Your Image Description Your Image Description

മുംബൈ: യശസ്വി ജയ്സ്വാള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ വിട്ട് ഗോവയിലേക്ക് മാറാന്‍ കാരണം മുംബൈ നായകന്‍ അജിങ്ക്യാ രഹാനെയുമായുള്ള ഭിന്നതയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് അടുത്ത സീസണില്‍ ഗോവക്കുവേണ്ടി കളിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജയ്സ്വാള്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് അപേക്ഷ നല്‍കിയത്. മുംബൈയുടെ സ്ഥിരം ഓപ്പണറായിട്ടും ആഭ്യന്തര ക്രിക്കറ്റില്‍ കരുത്തരല്ലാത്ത ഗോവയിലേക്ക് പോകാനുള്ള ജയ്സ്വാളിന്‍റെ തീരുമാനം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. അടുത്ത സീസണില്‍ ഗോവ ക്യാപ്റ്റന്‍ സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ജയ്സ്വാള്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ മുംബൈ ടീം നായകനായ അജിങ്ക്യാ രഹാനെയുമായുള്ള അഭിപ്രായ ഭിന്നത മൂലമാണ് ജയ്സ്വാള്‍ ടീം വിടുന്നതെന്നാണ് വിവരം. 2022ലാണ് രഹാനെയും ജയ്സ്വാളും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയതെന്നാണ് വിവരം. 2022ലെ ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ വെസ്റ്റ് സോണിനായി ജയ്സ്വാള്‍ 323 പന്തില്‍ 263 റണ്‍സ് നേടി തിളങ്ങിയിരുന്നു. എന്നാല്‍ ആ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ സൗത്ത് സോണ്‍ ബാറ്ററായ രവി തേജയെ ജയ്സ്വാള്‍ തുടര്‍ച്ചയായി സ്ലെഡ്ജ് ചെയ്തതിനെ തുടർന്ന് ക്യാപ്റ്റനായ അജിങ്ക്യാ രഹാനെ ജയ്സ്വാളിനെ ഗ്രൗണ്ടില്‍ വെച്ച് താക്കീത് ചെയ്യുകയും പിന്നീട് ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.

ചില മത്സരങ്ങളിലെ ജയ്സ്വാളിന്‍റെ ഷോട്ട് സെലക്ഷനെക്കുറിച്ച് മുംബൈ ടീം മാനേജ്മെന്‍റുമായി ജയ്സ്വാള്‍ പലപ്പോഴും തര്‍ക്കിച്ചിരുന്നു. കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ നാലും ആറും റണ്‍സെടുത്ത് പുറത്തായ ജയ്സ്വളിന്‍റെ പ്രതിബദ്ധതയെ മുംബൈ നായകനായ അജിങ്ക്യാ രഹാനെയും കോച്ച് ഓംകാര്‍ സാല്‍വിയും ചോദ്യം ചെയ്തിരുന്നു. ഇതില്‍ ക്ഷുഭിതനായ ജയ്സ്വാള്‍ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയുടെ കിറ്റ് ബാഗ് ചവിട്ടിത്തെറിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈ ടീം മാനേജ്മെന്‍റ് തന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന രീതിയില്‍ ജയ്സ്വാള്‍ തികച്ചും അസ്വസ്ഥനായിരുന്നുവെന്നും ഇതാണ് ടീം വിടാന്‍ കാരണമെന്നുമാണ് റിപ്പോര്‍ട്ട്. ജയ്സ്വാള്‍ 2019ലാണ് മുംബൈ കുപ്പായത്തില്‍ അരങ്ങേറിയത്.

Leave a Reply

Your email address will not be published. Required fields are marked *