രണ്ടാം ദിവസവും സ്വർണവിലയിൽ വൻ ഇടിവ്. 90 രൂപയാണ് ഇന്ന് ഗ്രാമിന് കുറഞ്ഞത്. പവന് 720 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 8310 രൂപയും പവന് 66480 രൂപയുമായി.വ്യാഴാഴ്ച സർവകാല റെക്കോഡിലെത്തിയതിന് പിന്നാലെയാണ് തുടർച്ചയായി രണ്ടുദിവസവും വില ഇടിഞ്ഞത്. ഇന്നലെ ഗ്രാമിന് 160 രൂപയും പവന് 1280 രൂപയും കുറഞ്ഞിരുന്നു. 67,200 രൂപയായായിരുന്നു ഇന്നലത്തെ പവൻ വില. രണ്ടുദിവസംകൊണ്ട് 2000 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികാര തീരുവ ചുമത്തൽ, വ്യാപാര യുദ്ധത്തിലേക്കും ആഗോളസാമ്പത്തികമാന്ദ്യത്തിലേക്കും നയിക്കുമെന്ന ആശങ്ക ലോക വിപളികളെ ഉലക്കുന്നതാണ് സ്വർണവിലയിലും സ്വാധീനിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങൾക്ക് യു.എസ് കനത്ത തീരുവ ഏർപ്പെടുത്തിയ നടപടിക്ക് പിന്നാലെ യു.എസ് ഓഹരി വിപണിയിൽ കനത്ത ഇടിവുണ്ടായിരുന്നു. കോവിഡ് കാലത്തിന് ശേഷം ഇതാദ്യമായാണ് യു.എസ് വിപണിയിൽ ഇത്രയും വലിയ തിരിച്ചടിയുണ്ടാവുന്നത്. 2020ന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് യു.എസ് ഓഹരി വിപണി അഭിമുഖീകരിക്കുന്നത്.