Your Image Description Your Image Description

തിരുവനന്തപുരം: ആശാ വർക്കർമാരെ മൂന്നാം വട്ടവും ചർച്ചയ്ക്ക് വിളിച്ച് സംസ്ഥാന സർക്കാർ. നാളെ വൈകിട്ട് മൂന്ന് മണിക്ക് ആരോഗ്യ മന്ത്രി വീണ ജോർജുമായാണ് ചർച്ച. ആവശ്യങ്ങളിൽ ഉറച്ച് നിൽക്കുമെന്ന തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് സമരസമിതി നേതാക്കളുടെ നിലപാട്. വൈകിട്ട് മൂന്നിന് എൻ എച്ച് എം ഓഫീസിൽ വെച്ചാണ് ചർച്ച. ആശമാരെ പിന്തുണയ്ക്കുന്ന മുഴുവൻ സംഘടനകളുമായും ആരോഗ്യമന്ത്രി ചർച്ച നടത്തും. സമരക്കാർക്കൊപ്പം തൊഴിലാളി സംഘടനകളായ സിഐടിയു-ഐഎൻടിയുസി നേതാക്കളെയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്.

ആശാവര്‍ക്കര്‍മാരുടെ സമരം ഇന്ന് 52 ആം ദിവസത്തിലേക്ക് കടന്നു. സമാന്തരമായി നടക്കുന്ന നിരാഹാരസമരം 13ആം ദിവസത്തിലേക്കും കടന്നു. മൂന്ന് ദിവസത്തിനിടെ സമര സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്നലെ അറിയിച്ചിരുന്നു. ഡൽഹിയിലെത്തി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആശമാരുടെ ഇൻസെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയതായാണ് വീണ ജോർജ് പറഞ്ഞത്. എന്നാൽ, ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാനം നിലപാട് വ്യക്തമാക്കണമെന്നാണ് സമര സമിതിയുടെ ആവശ്യം.

സർക്കാരിൽ നിന്നും വ്യക്തമായ ഉറപ്പ് ലഭിച്ചാൽ മാത്രമേ സമരത്തിൽ നിന്നും പിന്മാറുകയുള്ളു എന്നാണ് സമരക്കാരുടെ നിലപാട്. അതിനിടെ ആശാ സമരത്തിന് ഏത് നിലയില്‍ പിന്തുണ നല്‍കണമെന്ന കാര്യം ആലോചിക്കാന്‍ ഐഎന്‍ടിയുസി നേതൃയോഗം ഇന്ന് ചേരും. നാളെ സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍റെ നേതൃത്തില്‍ നേതാക്കള്‍ സമരപ്പന്തലില്‍ എത്തി, പിന്തുണ ഔദ്യോഗികമായി അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *