Your Image Description Your Image Description

ഭോപ്പാൽ: മദ്ധ്യപ്രദേശ് സർക്കാരിന്റെ പുതിയ മദ്യനയം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ. സംസ്ഥാനത്തെ 19 ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന നഗരങ്ങളിൽ മദ്യം നിരോധിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ജനുവരി 25ന് ആണ് പുതിയ മദ്യനയം പ്രഖ്യാപിച്ചത്. പുതിയ എക്സൈസ് നയം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് സംസ്ഥാന ധനകാര്യ, എക്സൈസ് മന്ത്രി ജഗദീഷ് ദിയോഡ പറഞ്ഞിരുന്നു. ഉയർന്ന തീവ്രതയുള്ള മദ്യത്തിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതും പുതിയ തരം നാടൻ മദ്യം അവതരിപ്പിക്കുന്നതും ഉൾപ്പെടെയുള്ള സാമൂഹിക മാറ്റത്തിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് മന്ത്രി പറഞ്ഞത്.

സംസ്ഥാനത്തെ 19 ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന നഗരങ്ങളിൽ മദ്യം വിൽക്കുന്നതും വാങ്ങുന്നതും പൂർണ്ണമായും നിരോധിക്കുന്നതും പുതിയ മദ്യനയത്തിൽ ഉൾപ്പെടുന്നു. ഉജ്ജൈൻ, ഓംകാരേശ്വർ, മഹേശ്വര്, മണ്ഡലേശ്വർ, ഓർക്കാ, മൈഹാർ, ചിത്രകൂട്, ദാതിയ, പന്ന, മണ്ഡല, മുൽതായ്, മന്ദ്സൗർ, അമർകണ്ടക്, സൽക്കൻപൂർ, ബർമാൻ കലാൻ, ലിംഗ, ബർമാൻ ഖുർദ്, കുന്ദൽപൂർ, ബന്ദക്പൂർ തുടങ്ങിയ നഗരങ്ങളിലാണ് മദ്യവിൽപ്പന നിരോധിച്ചിരിക്കുന്നത്. പുതിയ നയം അനുസരിച്ച്, 2025 ഏപ്രിൽ 1 മുതൽ ഈ പ്രദേശങ്ങളിൽ വൈൻ ഔട്ട്‌ലെറ്റുകൾക്ക് ലൈസൻസ് നൽകുകയോ പ്രവർത്തിക്കാൻ അനുവദിക്കുകയോ ചെയ്യില്ല. പുതിയ മദ്യനയം പ്രാബല്യത്തിൽ വന്നതോടെ ഈ നഗരങ്ങളിലെ 47 മദ്യശാലകൾ അടച്ചുപൂട്ടി.

സർക്കാരിന്റെ പുതിയ തീരുമാനത്തെ അഭിനന്ദിച്ച് ആത്മീയനേതാക്കൾ രംഗത്തെത്തി. രാമായണി കുടി ആശ്രമം മഹന്ത് റാം ഹൃദയ് ദാസ് മദ്ധ്യപ്രദേശ് സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ചു. ‘സർക്കാരിന്റെ പുതിയ മദ്യനയത്തെ സ്വാഗതം ചെയ്യുന്നു. മദ്ധ്യപ്രദേശ് സർക്കാരിന് അഭിനന്ദനം അറിയിക്കുന്നു. പുതിയ നിയമം സർക്കാർ കൃത്യമായ രീതിയിൽ നടപ്പാക്കുമെന്ന് വിശ്വസിക്കുന്നു’- ഹൃദയ് ദാസ് പറഞ്ഞു. 2025-26 ൽ ‘ലോ ആൽക്കഹോളിക് ബിവറേജ് ബാർ’ എന്ന പുതിയ വിഭാഗം അവതരിപ്പിക്കും. ഈ ലൈസൻസ് പ്രകാരം, പരമാവധി 10% ആൽക്കഹോൾ ഉള്ളടക്കമുള്ള ബിയർ, വൈൻ, റെഡി-ടു-ഡ്രിങ്ക് ആൽക്കഹോളിക് പാനീയങ്ങൾ മാത്രമേ റസ്റ്റോറന്റുകളിൽ ഉപയോഗിക്കാൻ അനുവദിക്കൂ. സ്പിരിറ്റ് ഉപഭോഗം കർശനമായി നിരോധിക്കുമെന്നും നയത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *