിച്ചു വന്നത്. കാലം മാറുമ്പോള്‍ വിഷുപ്പക്ഷിയുടെ ഓര്‍മകളും മണ്‍മറയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *