Your Image Description Your Image Description

വിവാദ ആൾദൈവം നിത്യാനന്ദയുടെ പ്രതിനിധി ഐക്യരാഷ്ട്ര സഭയിൽ വരെ എത്തിയത് അവിശ്വസനീയതോടെയാണ് ഇന്ത്യക്കാർ കണ്ടത്. നിത്യാനന്ദയുടെ രാജ്യമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ (യുഎസ്‌കെ) യുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം അംബാസഡർ എന്നവകാശപ്പെട്ട് വിജയപ്രിയ നിത്യാനന്ദ എന്ന യുവതിയാണ് സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള കമ്മിറ്റി (സിഇഎസ്‌സിആർ) സംഘടിപ്പിച്ച ഒരു ചർച്ചയിൽ പങ്കെടുത്തത്. 2023 ഫെബ്രുവരിയിലായിരുന്നു ഈ സംഭവം.

2023 ഫെബ്രുവരി മാസം 22-ന് നടന്ന യുണൈറ്റഡ് നേഷൻസ് മീറ്റിംഗിലായിരുന്നു കൈലാസയുടെ പ്രതിനിധിയായി വിജയപ്രിയ പങ്കെടുത്ത് സംസാരിച്ചത്. സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള 19-ാമത് ഐക്യരാഷ്ട്ര സമിതി (സിഇഎസ്ആർ) യോഗത്തിലാണ് മാ വിജയപ്രിയ നിത്യാനന്ദ എന്ന സ്ത്രീ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ത്തെ പ്രതിനിധീകരിച്ചത്. യുണൈറ്റഡ് നേഷൻസ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത വീഡിയോ പ്രകാരം വിജയപ്രിയ ‘കൈലാസത്തിൽ നിന്നുള്ള സ്ഥിരം അംബാസഡർ’ ആണ്.

സ്വദേശമായ ഇന്ത്യ നിത്യാനന്ദയെ വേട്ടയാടുകയാണെന്ന് പ്രതിനിധി വിജയപ്രദ യോ​ഗത്തിൽ പറഞ്ഞു. തദ്ദേശീയരായ ഗോത്ര വിഭാഗങ്ങളെ പുനരുജ്ജീവിപ്പിച്ചതിന് നിത്യാനന്ദ പീഡനം ഏറ്റുവാങ്ങുകയാണെന്നും സ്വന്തം നാട്ടിൽ നിന്നും നാടുകടത്തപ്പെട്ടതായും അവർ പറഞ്ഞു. ഹിന്ദുവിസത്തിന്റെ ആദ്യ രാജ്യമായ കൈലാസത്തിലേയ്ക്കുള്ള കടന്നുകയറ്റ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

വിജയപ്രിയ നിത്യാനന്ദ ആരാണ്?

സാരി ധരിച്ച് തലപ്പാവ് ധരിച്ച് ആഭരണങ്ങൾ ധരിച്ച് ഐക്യരാഷ്ട്രസഭയുടെ യോഗത്തിൽ പങ്കെടുത്ത ഈ യുവതി സ്വയം പരിചയപ്പെടുത്തിയത് “യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസത്തിന്റെ സ്ഥിരം അംബാസഡർ” എന്നാണ്. വിജയപ്രിയയുടെ ഫേസ്ബുക്ക് പ്രൊഫൈൽ അനുസരിച്ച്, അവർ വാഷിംഗ്ടൺ ഡിസിയിലാണ് താമസിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളിൽ വിജയപ്രിയയുടെ വലതു കൈയിൽ നിത്യാനന്ദയുടെ വലിയ ടാറ്റൂ പതിച്ചിരിക്കുന്നത് കാണാം.

വിജയപ്രിയ മാനിറ്റോബ സർവകലാശാലയിൽ നിന്ന് മൈക്രോബയോളജിയിൽ ബിഎസ്‌സി ഓണേഴ്‌സ് നേടിയതായി ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ പറയുന്നു. 2014 ജൂണിൽ അവർ സർവകലാശാലയുടെ ഡീന്റെ ഓണർ ലിസ്റ്റിൽ ഉണ്ടായിരുന്നു. വിജയപ്രിയയ്ക്ക് നാല് ഭാഷകൾ അറിയാമെന്ന് ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ പരാമർശിക്കുന്നു – ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, ക്രിയോൾ, പിഡ്ജിൻ (ഫ്രഞ്ച് അധിഷ്ഠിതം) എന്നീ ഭാഷകൾ ഈ യുവതിക്ക് കൈകാര്യം ചെയ്യാനാകുമത്രെ. വിജയപ്രിയ നിത്യാനന്ദ രാജ്യത്തിനുവേണ്ടി സംഘടനകളുമായി കരാറുകൾ ഉണ്ടാക്കുന്നുവെന്നാണ് കൈലസയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ പറയുന്നത്.

ആത്മീയതയാണ് സ്വാമി നിത്യാനന്ദയുടെ മുഖമുദ്രയെങ്കിലും ജീവിതത്തിൽ നിറഞ്ഞുനിന്നത് ലൈം​ഗികതയായിരുന്നു. സ്ത്രീകളെ ആകർഷിക്കാൻ പ്രത്യേക കഴിവുതന്നെ നിത്യാനന്ദക്കുണ്ടെന്ന് അദ്ദേഹ​ത്തിന്റെ വിമർശകർ പോലും സമ്മതിക്കും. നിത്യാനന്ദയുടെ ആശ്രമവാസികളിൽ നല്ലൊരു ഭാ​ഗവും അതിസുന്ദരികളായ യുവതികൾ തന്നെയായിരുന്നു. ബലാത്സം​ഗക്കേസിൽ അറസ്റ്റിലാകാതിരിക്കാൻ രാജ്യം വിടുമ്പോഴും ഈ അനുയായികളെ ഒപ്പം കൂട്ടാൻ നിത്യാനന്ദ തയ്യാറായി. പിന്നീട് താൻ സ്ഥാപിച്ച കൈലാസ എന്ന രാജ്യത്തിന്റെ പ്രചാരണത്തിനായി നിത്യാനന്ദ ലോകത്തിന് മുന്നിലേക്ക് അയച്ചതും അതിസുന്ദരികളായ സന്ന്യാസിനിമാരെയായിരുന്നു. സിനിമാ കഥകളെ പോലും വെല്ലുന്നതായിരുന്നു സ്വാമി നിത്യാനന്ദയുടെ ജീവിതം.

തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയ്ക്കടുത്തുള്ള കീഴ്ക്കച്ചിറാപ്പട്ട് എന്ന സ്ഥലത്ത് 1977ലാണ് നിത്യാനന്ദയുടെ ജനനം. രാജശേഖരൻ എന്നാണ് അച്ഛനും അമ്മയും നൽകിയ പേര്. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച രാജശേഖരനു സ്കൂളിൽ പോകാൻ താൽപര്യമുണ്ടായിരുന്നില്ല. ചെറുപ്പം മുതലേ ആത്മീയതയോടാണ് താൽപര്യം. എങ്ങനെയും സന്ന്യാസിയാകണം എന്നാതായിരുന്നു അയാളുടെ ചിന്ത. വീട്ടിൽകഴിയുന്നതിനെക്കാൾ കൂടുതൽ ക്ഷേത്രങ്ങളുടെ പരിസരത്ത് കഴിയാനായിരുന്നു കൊതി.

തിരുവണ്ണാമലൈയിലെത്തുന്ന സന്ന്യാസിമാർ അയാളിൽ വലിയ സ്വാധീനം ചെലുത്തി. അങ്ങനെ 1995ൽ സന്യാസം സ്വീകരിക്കാൻ ചെന്നൈയിലെ രാമകൃഷ്ണ മഠത്തിൽ എത്തി രാജശേഖരൻ. പത്തുവർഷം അവിടെ നിന്നു പഠിച്ചെങ്കിൽ മാത്രമേ സന്യാസം സ്വീകരിക്കാൻ സാധിക്കൂ എന്ന് മനസിലാക്കിയ രാജശേഖരൻ, നാലുവർഷം കൊണ്ട് പഠനം നിർത്തി മടങ്ങി. പിന്നീട് ജിവിക്കാൻ പല പണികൾ ചെയ്തു. എന്നിട്ടും തൃപ്തി വരാതെ ആത്മീയ വഴിയിലേക്ക്തന്നെ തിരിച്ചെത്തി. പവിഴക്കുണ്ട് മലയിൽ സ്ത്രീകൾ നടത്തുന്ന ആശ്രമത്തിൽ ചേർന്നു. അവിടെ സ്ഥിരം തലവേദനകൾ ഉണ്ടാക്കി. ഒടുവിൽ ചതിയിലൂടെ ആശ്രമം തന്നെ കൈക്കലാക്കും എന്ന സ്ഥിതി വന്നതോടെ അയാളെ അവിടെ നിന്നും ആട്ടിപ്പായിച്ചു. പിന്നീട് ആത്മീയ പ്രഭാഷണവും രോഗസൗഖ്യവുമായി മധുരയുടെ തെരുവിലേക്ക്. അവിടെ നിന്ന് ബെംഗളൂരുവിലെ ഒരു ചെട്ടിയാരുടെ രോഗം സുഖപ്പെടുത്താൻ പോയ നിത്യാനന്ദയുടെ ജീവിതം അവിടെ മുതൽ മാറി മറിഞ്ഞു.

ആശ്രമവും സ്വന്തം സാമ്രാജ്യവും

2000ൽ ആശ്രമം തുടങ്ങിയ നിത്യാനന്ദ പ്രശസ്തനാകുന്നത് 2010 ലാണ്. ഒരുകാലത്ത് തെന്നിന്ത്യൻ താരസുന്ദരിയായിരുന്ന നടി രഞ്ജിതയുമായുള്ള കിടപ്പറ ദൃശ്യങ്ങൾ പുറത്തുവന്നതായിരുന്നു അയാളുടെ ജീവിതത്തിലെ രണ്ടാമത്തെ വഴിത്തിരിവ്. എന്നാൽ ആ വർത്തകൾ ദോഷത്തേക്കാൾ ഏറെ നിത്യാനന്ദയ്ക്ക് ഗുണം ചെയ്തുവെന്ന് ചരിത്രം തെളിയിക്കുന്നു. പിന്നീടങ്ങോട്ട് തോഴിമാരായ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഇടയിൽ നിറയുന്ന നിത്യാനന്ദയെയാണ് കണ്ടത്. ഗ്രാഫിക്സിന്റെ സഹായത്തോടെ ഇയാൾ കാട്ടുന്ന കോപ്രായങ്ങൾ സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരുടെ എണ്ണം ലക്ഷങ്ങളാക്കി. അങ്ങനെ ഡിജിറ്റൽ ലോകത്ത് നിത്യാനന്ദ നിറഞ്ഞാടി. ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണു യുവതികളെ ആശ്രമത്തിൽ പ്രവേശിപ്പിച്ചിരുന്നത്. താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ഉണർവാണു താൻ ഭക്തർക്കു നൽകുന്നതെന്നായിരുന്നു നിത്യാനന്ദയുടെ വാദം.

എപ്പോഴും സുന്ദരികളായ പെൺകുട്ടികളെയും സ്ത്രീകളെയും ഒപ്പം നിർത്തി മഠത്തിലേക്ക് ഇയാൾ പൊതുജനങ്ങളെ ആകർഷിച്ചു. നെഗറ്റിവ് പബ്ലിസിറ്റി മുതലെടുത്തുകൊണ്ടുള്ളതായിരുന്നു മുന്നോട്ടു പോക്ക്. അപ്പോഴും ആശ്രമത്തിനുള്ളിൽനടക്കുന്ന കാര്യങ്ങൾ അതീവരഹസ്യമായി തുടർന്നു. പീഡനങ്ങളും സാമ്പത്തിക തട്ടിപ്പുകളും കൊലപാതകങ്ങളും അടക്കം ആരെയും നടുക്കുന്ന കാര്യങ്ങൾ ആശ്രമത്തിനുള്ളിൽ പതിവായി. കൂടെ നിന്നവർ തന്നെ ശത്രുവായതോടെയാണ് നിത്യാനന്ദയുടെ യഥാർഥ മുഖം ലോകം അറിഞ്ഞുതുടങ്ങിയത്.

2019-ലാണ് ലൈം​ഗികാരോപണക്കേസിൽ, കോടതി സമൻസ് അവഗണിച്ച് നിത്യാനന്ദ ഇന്ത്യ വിട്ടത്. താനും അനുയായികളും ഇക്വഡോറിൽ നിന്ന് ഒരു ദ്വീപ് വാങ്ങിയതായി പിന്നീട് ഈ ആൾദൈവം അവകാശപ്പെട്ടു. പക്ഷേ, എല്ലാം വെറും കള്ളമാണെന്നാണ് തുടർന്നു പുറത്തു വന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.

നിത്യാനന്ദ അമേരിക്കയിൽ എവിടെയോ ആണെന്നും ഇക്വഡോറിനടുത്തുള്ള ദ്വീപല്ല കൈലാസ എന്നും ഇതയാളുടെ സ്വന്തമല്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥർ പറയുന്നത്. ”അയാൾ കാലിഫോർണിയയിലാണ്. ഇയാൾക്ക് സാൻ ജോസിൽ ഒരു വലിയ ഓഫീസ് ഉണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. കരീബിയൻ ദ്വീപുകളിലെ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നിത്യാനന്ദയും അയാളുടെ കുറേ അനുയായികളും ആളുകളും താമസിക്കാൻ സ്ഥലം അന്വേഷിക്കുകയാണ്”, ഒരു ഉദ്യോഗസ്ഥൻ മണികൺട്രോളിനോട് പറഞ്ഞു.

ഈ വിവാദ ആൾദൈവം ഇക്വഡോറിന്റെ അതിർത്തിയോട് ചേർന്നുള്ള ഒരു ദ്വീപും സ്വന്തമാക്കിയിട്ടില്ല എന്ന് ഇക്വഡോർ നേരത്തെ തന്നെ ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്ന് ന്യൂഡൽഹിയിലെ ഇക്വഡോർ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ മണികൺട്രോളിനോട് പറഞ്ഞു. “ഇക്കാര്യത്തിൽ ഞങ്ങൾക്ക് കൂടുതൽ ഒന്നും വിശദീകരിക്കാനില്ല, നിത്യാനന്ദ ഞങ്ങളുടെ രാജ്യത്തോ ഞങ്ങളുടെ അടുത്ത് എവിടെയെങ്കിലുമോ ഇല്ല,” ഒരു കോൺസുലർ ഉദ്യോഗസ്ഥൻ പറഞ്ഞു.

നിത്യാനന്ദ തന്റെ രുദ്ര കന്യാസ് (ശിവഭക്തർ) എന്നു വിളിക്കുന്ന സന്യാസിനികൾ കൈലാസത്തിന് നിയമപരമായ അം​ഗീകാരം ലഭിക്കാൻ ശ്രമിച്ചു വരികയാണ്. അമേരിക്കയിലെ മുപ്പതോളം പട്ടണങ്ങളിൽ ഇവർ പ്രചാരണത്തിനിറങ്ങി എന്നാണ് റിപ്പോർട്ടുകൾ. ന്യൂജേഴ്സിയിലെ പട്ടണങ്ങളിലൊന്നായ നെവാർക്ക്, കൈലാസയെ സഹോദര നഗരമായി പ്രഖ്യാപിച്ചിരുന്നു. കൈലാസയുടെ പ്രതിനിധികളെ നെവാർക്ക് സിറ്റി ഹാളിലേക്ക് മേയർ റാസ് ബറാക്ക ക്ഷണിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ കൈലാസ യഥാർത്ഥ രാജ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്തു. സഹോദര ന​ഗരം ആക്കാനുള്ള കരാറിൽ ഒപ്പുവെച്ച് ദിവസങ്ങൾക്ക് ശേഷം നെവാർക്ക് സിറ്റി കൗൺസിൽ കരാർ റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്.

നിത്യാനന്ദയുടെ സാങ്കൽപിക രാജ്യത്തിന്റെ പ്രതിനിധി ഐക്യരാഷ്ട്രസഭയുടെ യോഗത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസത്തിലെ സ്ഥിരം അംബാസഡർ എന്ന് അവകാശപ്പെട്ടെത്തിയ വിജയപ്രിയ നിത്യാനന്ദ എന്ന സ്ത്രീയാണ് 19-ാമത് യുഎൻ മീറ്റിംഗിൽ പങ്കെടുക്കാനെത്തിയത്. കൈലാസയെ ‘ഹിന്ദുമതത്തിൻറെ പ്രഥമ പരമാധികാര രാഷ്ട്രം’ എന്നാണ് വിജയപ്രിയ വിശേഷിപ്പിച്ചത്. എന്നാൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ പ്രതിനിധികൾ സംസാരിച്ച എന്തെങ്കിലും കാര്യങ്ങൾ തങ്ങൾ രേഖകളിൽ ചേർക്കില്ലെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *