Your Image Description Your Image Description

തിരുവനന്തപുരം: ഇനി വിമാനത്താവളത്തിലെത്തി ഇമിഗ്രേഷനായി മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട, യാത്രക്കാര്‍ക്ക് 30 സെക്കന്റിൽ ഇമിഗ്രേഷന്‍ പൂർത്തിയാക്കാം. ഉടൻ തന്നെ ഈ സംവിധാനം നടപ്പാക്കാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. രണ്ട് മാസത്തിനുളളില്‍ കേന്ദ്രം ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷന്‍- ട്രസ്റ്റഡ് ട്രാവലേഴ്‌സ് പ്രോഗ്രാം(FTI_TTP) നടപ്പിലാക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇതോടെ യാത്രക്കാര്‍ക്ക് 30 സെക്കന്റ് കൊണ്ട് ഇമിഗ്രേഷന്‍ പൂർത്തിയാക്കാൻ കഴിയും.

ഇന്ത്യന്‍ പൗരന്മാര്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഉള്ളവര്‍ക്കും രജിസ്‌ട്രേഷന്‍ ആരംഭിക്കാം. ഇതിനായി പാസ്‌പോര്‍ട്ട്, ബയോമെട്രിക് വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കി രജിസ്റ്റര്‍ ചെയ്യാം.
യാത്രക്കാരുടെ അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാല്‍ വിമാനത്താവളത്തിലെ സാധാരണ മാനുവല്‍ ഇമിഗ്രേഷന്‍ പ്രക്രിയ ഒഴിവാക്കി ഈ- ഗേറ്റുകളിലൂടെ കടന്നുപോകാം. ഇ -ഗേറ്റിലെ ബയോമെട്രിക് സംവിധാനത്തില്‍ മുഖം കാട്ടുകയും ഗേറ്റിലെ സ്‌കാനറുകളില്‍ വിരലുകള്‍ പതിപ്പിക്കുകയും പാസ്‌പോര്‍ട്ടും ബോര്‍ഡിംഗ് പാസും സ്‌കാന്‍ ചെയ്യുകയും വേണം. ഗേറ്റിനടുത്തുള്ള കൗണ്ടറില്‍ പാസ്‌പോര്‍ട്ട് കാട്ടിയാല്‍ ഇമിഗ്രേഷന്‍ സീലും ലഭിക്കും.

30 സെക്കന്റുകൊണ്ട് ഇമിഗ്രേഷൻ നടപടികൾ എല്ലാം പൂർത്തിയാകും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിലവിൽ യാത്ര ചെയ്യാൻ എത്തുന്നവർക്ക് പതിനെട്ടും ഇവിടെ ഇറങ്ങുന്നവര്‍ക്ക് പതിനാറും ഇമിഗ്രേഷന്‍ കൗണ്ടറുകളുണ്ട്. പലപ്പോഴും വലിയ ക്യൂവാണ് ഇവിടെ അനുഭവപ്പെടുന്നത്. ഡിജിറ്റല്‍ സംവിധാനം വരുന്നതോടെ ഈ ക്യൂ ഇല്ലാതാകും. നിലവിൽ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരൂ, ഹൈദരാബാദ്, കൊച്ചി എന്നിവയുള്‍പ്പടെ എട്ട് വിമാനത്താവളങ്ങളിലാണ് ഈ സംവിധാനമുള്ളത്‌.

Leave a Reply

Your email address will not be published. Required fields are marked *