Your Image Description Your Image Description

ലക്‌നൗ: ഉത്തർപ്രദേശിൽ ഭാര്യയും ബന്ധുക്കളുംചേർന്ന് തന്നെയും കുഞ്ഞിനെയും നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി യുവാവ്. ബദൗണിൽ നിന്നുള്ള 24 വയസ്സുള്ള രാജ്കുമാർ എന്നയാളാണ് ആരോപണവുമായി രംഗത്തെത്തിയത്. പോലീസിനോടും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനോടും അടിയന്തരമായി ഇടപെടാൻ രാജ്കുമാർ അഭ്യർത്ഥിച്ചു. മീര സരായിയിൽ താമസിക്കുന്ന ഒരു മിഠായി വ്യാപാരിയാണ് രാജ്കുമാർ. ഇയാൾ പറയുന്നതനുസരിച്ച്, ഷേഖുപൂരിൽ നിന്നുള്ള അഫ്രോസ് എന്ന സ്ത്രീയുമായി താൻ പ്രണയത്തിലായി. രാജ്കുമാറിന്റെ മാതാപിതാക്കളെ അറിയിക്കാതെ, അഫ്രോസിന്റെ കുടുംബം ഒരുക്കിയ ഒരു സ്റ്റാമ്പ് പേപ്പർ കരാർ വഴിയാണ് അവരുടെ വിവാഹം നടന്നത്.

എന്നിരുന്നാലും വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾക്ക് ശേഷം ഭാര്യയുടെ വീട്ടുകാർ മതം മാറാൻ സമ്മർദ്ദം ചെലുത്താൻ തുടങ്ങിയെന്ന് രാജ്‌കുമാർ അവകാശപ്പെടുന്നു.’അവർ എന്നെ പള്ളിയിലേക്ക് കൊണ്ടുപോയി, നിർബന്ധിച്ച് നമസ്‌കരിപ്പിക്കുകയും മാംസം കഴിപ്പിക്കുകയും ചെയ്തു, മതം മാറ്റാൻ ഭീഷണിപ്പെടുത്തി. ഒടുവിൽ ഞാൻ വിവാഹമോചനം നേടി’ – യുവാവ് ആരോപിച്ചു. ഭാര്യയുമായി പിന്നീട് അനുരഞ്ജനത്തിലെത്തുകയും ഹിന്ദു ആചാര പ്രകാരം ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകയും ചെയ്തുവെന്ന് രാജ്‌കുമാർ പറഞ്ഞു.

അടുത്തിടെ ഈദ് സമയത്ത് രാജ്കുമാർ അഫ്രോസിന്റെ മാതൃവീട്ടിൽ സന്ദർശിച്ചപ്പോൾ സ്ഥിതി വീണ്ടും വഷളായി. നാല് മാസം പ്രായമുള്ള മകന് മാംസം നൽകുന്നത് കണ്ടതായി അദ്ദേഹം പറയുന്നു. എന്നാൽ അദ്ദേഹം അത് എതിർത്തു. ‘ഞാൻ എതിർത്തപ്പോൾ, അവർ എന്നെ ഇസ്ലാമിലേക്ക് നിർബന്ധിക്കാൻ ശ്രമിച്ചു. ഞാൻ എങ്ങനെയോ എന്റെ കുട്ടിയുമായി രക്ഷപ്പെട്ടു,’ അദ്ദേഹം പറഞ്ഞു. ഇതേതുടർന്ന് യുവാവ് പൊലീസിനെ സമീപിച്ച്, സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ദേശീയ മാദ്ധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുവാവിന്റെ ആരോപണത്തിൽ എത്രത്തോളം വാസ്തവമുണ്ടെന്ന് വ്യക്തമല്ല. അദ്ദേഹത്തിന്റെ പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *