Your Image Description Your Image Description

മുംബൈ: ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ അന്തരിച്ച രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തിലെ വിവരങ്ങള്‍ പുറത്ത്. കോടികള്‍ മൂല്യമുള്ള സ്വത്തുക്കള്‍ ഇനി ആര്‍ക്ക് ലഭിക്കുമെന്ന ചർച്ച നേരത്തെ മുതൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിന് പിന്നാലെ തന്നെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ അധികമൊന്നും പുറത്തുവന്നിരുന്നില്ല. 2024 ഒക്ടോബര്‍ ഒന്‍പതിനാണ് ടാറ്റ വിടവാങ്ങിയത്. മരണത്തിനു മുമ്പ് തന്നെ തന്റെ കോടികൾ മൂല്യമുള്ള സാമ്രാജ്യം ആരെ ഏൽപ്പിക്കണമെന്ന് രത്തൻ ടാറ്റയ്ക്ക് നിശ്ചയമുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കോടതി രേഖകള്‍ ഉദ്ധരിച്ച് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് എക്കണോമിക് ടൈംസ്.

ടാറ്റായുടെ 3800 കോടി മൂല്യം കണക്കാക്കുന്ന സ്വത്തു വകകളുടെ സിംഹഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാവും വിനിയോഗിക്കുകയെന്നാണ് റിപ്പോർട്ട്. രത്തന്‍ടാറ്റ എന്‍ഡോവ്‌മെന്റ് ഫൗണ്ടേഷന്‍, രത്തന്‍ടാറ്റ എന്‍ഡോവ്‌മെന്റ് ട്രസ്റ്റ് എന്നിവയ്ക്കാവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി രത്തന്റെ സ്വത്തുവകകളുടെ സിംഹഭാഗവും ലഭിക്കുക. അവശേഷിക്കുന്ന സ്വത്തുവകകളുടെ മൂന്നിലൊന്ന് ഭാഗം വീതം രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരിമാരായ ഷിറീന്‍ ജജീഭോയ്, ഡെയാന ജജീഭോയ് എന്നിവര്‍ക്കാകും ലഭിക്കുക. ബാങ്കുകളിലുള്ള സ്ഥിര നിക്ഷേപങ്ങള്‍, ഓഹരികളും കടപ്പത്രങ്ങളും അടക്കമുള്ളവ, വാച്ചുകള്‍, പെയിന്റിങ്ങുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന 800 കോടിരൂപ വിവവരുന്ന സ്വത്തുക്കളുടെ ഭാഗമാണ് അര്‍ധസഹോദരിമാര്‍ക്ക് ലഭിക്കുന്നത്.

അവശേഷിക്കുന്ന മൂന്നിലൊന്ന് ഭാഗം രത്തന്‍ ടാറ്റയുമായി വളരെ അടുപ്പമുണ്ടായിരുന്ന ടാറ്റാ ഗ്രൂപ്പ് മുന്‍ ജീവനക്കാരി മോഹിനി എം ദത്തയ്ക്കാവും ലഭിക്കുകയെന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ടുചെയ്യുന്നത്. ജൂഹു ബംഗ്ലാവിന്റെ ഒരുഭാഗവും ആഭരണങ്ങളുടെ ഒരുഭാഗവും അദ്ദേഹത്തിന്റെ ജീവിച്ചിരിക്കുന്ന ഒരേയൊരു അനന്തരാവകാശിയായ ജിമ്മി നവല്‍ ടാറ്റയ്ക്ക് ലഭിക്കും. അലിബാഗിലെ സ്വത്തുക്കളും രത്തന്‍ ടാറ്റയുടെ മൂന്ന് തോക്കുകളും അടക്കമുള്ളവ അടുത്ത സുഹൃത്ത് മെഹ്‌ലി മിസ്ത്രിയ്ക്ക് ലഭിക്കും. രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയിരുന്ന മറ്റ് ഓഹരികള്‍ അടക്കമുള്ളവ രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ഫൗണ്ടേഷനും രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ട്രസ്റ്റിനും തുല്യമായി വീതിച്ചുനല്‍കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഇതു കൂടാതെ 12 ലക്ഷം രൂപയുടെ ഫണ്ട് അരുമമൃഗങ്ങളുടെ സംരക്ഷണത്തിനായി അദ്ദേഹം മാറ്റിവെച്ചിട്ടുണ്ട്. അവരുടെ ആവശ്യങ്ങള്‍ക്കായി മൂന്ന് മാസം കൂടുംതോറും 30,000 രൂപവീതം ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. രത്തന്‍ ടാറ്റയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ആയിരുന്ന ശന്തനു നായിഡു എടുത്ത സ്റ്റുഡന്റ് ലോണ്‍ എഴുതിത്തള്ളും. രത്തന്‍ ടാറ്റയുടെ അയല്‍ക്കാരനായ ജേക്ക് മാലൈറ്റ് എടുത്ത പലിശരഹിത വിദ്യാഭ്യാസ ലോണും എഴുതിത്തള്ളുമെന്നാണ് കോടതി രേഖകള്‍ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. സ്വത്തുവകകള്‍ ലഭിക്കുന്നത് സംബന്ധിച്ച നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇവരെല്ലാം ബോംബേ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വില്‍പത്രത്തിന്റെ ആധികാരികതയടക്കം കോടതി ഉറപ്പാക്കിയ ശേഷമാവും തുടര്‍നടപടികള്‍.

Leave a Reply

Your email address will not be published. Required fields are marked *