Your Image Description Your Image Description

ഡൽഹി ഹൈക്കോടതിയിൽ നിന്നും സ്ഥലം മാറ്റിയ ജഡ്ജി യശ്വന്ത് വർമ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽ പെടാത്ത പണം കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം ഉണ്ടായത്. നിലവിൽ ജസ്റ്റിസ് യശ്വന്ത് വർമയ്ക്ക് ജുഡീഷ്യൽ ചുമതലകൾ ഉണ്ടാകില്ല. മാര്‍ച്ച് 14-ന് രാത്രിയാണ് ജഡ്ജിയുടെ വീട്ടില്‍ തീപ്പിടിത്തമുണ്ടായത്. അടച്ചിട്ട മുറിയിൽ നിന്ന് കണക്കില്‍പ്പെടാത്ത 15 കോടി രൂപയാണ് കണ്ടെത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

അഗ്‌നിശമന സേനാംഗങ്ങൾ പണം കണ്ടെത്തിയതിനെ തുടർന്ന് അധികാരികാരികളെ വിവരമറിയിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ വർമ വീട്ടിൽ ഉണ്ടായിരുന്നില്ല. വിഷയത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കൊളീജിയം വിളിച്ചു ചേര്‍ത്ത് ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

അതേസമയം, യശ്വന്ത് വർമയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിന്‌ പിന്നാലെ സുപ്രീംകോടതിയിലെ 33 സിറ്റിംഗ് ജഡ്ജിമാരും തങ്ങളുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന നിർണായക തീരുമാനം സുപ്രീംകോടതി സ്വീകരിച്ചിരുന്നു. പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാകുന്നതിന് വേണ്ടി കൂടിയാണിത്. ഈ മാസം ഒന്നിന് ചേർന്ന ഫുൾ കോർട്ട് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത്. ഭാവിയിലും ഈ നടപടി തുടരും. ജുഡീഷ്യൽ സംവിധാനങ്ങളുടെ സുതാര്യത വർധിപ്പിക്കുന്നതിന് കൂടിയാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. നിലവിലെ തീരുമാന പ്രകാരം ജഡ്ജിമാർക്ക് അവരുടെ സ്വത്ത് വിവരങ്ങളുടെ കൃത്യമായ കണക്ക് ബോധിപ്പിക്കണം. ഡാറ്റ സുപ്രീംകോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *