Your Image Description Your Image Description

ന്യൂഡൽഹി: ട്രെയിൻ യാത്രക്കിടെ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ യാത്രക്കാരെ വീണ്ടെടുക്കാൻ സഹായിക്കുന്നതിനുള്ള നീക്കവുമായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെ പുതിയ സംവിധാനം. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്‍റെയും (ആർ.‌പി‌.എഫ്) ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെയും (ഡി‌.ഒ‌.ടി.) സഹകരണത്തോടെയാണ് പുതിയ സംവിധാനം. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഉപകരണങ്ങൾ ട്രാക്ക് ചെയ്തും കൈകാര്യം ചെയ്തും മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിനുള്ള നിർണായക ഡിജിറ്റൽ ഉപകരണമാണ് സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ പോർട്ടൽ. ഇന്ത്യൻ റെയിൽവേയിലുടനീളം ഈ പരിപാടി നടപ്പിലാക്കുന്നത് ദശലക്ഷക്കണക്കിന് ദൈനംദിന യാത്രക്കാർക്ക് ഉപകാരപ്രദമാണ്.

ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ആരംഭിച്ച സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സി.ഇ.ഐ.ആർ) പോർട്ടൽ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകൾ ബ്ലോക്ക് ചെയ്തും ട്രാക്ക് ചെയ്തും കൈകാര്യം ചെയ്തും മൊബൈൽ ഫോണുകൾ വീണ്ടെടുക്കാനുമായി രൂപകൽപ്പന ചെയ്തതാണ്. റെയില്‍വേ സ്റ്റേഷനിലോ ട്രെയിനിലോ വെച്ച് ഫോണ്‍ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ആര്‍.പി.എഫിന്റെയും കമ്മ്യൂണിക്കേഷന്‍ ആപ്പിന്റെയും സഹായത്തോടെ അത് കണ്ടെത്താന്‍ കഴിയുമെന്നും ഫോണ്‍ വീണ്ടെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആപ്പ് വഴി അത് ബ്ലോക്ക് ചെയ്യാനും കഴിയുമെന്നും ഡി.ഒ.ടി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ വ്യക്തമാക്കി.

ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് അടുത്തിടെ ആരംഭിച്ച സഞ്ചാർ സാത്തി ആപ്പ് വഴി നിരവധി സേവനങ്ങൾ ലഭ്യമാണ്. നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനും അവരുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സജീവ നമ്പറുകൾ പരിശോധിക്കാനും സംശയാസ്പദമായ ഇന്റർനെറ്റ് നമ്പറുകളിൽ നിന്നുള്ള കോളുകൾ റിപ്പോർട്ട് ചെയ്യാനും ഈ സർക്കാർ ആപ്പിലൂടെ സാധിക്കുന്നു. അതോടൊപ്പം കേസ് ഫയൽ ചെയ്യാനും ഇതിലൂടെ സാധിക്കുന്നു.

വെബ്‌സൈറ്റിലെ സിറ്റിസൺ സെൻട്രിക് സർവീസ് വിഭാഗത്തിൽ ഈ സവിശേഷതകളെല്ലാം ആക്‌സസ് ചെയ്യാൻ കഴിയും. മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടാലോ, ആരെങ്കിലും മോഷ്‌ടിച്ചാലോ ഈ ആപ്പ് വഴി ഹാന്‍ഡ്‌സെറ്റ് ബ്ലോക്ക് ചെയ്യാൻ സാധിക്കും. ഇങ്ങനെ ബ്ലോക്ക് ചെയ്ത ഡിവൈസുകള്‍ പിന്നീട് അണ്‍ബ്ലോക്ക് ചെയ്യാം. മൊബൈല്‍ സിം കണക്ഷനുകളെ കുറിച്ചറിയാനുള്ള ഓപ്ഷൻ വഴി മറ്റാരെങ്കിലും നിങ്ങളുടെ പേരില്‍ സിം എടുത്തിട്ടുണ്ടോ എന്ന് അറിയുകയും ഇനി അങ്ങനെ ഉണ്ടെങ്കിൽ ആ നമ്പർ ബ്ലോക്ക് ആക്കുകയും ചെയ്യാം.

സ്പാം കോളുകളും മെസേജുകളും റിപ്പോര്‍ട്ട് ചെയ്യാനായി ‘ചക്ഷു’ എന്നൊരു ഓപ്ഷൻ സഞ്ചാര്‍ സാഥിയിലുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുമ്പോള്‍ അവ മുമ്പ് ഏതെങ്കിലും സൈബർ ക്രൈമുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാനും , ഇന്ത്യന്‍ നമ്പറോടെ വരുന്ന അന്താരാഷ്ട്ര കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുമുള്ള ഓപ്ഷനുകൾ സഞ്ചാർ സാഥി ഉപഭോക്താക്കൾക്ക് നൽകുന്നു. സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിൽ പ്രവേശിച്ച് എസ്എംഎസ് വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ആപ്പിൽ നിങ്ങളുടെ പേരും നൽകണം. ശേഷം ആപ്പ് ഉപയോഗിച്ച് തുടങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *