Your Image Description Your Image Description

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തായിരുന്ന കൊച്ചിയിലെ ഐ ബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെയാണ് സുകാന്ത് ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് ശേഷം ഒളിവിലായിരുന്ന ആരോപണ വിധേയനായ ഇയാളെ ഇന്നലെ കേസില്‍ പ്രതി ചേർത്തിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് നീക്കം.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയിൽ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നര ആഴ്ച പിന്നിടുന്നു. മാർച്ച് 24നാണ് പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിൽ മേഘയെ മരിച്ച നിലയിൽ കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസിന് മുന്നിലേക്ക് ചാടുകയായിരുന്നു. പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകൻ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകളാണ് മേഘ. ഈഞ്ചയ്ക്കൽ പരക്കുടിയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഫൊറൻസിക് സയൻസ് കോഴ്‌സ് പൂർത്തിയാക്കിയ മേഘ ഒരു വർഷം മുൻപാണ് എമിഗ്രേഷൻ വിഭാഗത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *